പുതുവർഷത്തെ വരവേൽക്കാം; രാത്രി പന്ത്രണ്ടിനുശേഷം ആഘോഷം വേണ്ടാ.


 

പാലക്കാട്: പുതുവർഷത്തെ വരവേൽക്കാൻ ഗ്രാമങ്ങളഉം നഗരങ്ങളും ഒരുങ്ങി. നവവത്സരാശംസകളേകി വഴിയോരങ്ങളിൽ അലങ്കാരദീപങ്ങൾ തെളിഞ്ഞുതുടങ്ങി. ഫുട്ബോൾ ആവേശത്തിനുപിന്നാലെ വീണ്ടും ഒരുത്സവത്തിന്റെ പ്രതീതിയാണ് എല്ലായിടത്തും

31-ന് വൈകീട്ടോടെ ആഘോഷങ്ങൾ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്‌ യുവജനങ്ങൾ. വർണക്കടലാസുകൾ നിരത്തിയും വർണപ്പൊടികൾ വാങ്ങിക്കൂട്ടിയും പുതുവർഷം അടിച്ചുപൊളിക്കാനുള്ള ഒരുക്കത്തിലാണിവർ. എന്നാൽ, ആഘോഷലഹരിയിൽ പൊതുവഴിയിൽ പടക്കംപൊട്ടിച്ചാൽ പിടിവീഴും. റോഡിൽ എഴുത്തുനടത്തുന്നവർക്കെതിരെയും കർശന നടപടിയുണ്ടാവും. രാത്രി 12-നുശേഷം ഒരുതരത്തിലുള്ള ആഘോഷങ്ങളും അനുവദിക്കില്ലെന്നാണ് ജില്ലാപോലീസ് മേധാവിയുടെ മുന്നറിയിപ്പ്.

ആഘോഷങ്ങൾ അതിരുവിടല്ലേ...

പുതുവർഷം അടിപൊളിയാക്കാൻ സുരക്ഷയൊരുക്കി പോലീസും സജീവമാണ്. ആഘോഷം അതിരുവിട്ടാൽ പിടിവീഴും. അനിഷ്ടസംഭവങ്ങൾ ഇല്ലാതിരിക്കാൻ പതിവിലും കൂടുതൽ പോലീസ് സംഘത്തെയാണ് ഇത്തവണ ജില്ലയിൽ വിന്യസിക്കുന്നത്.

എട്ടു ഡിവൈ.എസ്.പി.മാർ, 25 ഇൻസ്പെക്ടർമാർ, 125 എസ്.ഐ.മാർ, 800 പോലീസുകാർ, 90 വനിതാപോലീസുകാർ തുടങ്ങി ആയിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിവിധഭാഗങ്ങളിൽ സജ്ജമാക്കിയിരിക്കുന്നത്.

ലഹരി വേണ്ടാ

കണ്ണടച്ച് ഇരുട്ടാക്കൽ ഇത്തവണ നടപ്പില്ല. ക്ലബ്ബുകളിലും ഹോട്ടലുകളിലും ഡി.ജെ.പാർട്ടികളിലുമെല്ലാം പോലീസിന്റെ നോട്ടമുണ്ടാകും. മയക്കുമരുന്നും ലഹരിവസ്തുക്കളും ഉപയോഗിക്കുന്നത്‌ ശ്രദ്ധയിൽപ്പെട്ടാൽ നടപടി പതിവിലും കഠിനമാകും.

മുൻകരുതലിനായി വിവിധസ്ഥാപനങ്ങൾക്ക്‌ മുന്നറിയിപ്പുനോട്ടീസ് നൽകിയിട്ടുണ്ട്. പുതുവർഷരാവിൽ രഹസ്യാന്വേഷണവിഭാഗത്തിന്റെയും പോലീസിന്റെയും ക്യാമറക്കണ്ണുകളും സജീവമായിരിക്കും.

24 മണിക്കൂർ കൺട്രോൾ റൂം

ക്രിസ്‌മസ്-പുതുവത്സര കാലങ്ങളിലെ സ്പിരിറ്റ് കടത്ത്, അനധികൃത മദ്യനിർമാണം, അനധികൃത മദ്യവിൽപ്പന, വ്യാജവാറ്റ്, മയക്കുമരുന്ന് കടത്ത്, ഡി.ജെ പാർട്ടികളിൽ മയക്കുമരുന്ന് ഉപയോഗം എന്നിവ തടയുന്നതിന് എക്സൈസും പോലീസും ജനുവരി മൂന്നുവരെ ജില്ലയിൽ പ്രത്യേക പരിശോധന നടത്തും.

ജില്ലാ എക്സൈസ് ഡിവിഷൻ ഓഫീസിൽ 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്

Tags

Below Post Ad