ലക്കിടി : പാലക്കാട്-കുളപ്പുള്ളി സംസ്ഥാനപാതയിൽ മംഗലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന കുടുംബം അദ്‌ഭുതകരമായി രക്ഷപ്പെട്ടു.
ഞായറാഴ്ച വൈകീട്ട് 6.25-ന് മംഗലം യുണൈറ്റഡ് കൺവെൻഷൻ സെന്ററിന് മുന്നിലാണ് സംഭവം.
കാറിൽ യാത്രചെയ്തിരുന്ന കല്ലൂർ സ്വദേശികളായ രണ്ട് പുരുഷൻമാരും ഒരു സ്ത്രീയും കുട്ടിയുമടങ്ങുന്ന നാലംഗകുടുംബം പരിക്കേൽക്കാതെ രക്ഷപ്പെട്ടു.കല്ലൂർ അരങ്ങാട്ടിൽ റസാക്ക്, ഷമീം, റംസീന, റിസ്വാൻ എന്നിവരാണ് കാറിലുണ്ടായിരുന്നത്.
കാറിനടിയിൽനിന്ന് തീയും പുകയും ഉയരുന്നതുകണ്ട നാട്ടുകാർ ബഹളം വെച്ചതിനെത്തുടർന്ന് കുടുംബം വാഹനത്തിൽനിന്ന് വേഗം പുറത്തിറങ്ങുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ തീയാളിപ്പടർന്നു.
നാട്ടുകാരും പോലീസും ഹൈവേ പോലീസും ചേർന്ന് അരമണിക്കൂർ പ്രയത്നിച്ചാണ് തീയണച്ചത്. കോങ്ങാട്ടുനിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തുന്നതിനുമുമ്പേ തീയണച്ചു. കാർ പൂർണമായും കത്തിനശിച്ചു. മുക്കാൽമണിക്കൂറോളം പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന കുടുംബം അദ്‌ഭുതകരമായി രക്ഷപ്പെട്ടു.
ജൂൺ 12, 2023