പൊന്നാനി: ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച യുവാവിനെ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തി അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ യുവതിയും ഭർത്താവിന്റെ സുഹൃത്തും ഉൾപ്പെടെ രണ്ട് പേരെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു.
പട്ടമാർ വളപ്പിൽ നസീമ (44), ഭർത്താവിന്റെ സുഹൃത്ത് കളത്തിൽ വളപ്പിൽ അലി (55) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതി നസീമയാണ്.
കഴിഞ്ഞ പതിനാലാം തീയതിയാണ് കേസിന് ആധാരമായ സംഭവം. പരാതിക്കാരനായ തിരൂർ സ്വദേശിയെ നസീമ നരിപ്പറമ്പിലുള്ള വാടകവീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് പ്രതികൾ ചേർന്ന് യുവാവിനെ അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ആദ്യം 50,000 രൂപ ആവശ്യപ്പെട്ടു. എന്നാൽ തുക നൽകാൻ കഴിയാത്തതിനാൽ, യുവാവ് സുഹൃത്തിൽ നിന്ന് കടം വാങ്ങി 25,000 രൂപ പ്രതികളുടെ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി കൈമാറിയതായാണ് പരാതി.
ഇതിനുശേഷം വീണ്ടും പണം ആവശ്യപ്പെട്ടതോടൊപ്പം, പരാതിക്കാരൻ ജോലി ചെയ്യുന്ന സ്ഥലത്തും വീട്ടിലും എത്തുമെന്ന് പ്രതികൾ നിരന്തരം ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.ഭീഷണികളുടെ പശ്ചാത്തലത്തിൽ ഗത്യന്തരം ഇല്ലാതെ പരാതിക്കാരൻ പൊന്നാനി പൊലീസിനെ സമീപിക്കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പൊന്നാനി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.പൊന്നാനി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.അഷറഫിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സി.വി. ബിബിൻ,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പ്രശാന്ത് കുമാർ,സുധീഷ്, രതിക, സിവിൽ പൊലീസ് ഓഫീസർമാരായ മന്മഥൻ, സൗമ്യ എന്നിവർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് കേസിന്റെ അന്വേഷണം നടത്തുന്നത്.അറസ്റ്റിലായ പ്രതികളെ പൊന്നാനി കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിച്ചു.കേസിൽ തുടർ അന്വേഷണം പുരോഗമിക്കുകയാണ്
