തൃത്താല : വിമർശനങ്ങളെ അതിന്റെ വഴിക്ക് വിടാനും മുഖ്യമന്ത്രി പിണറായി വിജയന് ഏർപ്പെടുത്തിയ സുരക്ഷ അതേരീതിയിൽ തുടരാനും പൊലീസിൽ തീരുമാനം.
മുഖ്യമന്ത്രിക്കായി പൊലീസ് ഒരുക്കുന്ന അമിത സുരക്ഷക്കെതിരെ വ്യാപക ആക്ഷേപമുയർന്നെങ്കിലും സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിലാണ് പൊലീസ്.
വിമർശനങ്ങൾ കടുത്തപ്പോൾ മുഖ്യമന്ത്രിതന്നെ ഇക്കാര്യത്തിൽ പൊലീസിനോട് വിശദീകരണം തേടിയിരുന്നു. എന്നാൽ, അത്തരത്തിലുള്ള നടപടികളൊന്നുമുണ്ടായിട്ടില്ലെന്ന മട്ടിലുള്ള വിശദീകരണമാണ് പൊലീസ് ഉന്നതർ നൽകിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ ഭീഷണി നേരിടുന്ന വ്യക്തിയാണെന്നും സംസ്ഥാനത്ത് നടക്കുന്ന പ്രക്ഷോഭങ്ങളുൾപ്പെടെ കണക്കിലെടുത്ത് ഇന്ന് തൃത്താല മണ്ഡലത്തിലെത്തുന്ന മുഖ്യമന്ത്രിക്ക് കർശന സുരക്ഷ ഉറപ്പുവരുത്തിയേ മതിയാകൂവെന്നുമാണ് പൊലീസ് തീരുമാനം.
മുഖ്യമന്ത്രിയുടെ സന്ദർശനത്തിൻ്റെ ഭാഗമായി തൃത്താലയിൽ യൂത്ത് കോൺഗ്രസ് നേതാവ് എ.കെ ഷാനി ബിനെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി.
തദ്ദേശസ്വയംഭരണവകുപ്പ് ഏകീകരണത്തിനു ശേഷമുള്ള ആദ്യ സംസ്ഥാനതല തദ്ദേശദിനാഘോഷം ശനിയാഴ്ച രാവിലെ 10-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും.
ചാലിശ്ശേരി അൻസാരി കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനാവും. മന്ത്രി കെ. കൃഷ്ണൻകുട്ടി മുഖ്യാതിഥിയാകും. എം.പി. മാരായ വി.കെ. ശ്രീകണ്ഠൻ, രമ്യാ ഹരിദാസ്, ഇ.ടി. മുഹമ്മദ് ബഷീർ, മുൻ മന്ത്രി പാലോളി മുഹമ്മദ്കുട്ടി എന്നിവർ വിശിഷ്ടാതിഥികളാകും.
തൊഴിൽസഭയും പ്രത്യേകപരിപാടികളുടെ പ്രഖ്യാപനവും പുതിയ ക്രൂസ് ഉത്പന്നങ്ങളുടെ പുറത്തിറക്കലും നടക്കും. ശേഷം ‘നോ ടു ഡ്രഗ്‌സ്’ എന്ന ഹ്രസ്വചിത്രത്തിന്റെ പ്രദർശനവുമുണ്ടാകും.
‘സുതാര്യവും കാര്യക്ഷമവുമായ സേവനങ്ങൾ ഉറപ്പാക്കൽ’ എന്നവിഷയത്തിലുള്ള പൊതുസെഷൻ മന്ത്രി കെ. രാജൻ ഉദ്ഘാടനംചെയ്യും.
മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനാവും. വിവിധ വിഷയങ്ങളിൽ സെമിനാറുകൾ നടക്കും. മുലയംപറമ്പ് മൈതാനിയിലെ പ്രദർശന-വിപണന-ഭക്ഷ്യ-പുഷ്പമേളയിൽ രാവിലെ 10 മുതൽ രാത്രി ഒമ്പതുവരെ ജനങ്ങൾക്കു സന്ദർശിക്കാം. പ്രവേശനം സൗജന്യമാണ്. വെള്ളിയാങ്കല്ലിൽ ഡി.ടി.പി.സി.യുടെ കയാക്കിങ് ഫെസ്റ്റും ശനിയാഴ്ച തുടങ്ങും.