ചാലിശ്ശേരി : മുഖ്യമന്ത്രിയുടെ സന്ദർശനത്തിൻ്റെ ഭാഗമായി തൃത്താലയിൽ യൂത്ത് കോൺഗ്രസ് നേതാവ് എ.കെ ഷാനിബിനെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി.
ഇന്ന് രാവിലെ 6 മണിക്കാണ് ഷാനിബിനെ ചാലിശ്ശേരി പോലീസ് വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. 151 സി ആർ പി സി വകുപ്പ് പ്രകാരമുള്ള കരുതൽ തടങ്കലാണെന്നാണ് പോലീസ് വിശദീകരണം.
പുറത്ത് ആയിരം പേര് ഉള്ളപ്പോൾ എത്ര പേരെ നിങ്ങൾ തടവിൽ വയ്ക്കും, ജയിലറക്കുള്ളിൽ എത്രകാലം അടച്ചിട്ടാലും മഹാരാജാവിനെതിരെ പ്രതിഷേധിച്ച് കൊണ്ടേയിരിക്കുമെന്ന് ഷാനിബ് പോലീസ് സ്റ്റേഷനിൽ നിന്നും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും കൂറ്റനാട് പിലാക്കാട്ടിരി സ്വദേശിയുമായ ഷാനിബിനെ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെപിഎം ഷെരീഫ്, നാഗലശ്ശേരി പഞ്ചായത്ത് മെമ്പർ സലീം എന്നിവരെയും ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ ആക്കിയിട്ടുണ്ട്
മുഖ്യമന്ത്രിക്കായി പൊലീസ് ഒരുക്കുന്ന അമിത സുരക്ഷക്കെതിരെ വ്യാപക ആക്ഷേപമുയർന്നെങ്കിലും സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിലാണ് പൊലീസ്.
മുഖ്യമന്ത്രി പിണറായി വിജയൻ ഭീഷണി നേരിടുന്ന വ്യക്തിയാണെന്നും സംസ്ഥാനത്ത് നടക്കുന്ന പ്രക്ഷോഭങ്ങളുൾപ്പെടെ കണക്കിലെടുത്ത് ഇന്ന് തൃത്താല മണ്ഡലത്തിലെത്തുന്ന മുഖ്യമന്ത്രിക്ക് കർശന സുരക്ഷ ഉറപ്പുവരുത്തിയേ മതിയാകൂവെന്നുമാണ് പൊലീസ് തീരുമാനം.