ചാലിശ്ശേരി : കലാസംവിധാനത്തിന് സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ച്, ഗ്രാമത്തിൻ്റെ യശസ്സുയർത്തിയ അജയൻ ചാലിശ്ശേരിയെ ഡിസം.30ന് ഗ്രാമം ആദരിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ കൂറ്റനാട് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു..
ചാലിശ്ശേരിയിലെ കലാ-കായിക- സാംസ്കാരിക സംഘടനകളും, ഉത്സവാഘോഷ കമ്മിറ്റികളും വ്യാപാരികളും കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ചേർന്നാണ് ഡിസംബർ 30ന് ചാലിശ്ശേരി മിനി അൻസാരി ഓഡിറ്റോറിയത്തിൽ ജന്മനാടിൻ്റെ ആദരം സംഘടിപ്പിക്കുന്നത്.
രാവിലെ മുതൽ വൈകുന്നേരം വരെ നീണ്ടു നിൽക്കുന്ന പരിപാടികളാണ് ആദര സദസ്സിന് ഒരുക്കുന്നത്. മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖർ പങ്കെടുക്കും.
കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന 23 കലാകാരന്മാർ പങ്കെടുക്കുന്ന ചിത്രരചനാ ക്യാമ്പ് രാവിലെ തുടങ്ങും. ഇവർക്ക് അജയൻ ചാലിശ്ശേരി ക്യാൻവാസും ബ്രഷും വിതരണം ചെയ്യും.
ആർടിസ്റ്റ് മണികണ്ഠൻ പുന്നയ്ക്കൽ ക്യാമ്പിന് നേതൃത്വം നൽകും. പൊതുജനങ്ങൾക്ക് ക്യാമ്പ് സന്ദർശിക്കാൻ സൗകര്യം ഒരുക്കും.
വൈകുന്നേരം 4.30ന് ചാലിശ്ശേരി മെയിൻ റോഡിൽ നിന്ന് അജയനേയും റിയൽ മഞ്ഞുമ്മൽ ബോയ്സിനേയും മലയാള സിനിമയിലെ പ്രമുഖരേയും തുറന്ന ജീപ്പിൽ ആനയിച്ച് വേദിയിലേക്ക് വരവേൽക്കും. വാദ്യമേളങ്ങളോടെ വരവേറ്റ ശേഷം അനുമോദന സദസ്സ് നടക്കുമെന്ന് ഭാരവാഹികളായ മണികണ്ഠൻ പുന്നയ്ക്കൽ, വി.കെ സുബ്രമണ്യൻ,പി.ബി സുനിൽകുമാർ, കെ.കെ പ്രഭാകരൻ, ഇ.കെ മണികണ്ഠൻ എന്നിവർ പറഞ്ഞു.
