‘ബുദ്ധമയൂരി’യുടെ ചിത്രം പകർത്തി ചാലിശ്ശേരി സ്‌കൂൾ വിദ്യാർഥി ക്രിസ്റ്റിലിൻ

 



കൂറ്റനാട്: അപൂർവമായി കാണുന്ന ‘ബുദ്ധമയൂരി’യെന്ന ചിത്രശലഭത്തെ തിരിച്ചറിഞ്ഞ് ചിത്രമെടുത്ത് ചാലിശ്ശേരി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ എട്ടാംക്ലാസ് വിദ്യാർഥി ക്രിസ്റ്റിലിൻ. സംസ്ഥാനത്തിന്റെ ഔദ്യോഗിക ചിത്രശലഭമായി ‘ബുദ്ധമയൂരി’യെ (മലബാർ ബാൻഡഡ് പീകോക്) 2019 മാർച്ചിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു.

പരിസ്ഥിതിദിനത്തിൽ ബുദ്ധമയൂരിയെപ്പറ്റി അധ്യാപകർ ചിത്രംകാണിച്ച് വിവരണം നൽകിയിരുന്നു. ‘ബുദ്ധമയൂരി’ വീട്ടുമുറ്റത്തെത്തിയപ്പോൾ ഉടൻതന്നെ അമ്മയുടെ ഫോണിൽ ഫോട്ടോയെടുക്കയായിരുന്നു.

ചാലിശ്ശേരി മെയിൻറോഡ് മേക്കാട്ടുകുളം റെജി-വിൻസി ദമ്പതിമാരുടെ മകളാണ് ക്രിസ്റ്റിലിൻ.

മയൂര വർണമുള്ള മനോഹര ചിത്രശലഭമാണ് ബുദ്ധമയൂരി. കിളിവാലൻ ശലഭങ്ങളായ  പാപ്പിലിയോനിഡെയിൽ ഉൾപ്പെടുന്നു.  9- 10 സെന്റീ മീറ്റർ ചിറകു വിടർത്തു വീതിയുള്ള ഇവ വളരെ വേഗത്തിൽ ചിറകടിച്ച് പറക്കുന്നവ ആണ്. 

ചിറകിന്റെ  മുകൾ ഭാഗം കറുത്തതാണ്. നീലിമ കലർന്ന്  മിന്നിത്തിളങ്ങുന്ന,  പച്ച നിറത്തിലുള്ള വീതിയാർന്ന  പട്ട ഇരു ചിറകുകളിലേക്കും പടർന്ന് കാണാം. പിൻ‌ചിറകിൽ നീണ്ട ചെറു വാലുണ്ടാകും. പിൻചിറകുകളുടെ അരികിലൂടെ നേരിയ മഞ്ഞനിറത്തിലുള്ള കുത്തുകൾ കാണാം

പശ്ചിമ ഘട്ടത്തിൽ മാത്രം കാണപ്പെടുന്ന അപൂർവ്വ ചിത്രശലഭമായ ഇതിനെ 1972 ലെ ഇന്ത്യൻ വന്യ ജീവി സംരക്ഷണ നിയമത്തിൽ ഷെഡ്യൂൾ 2 പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിച്ചിരിക്കുകയാണ്

Tags

Below Post Ad