കൂറ്റനാട്: കൂറ്റനാട് സെന്ററിൽ തകർന്ന ശുദ്ധജലവിതരണ പൈപ്പുകളുടെ നവീകരണപ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു. പൈപ്പിൽ വലിയ വിള്ളൽ സംഭവിച്ച ഭാഗം ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ താഴ്ഭാഗത്തായതിനാൽ ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ബസ്‍ കാത്തിരിപ്പുകേന്ദ്രം പൊളിച്ചുമാറ്റേണ്ടിവന്നു.
റോഡ് പൊളിഞ്ഞുകിടക്കുന്ന ഭാഗം വഴി ചെറുവാഹനങ്ങൾക്ക് മാത്രമാണ് റോഡ് സുരക്ഷാവിഭാഗം യാത്രാനുമതി നൽകിയിട്ടുള്ളത്.
40 വർഷങ്ങൾക്കുമുമ്പ് കമ്മിഷൻ ചെയ്ത പാവറട്ടി കുടിവെള്ള പദ്ധതിയുടെ രണ്ട് മീറ്റർ വ്യാസമുള്ള കാസ്റ്റൽ അയൺ നിർമിത പൈപ്പുകളാണ് പൊട്ടിയത്.
കൂറ്റനാട്-തൃത്താല റോഡ് മണ്ണിട്ടുയർത്തിയാണ് നവീകരിച്ചത്. ഇതോടെ പൈപ്പുകൾ വലിയ ആഴത്തിലായി. നവീകരണം നടന്നതോടെ നാല് മീറ്ററിലധികം ആഴത്തിലാണ് പൈപ്പുകൾ കടന്നുപോകുന്നത്. പൈപ്പുകൾ പൊട്ടിയാൽ ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് ചിന്തിക്കാതിരുന്നതും ഉദ്യോഗസ്ഥരുടെ ദീർഘവീക്ഷണമില്ലായ്മയുമാണ് ലക്ഷങ്ങൾ നഷ്ടം വരാനിടയാക്കിയതെന്ന് കൂറ്റനാട്ടുകാർ പറയുന്നു.
ശനിയാഴ്ച രാത്രി എട്ടോടെയാണ് കൂറ്റനാടിനെ വിറപ്പിച്ച് പൈപ്പ് പൊട്ടിയത്. വ്യാപാരികൾ കടകൾ അടയ്ക്കുന്നതിനിടെയായിരുന്നു അപകടം. ഇതോടെ കടകളിലേക്ക് വെള്ളം ഇരച്ചുകയറി.
ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ തകർച്ചയും 350 മീറ്റർ ദൂരത്തോളം റോഡ് വിണ്ടുകീറിയതും ഗതാഗതം തടസ്സപ്പെട്ടതുമാണ് ഇപ്പോഴത്തെ പ്രയാസം. പൈപ്പ് പൊട്ടിയതോടെ അപ്രതീക്ഷിതമായാണ് ആറ് കടകൾ ഭാഗികമായി വെള്ളത്തിൽ മുങ്ങിയത്.
പൊന്നാനി-പാലക്കാട് പാതയും പെരുമ്പിലാവ്-നിലമ്പൂർ പാതയും സംഗമിക്കുന്നത് കൂറ്റനാട് സെന്ററിലാണ്. ഏറ്റവും പ്രധാനപ്പെട്ടതും തിരക്കേറിയതുമായ ഇവിടെ നാല് മീറ്റർ ആഴത്തിലും രണ്ട് മീറ്റർ വ്യാസത്തിലും പൈപ്പുകൾ റോഡിന് കുറുകേ കടന്നുപോയിട്ടുണ്ടെന്ന് അപകടം നടന്നപ്പോൾ മാത്രമാണ് പലർക്കും മനസ്സിലാകുന്നത്.
45 കോടിയോളം രൂപ ചെലവഴിച്ച് അടുത്ത് നടക്കാനിരിക്കുന്ന പെരുമ്പിലാവ്-നിലമ്പൂർ പാതയുടെ നവീകരണത്തിൽ ഇത്തരത്തിൽ സുരക്ഷിതമല്ലാത്ത പഴയ കാലത്തെ പൈപ്പുകളും മറ്റും മാറ്റിസ്ഥാപിക്കണമെന്നാണ് കച്ചവടക്കാരുടെയും പ്രദേശവാസികളുടെയും ആവശ്യം