ചെന്നൈ: പ്രശസ്ത പിന്നണി ഗായികയും പദ്മഭൂഷൺ ജേതാവുമായ വാണി ജയറാം (77) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി നൂറുകണക്കിന് ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടിയിട്ടുണ്ട്.
ഇക്കഴിഞ്ഞ റിപബ്ലിക് ദിനത്തിലാണ് പദ്മഭൂഷൺ പുരസ്കാരം തേടിയെത്തിയത്.
തമിഴ്നാട്ടിലെ വെല്ലൂരിൽ 1945ലായിരുന്നു ജനനം. കലൈവാണി എന്നായിരുന്നു യഥാർഥ പേര്. സലിൽ ചൗധരിയുടെ സംഗീത സംവിധാനത്തിൽ 'സ്വപ്നം' എന്ന ചിത്രത്തിലെ 'സൗരയൂഥത്തിൽ വിടർന്നൊരു...' എന്ന ഗാനമാണ് മലയാളത്തിൽ അവർ ആദ്യം ആലപിച്ചത്.
ചെന്നൈ നുങ്കംപാക്കത്തെ വീട്ടിൽ നിലത്തുവീണു കിടക്കുന്ന നിലയിലാണ് ഗായിക വാണി ജയറാമിനെ കണ്ടത്. നെറ്റിയിൽ മുറിവുണ്ടായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നെന്നാണ് റിപ്പോർട്ട്.
ഭർത്താവ് ജയറാമിന്‍റെ മരണശേഷം മൂന്ന് വർഷമായി തനിച്ചായിരുന്നു വാണി ജയറാം കഴിഞ്ഞിരുന്നത്. ഇന്ന് രാവിലെ 11ഓടെ വീട്ടുജോലിക്കാരി എത്തിയപ്പോൾ വാതിൽ തുറന്നിരുന്നില്ല. ബന്ധുക്കളും അയൽവാസികളും ചേർന്ന് വിളിച്ചിട്ടും വാതിൽ തുറന്നില്ല. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു.
പൊലീസ് എത്തി വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് നിലത്ത് വീണുകിടക്കുന്ന നിലയിൽ വാണി ജയറാമിനെ കാണുന്നത്. നെറ്റിയിൽ മുറിവുണ്ടായിരുന്നു. വീണപ്പോൾ ടീപ്പോയിൽ തലയിടിച്ച് പരിക്കേറ്റതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റിയിരിക്കുകയാണ്.