ചങ്ങരംകുളം:ആരോഗ്യവകുപ്പിലെ ഉദ്ധ്യോഗസ്ഥനെന്ന വ്യാജേനെ ഹോട്ടലുകളിൽ കയറി പരിശോധന നടത്തുകയായിരുന്ന യുവാവിനെ ജീവനക്കാർ തടഞ്ഞ് വച്ച് പോലീസിന് കൈമാറി.
വ്യാഴാഴ്ച വൈകിയിട്ട് നാല് മണിയോടെ ചങ്ങരംകുളം ചിയ്യാനൂർ പാടത്ത് ആണ് സംഭവം.സംസ്ഥാന പാതയോരത്തെ റസ്റ്റോറന്റുകളിൽ കയറി ആരോഗ്യ വകുപ്പ് ഉദ്ധ്യോഗസ്ഥൻ ആണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇയാൾ പരിശോധന തുടർന്നത്.
പരിശോധനക്ക് എത്തിയ യുവാവ് മദ്യപിച്ചത് ശ്രദ്ധയിൽ പെട്ട ജീവനക്കാരാണ് ഇയാളെ ചോദ്യം ചെയ്തത്.എന്നാൽ തിരുവനന്തപുരത്ത് നിന്ന് പ്രത്യേക പരിശോധനക്കായി എത്തിയതാണെന്നാണ് ഇയാൾ ജീവനക്കാരോട് പറഞ്ഞത്.
ഉദ്ധ്യോഗസ്ഥ തലങ്ങളിൽ നിന്ന് അത്തരം ഒരു പരിശോധക്ക് ആരും എത്തിയിട്ടില്ലെന്ന അറിയിപ്പ് ലഭിച്ചതോടെ ജീവനക്കാർ ഇയാളെ കൂടുതൽ ചോദ്യം ചെയ്യുകയായിരുന്നു.
തുടർന്ന് ഇയാൾ കാണിച്ച ഐഡി കാർഡും വ്യാജമാണെന്ന് തോന്നിയതോടെ കടയുടമകൾ ചങ്ങരംകുളം പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു.
പോലീസെത്തി ചോദ്യം ചെയ്തതോടെ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇയാൾ പറഞ്ഞത്.ഇതോടെ ചങ്ങരംകുളം പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.സംഭവത്തിൽ എടപ്പാൾ സ്വദേശി രാജേഷ് എന്നയാൾക്കെതിരെ പോലീസ് കേസെടുത്തു.