വളാഞ്ചേരി: 'ഒട്ടേറെ സ്വപ്‌നങ്ങൾ ബാക്കിയാക്കിയാണ് അവൻ പോയത്. ഇനി ഞങ്ങൾ എന്തിന് ജീവിക്കണം...' വളാഞ്ചേരി വട്ടപ്പാറ വളവിലെ അപകടത്തിൽ മരിച്ച മണ്ണാർക്കാട് കോട്ടോപ്പാടം ചിറ്റടി മേലുവീട്ടിൽ ശരത് മേനോന്റെ അച്ഛൻ സേതുമാധവൻ വല്ലാത്ത ഇടർച്ചയോടെയാണ് ഇതുപറഞ്ഞത്.
മരണമെടുത്ത ഈ ഒരേയൊരു മകന്റെ സ്വപ്‌നങ്ങൾ തന്നെയായിരുന്നു റിട്ട.പോസ്റ്റ് മാസ്റ്ററായ സേതുമാധവന്റെയും ഭാര്യ പ്രീതയുടെയും സ്വപ്‌നങ്ങൾ.
'ബുധനാഴ്ച രാത്രി മാഹിയിലെത്തിയപ്പോൾ ഫോണിൽ വിളിച്ചുസംസാരിച്ചതാണ്. അവന്റെ വിവാഹാലോചനകൾ നടക്കുന്നുണ്ടായിരുന്നു. അത് വേഗം നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു ഞങ്ങൾ. ഇനി ഒന്നുമില്ലല്ലോ...' ഒരച്ഛന്റെ വേദനകൾ മുഴുവൻ ആ കണ്ണുകളിൽ നിറഞ്ഞു.
ബെംഗളൂരുവിലെ സ്വകാര്യകമ്പനിയിൽ മാനേജരായ ശരത് ദിവസങ്ങൾക്കുമുമ്പ് നാട്ടിൽ അവധിക്കെത്തിയതായിരുന്നു. അപ്പോഴാണ് കൂട്ടുകാരുമായിച്ചേർന്ന് പുതിയൊരു ബിസിനസ് സംരംഭം തുടങ്ങിയത്.
നാസികിൽനിന്ന് സവാള കൊണ്ടുവരുന്ന ഏജൻസി. സവാള കൊണ്ടുവരാനായി ഒരാഴ്ചമുമ്പ് കൊച്ചിയിൽനിന്ന് വിമാനംവഴി പോയി. നാസികിൽനിന്ന് സവാള കയറ്റിവന്ന ലോറിയിൽ പുണെയിൽനിന്നാണ് ശരത് കയറുന്നത്. അങ്ങനെ വരുംവഴിയാണ് ബുധനാഴ്ച രാത്രി മാഹിയിലെത്തിയപ്പോൾ സേതുമാധവനെ വിളിച്ചത്. അപകടവാർത്തയറിഞ്ഞ് സേതുമാധവൻ പ്രീതയ്ക്കാപ്പം വളാഞ്ചേരിയിലെ ആശുപത്രിയിൽ എത്തിയിരുന്നു.
സഞ്ചാരിയുടെ വഴികൾ
യാത്ര ഒരു ഹരമായിരുന്നു ശരത്തിന്. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലൂടെ ബൈക്കിൽ സഞ്ചരിച്ച ശരത്തിന് ബൈക്ക്, സൈക്കിൾസവാരി, ട്രക്കിങ് തുടങ്ങിയവയിലും വലിയ കമ്പമായിരുന്നു. റൈഡിങ്ങിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് പുരസ്‌കാരങ്ങളും അനുമോദനങ്ങളും ലഭിച്ചിട്ടുണ്ട്.
ബെംഗളൂരുവിലെ ജോലിസ്ഥലത്തേക്കും തിരിച്ച് നാട്ടിലേക്കുമെല്ലാം ബൈക്കിലാണ് യാത്ര. ദിവസങ്ങൾക്കുമുമ്പ് തിരുവനന്തപുരത്ത് മികച്ച റൈഡർക്കുള്ള പുരസ്കാരം വാങ്ങാൻ ശരത് പോയതും സേതുമാധവൻ ഓർത്തു.