പാലക്കാട്: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ.) നിരോധനത്തെത്തുടർന്ന് സംഘടന നടത്തിയ ഹർത്താലിൽ, പൊതുമുതൽ നശിപ്പിച്ചതിന്റെ നഷ്ടം ഈടാക്കാനുള്ള നടപടി തുടങ്ങി. പട്ടാമ്പി ഉൾപ്പടെ ജില്ലയിലെ 16 പി.എഫ്.ഐ. നേതാക്കളുടെ വീടുകളിൽ റവന്യൂവിഭാഗം ജപ്തിനോട്ടീസുകൾ പതിപ്പിച്ചുതുടങ്ങി.
പി.എഫ്.ഐ. മുൻ സംസ്ഥാനസെക്രട്ടറിയും ഹർത്താലിന് ആഹ്വാനം ചെയ്ത് കോഴിക്കോട്ട് പത്രസമ്മേളനം നടത്തുകയും ചെയ്ത പട്ടാമ്പി മരുതൂർ കപ്പങ്ങത്തൊടി അബ്ദുൾ റൗഫ്, പി.എഫ്.ഐ. പുതുനഗരം ഡിവിഷൻ പ്രസിഡൻറും ആർ.എസ്.എസ്. പ്രാദേശികനേതാവ് എലപ്പുള്ളി സഞ്ജിത്ത് വധക്കേസ് പ്രതിയുമായ ബാവ എന്നിവരുൾപ്പെടെയുള്ളവരുടെ വീടുകളിലാണ് ജപ്തിനോട്ടീസ് പതിച്ചത്.
പട്ടാമ്പി താലൂക്കിലെ പട്ടിത്തറ പാറയിൽവളപ്പിൽ മൊയ്‌തീൻ ഷാ, പട്ടാമ്പി കുന്നത്തൊടി മുഹമ്മദാലി, മുതുതല വേളകാട്ടിൽ അബ്ദുൽ ബഷീർ, വിളയൂർ കാളച്ചാൽ വീട്ടിൽ മൊയ്തീൻകുട്ടി എന്നിവരുടെ വീടുകളിലാണ് റവന്യൂ അധികൃതർ ജപ്തിനോട്ടീസ് പതിച്ചത്.
ഹർത്താലിലുണ്ടായ നാശനഷ്ടങ്ങൾക്കു പരിഹാരമായി പി.എഫ്.ഐ. നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടണമെന്ന ഹൈക്കോടതിയുടെ കർശനനിർദേശത്തെ തുടർന്നാണ് ജില്ലയിലും കളക്ടറുടെ മേൽനോട്ടത്തിൽ നടപടി സ്വീകരിച്ചത്.
പാലക്കാട്, മണ്ണാർക്കാട്, ഒറ്റപ്പാലം, പട്ടാമ്പി, ആലത്തൂർ താലൂക്കുകളിലാണ് റവന്യൂസംഘമെത്തിയത്.
പി.എഫ്.ഐ. പുതുനഗരം ഡിവിഷൻ പ്രസിഡന്റ് ബാവയുടെ ആലത്തൂർ പള്ളിപ്പറമ്പിലെ അഞ്ചേകാൽ സെന്റ് സ്ഥലവും വീടും പി.എഫ്.ഐ. പ്രവർത്തകൻ കിഴക്കഞ്ചേരി പുന്നപ്പാടം കാജാഹുസൈന്റെ 60 സെന്റ് കൃഷിസ്ഥലവുമാണ് ജപ്തിചെയ്യുക.
പാലക്കാട് താലൂക്കിൽ മണ്ണൂർ, പാലക്കാട് (ഒന്ന്, രണ്ട്), എലപ്പുള്ളി എന്നീ വില്ലേജുകളിൽനിന്നായി നാലുപേരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടുന്നത്. ഒറ്റപ്പാലം താലൂക്കിലെ ചളവറ മാട്ടാല ഹൗസ് അബ്ദുൾസലാമിന്റെ ഒൻപത് സെന്റ് സ്ഥലം, പി.എഫ്.ഐ. ഷൊർണൂർ മുൻ ഏരിയാപ്രസിഡന്റ് ഷൊർണൂർ മാട്ടുമ്മൽ യാസർ അബ്ദുൾകരീമിന്റെ ഗണേശ്ഗിരിയിലുള്ള 5.90 സെന്റ് സ്ഥലവും ജപ്തിചെയ്യുമെന്നറിയിച്ച് നോട്ടീസ് പതിപ്പിച്ചു.
മണ്ണാർക്കാട് താലൂക്കിലെ മൂന്ന് വില്ലേജുകളിലായുള്ള മൂന്ന് നേതാക്കളുടെ സ്വത്തുക്കളാണ് ജപ്തി ചെയ്യുന്നത്. കോട്ടോപ്പാടം-രണ്ട്, കോട്ടോപ്പാടം-മൂന്ന് വില്ലേജുകളിലും കാരാകുറിശ്ശി വില്ലേജിലും ശനിയാഴ്ച ജപ്തിനടപടികൾ നടക്കും.
സബ് കളക്ടർമാർ, തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ എന്നിവരാണ് നേതൃത്വം നൽകിയത്. നടപടികൾ സംബന്ധിച്ച് ശനിയാഴ്ച റിപ്പോർട്ട് തയ്യാറാക്കും.
പോപ്പുലർ ഫ്രണ്ട് ഹർത്താൽ; പട്ടാമ്പിയിലെ നേതാക്കളുടെ വീടുകളിൽ ജപ്തി നോട്ടീസുകൾ പതിപ്പിച്ചു
ജനുവരി 21, 2023