ആലപ്പുഴ: ആലപ്പുഴയില്‍ ഹൗസ് ബോട്ട് മുങ്ങി വിനോദ സഞ്ചാരി മരിച്ചു. ആന്ധ്ര പ്രദേശ് സ്വദേശിയായ രാമചന്ദ്ര റെഡ്ഡി (55) ആണ് മരിച്ചത്.
ബോട്ടിലുണ്ടായിരുന്ന മറ്റു നാലു പേരെ രക്ഷപ്പെടുത്തി. ഹൗസ് ബോട്ടിന്റെ അടിത്തട്ടിലെ പലക തകര്‍ന്ന് വെള്ളം കയറിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. പള്ളാത്തുരുത്തി ചുങ്കം കന്നിട്ട ബോട്ട് ജെട്ടിക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന വൈറ്റ് ഓര്‍ക്കിഡ് എന്ന ബോട്ടാണ് മുങ്ങിയത്. നാല് യാത്രക്കാരും ഒരു ജീവനക്കാരനുമാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്.
തൊട്ടപ്പുറത്തുള്ള ബോട്ടിലെ ജീവനക്കാരാണ് ഈ നാല് പേരെയും പുറത്തെത്തിച്ചത്. ഉടനെത്തന്നെ ഫയര്‍ ഫോഴ്‌സും ടൂറിസം പൊലീസും എത്തി.
രാമചന്ദ്ര റെഡ്ഡിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മകന്‍ രാജേഷ് റെഡ്ഡി, ബന്ധുക്കളായ നരേന്ദര്‍, നരേഷ്, ബോട്ട് ജീവനക്കാരനായ സുനന്ദനന്‍ എന്നിവരാണ് അപകടത്തില്‍ പെട്ടത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.