വളാഞ്ചേരി : പുതുവത്സര ദിനത്തില്‍ നോവായിമാറി വളാഞ്ചേരി റീജണൽ കോളജ് വിദ്യാർഥികളുടെ ഉല്ലാസ യാത്ര. വിനോദയാത്ര പോയത് തങ്ങളുടെ അനുമതിയില്ലാതെയെന്ന് കോളജ് അധികൃതർ.
ക്രിസ്മസ് അവധിയായതിനാൽ കോളജ് പ്രവർത്തിക്കുന്നില്ല. കോളജ് ഇത്തരമൊരു യാത്ര സംഘടിപ്പിച്ചിട്ടില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു.
അപകടത്തിൽ മരിച്ച മിൽഹാജ് വളാഞ്ചേരി ആതവനാട് സ്വദേശിയാണ്. വളാഞ്ചേരിയിലെ ഒരു ക്ലബ്ബുമായി സഹകരിച്ചാണ് വിദ്യാർഥികൾ ടൂർ സംഘടിപ്പിച്ചതെന്നാണ് സൂചന.
മറ്റൊരു കോളജിലെ വിദ്യാർഥികളും യാത്രയിൽ ഉണ്ടെന്നാണ് അറിഞ്ഞതെന്നും പ്രിൻസിപ്പൽ സന്തോഷ് പറഞ്ഞു.
ഇന്ന് പുലർച്ചെയോടെയാണ് അടിമാലിയിൽ ബസ് അപകടത്തിൽപ്പെട്ടത്. തിങ്കൾക്കാട്ടെ കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണംവിട്ട ബസ് 70 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരും പൊലീസും ചേർന്ന് ഏറെ നേരമെടുത്താണ് വാഹനത്തിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.
ഇന്ന് രാവിലെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് വാഹനത്തിനടിയിൽ കുടുങ്ങിയ നിലയിൽ മിൽഹാജിനെ കണ്ടെത്തിയത്.
ഡ്രൈവറുടെ പരിചയക്കുറവും അശ്രദ്ധയുമാണ് അപകടകാരണമായതെന്ന് മോട്ടോര്‍ വാഹന വകുപ്പ് പറഞ്ഞു. രാത്രി യാത്രക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം അവഗണിച്ചു.പ്രാഥമിക പരിശോധനയില്‍ വാഹനത്തിന് മറ്റ് തകരാറുകള്‍ ഇല്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ ആര്‍ ടി ഒ പറഞ്ഞു.