മുളക് വില കിലോക്ക് 300 കടന്നു; മാവേലി സ്റ്റോറിൽ വൻ തിരക്ക്


 

തൃത്താല : പൊതുവിപണിയിൽ വറ്റൽ മുളകുവില 300 രൂപ കടന്നതോടെ സപ്ലൈകോ സ്റ്റോറുകളിൽ വൻതിരക്ക്. സ്റ്റോറുകളിൽ മുളകെത്തിയാൽ ഉടനെ തീരുന്ന സ്ഥിതി. തിരക്കുകാരണം  ഇതുവാങ്ങാൻ അതിരാവിലെ  വരി തുടങ്ങുന്ന സ്ഥിതിയാണ്

തൃത്താല മേഖലയിലെ മാവേലി സ്റ്റോറുകളിൽ മുളക് വന്ന ആദ്യ ദിവസം തന്നെ വിറ്റ് തീർന്നു. മുളകുണ്ടോ എന്ന് ചോദിച്ച് വരുന്നവരാണ് കൂടുതലുമെന്ന് ജീവനക്കാർ പറഞ്ഞു.മറ്റു സാധനങ്ങളുണ്ടെങ്കിലും മുളകിനാണ് ആവശ്യക്കാർ കൂടുതൽ.

ഒരു കാർഡ് ഉടമയ്ക്ക് സബ്സിഡി നിരക്കിൽ അരക്കിലോ മുളകാണ് കിട്ടുക. 39 രൂപയാണിതിന് സപ്ലൈകോയിൽ.

സബ്സിഡിയില്ലാതെ 280 രൂപയ്ക്ക് ഒരുകിലോവരെ നൽകിയിരുന്നതാണ്.ലഭ്യത കുറഞ്ഞപ്പോൾ പരിമിതപ്പെടുത്തിയതാണെന്ന് സപ്ലൈകോ അധികൃതർ പറഞ്ഞു.

ഒരുവർഷം മുൻപുവരെ 160, 180 രൂപ നിലവാരത്തിൽ ഉണ്ടായിരുന്നത് കഴിഞ്ഞ ഫെബ്രുവരിയിലാണ് 200 കടന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് വിളവെടുപ്പ്. ഈ സമയങ്ങളിൽ വിലകുറയുകയാണ് പതിവ്.

കഴിഞ്ഞതവണ ഉത്പാദകസംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കം വന്നതിനാലാണ് വിലകൂടിയത്. ബ്രാൻഡഡ് മുളകുപൊടിക്ക് കിലോയ്ക്ക് 330 മുതലാണ് വില.

Tags

Below Post Ad