ഡല്‍ഹി: രാജ്യം ഇന്ന് 74ാം റിപബ്ലിക് ദിനം ആഘോഷിക്കും. ഈജിപ്ത് പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് അല്‍സിസിയാണ് മുഖ്യാതിഥി. അതീവ സുരക്ഷയിലാണ് രാജ്യം.
45000 കാണികൾ പരേഡ് കാണാൻ കർത്തവ്യപഥിൽ ഒത്തുകൂടും. രാജ്യത്തിന്‍റെ കരുത്തും സാംസ്‌കാരിക വൈവിധ്യവും വിവിധ രംഗങ്ങളില്‍ കൈവരിച്ച നേട്ടങ്ങളും വിളിച്ചോതുന്നതാണ് റിപ്പബ്ലിക് ദിന പരേഡ്.
സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിലെ വിവിധ വകുപ്പുകളുടെയും ടാബ്ലോകൾ, കുട്ടികളുടെ സാംസ്‌കാരിക പ്രകടനങ്ങൾ, മോട്ടോർ സൈക്കിൾ അഭ്യാസങ്ങൾ എന്നിവ ആഘോഷത്തിന്‍റെ പ്രൗഢി കൂട്ടും.
ആവേശം പകരാൻ വ്യോമസേനയുടെ അഭ്യാസ പ്രകടനങ്ങളും ഉണ്ടാകും. 23 ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ 50 വിമാനങ്ങൾ അണിനിരക്കും. പുതിയ പാർലമെന്‍റ് മന്ദിരം നിർമിക്കുന്ന തൊഴിലാളികൾക്കും റിക്ഷക്കാർക്കുമാണ് വി.ഐ.പി ഗാലറിയിലേക്ക് ക്ഷണം.
കനത്ത സുരക്ഷയിൽ കേരളത്തിലും ഇന്ന് റിപ്പബ്ലിക് ദിനാഘോഷം നടക്കും. സംസ്ഥാനതല ചടങ്ങ് നടക്കുന്ന തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സുരക്ഷാക്രമീകരണം പൂർത്തിയായി. രാവിലെ ഒമ്പതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തും.