പട്ടാമ്പി:ട്രെയിനിൽ കടത്താൻ ശ്രമിച്ച നാൽപ്പത്തി ഏഴ് ഗ്രാം എംഡി എംഎയുമായി ആൽബം അഭിനേതാവ് ഉൾപ്പെടെ രണ്ട് യുവാക്കൾ പാലക്കാട് ഒലവക്കോടില്‍ അറസ്റ്റിൽ.
പട്ടാമ്പി പള്ളിപ്പുറം സ്വദേശി തുറക്കൽ വീട്ടിൽ ഷൗക്കത്തലി (38), പുലാമന്തോൾ കുരുവമ്പലം ചുണ്ടേത്തൊടി വീട്ടിൽ പ്രണവ് (26) എന്നിവരെയാണ് ആർപിഎഫ് ക്രൈം ഇന്റലിജൻസാണ് പിടികൂടിയത്.
ട്രെയിനിലെ ജനറൽ കംപാർട്ട്മെന്റിൽ ആളില്ലാതെ ബാഗിൽ സൂക്ഷിച്ചിരുന്ന അൻപത്തി നാല് ഗ്രാം എംഡിഎംഎയും കണ്ടെടുത്തു.
അഭിനയ മോഹം തലയ്ക്ക് പിടിച്ച ഷൗക്കത്തലി നിരവധി ആൽബങ്ങളിൽ മുഖം കാണിച്ചിട്ടുണ്ട്. അറിയപ്പെടുന്ന നടനാകണമെന്നായിരുന്നു ആഗ്രഹം. വിശ്രമ വേളകൾ ആനന്ദകരമാക്കാൻ ആദ്യം കഞ്ചാവിനെ കൂട്ടുപിടിച്ചു. പോരെന്ന് കണ്ട് എംഡിഎംഎ ഉപയോഗിച്ച് തുടങ്ങി. ഹരം കൂടിയതോടെ ലഹരി കിട്ടാതെ മുന്നോട്ട് പോകാനാവില്ലെന്ന മട്ടിലെത്തി.
ഓട്ടോ മൊബൈൽ എൻജിനീയറിങ് പഠിച്ച പ്രണവ് ഉറക്കം വരാതിരിക്കാനാണ് കഞ്ചാവ് വിട്ട് എംഡി എംഎ ഉപയോഗിച്ച് തുടങ്ങിയത്. പണം സ്വരൂപിക്കാനുള്ള പ്രതിസന്ധിയിൽ ഇരുവരും ലഹരി കടത്തുകാരായി. സ്വന്തം ആവശ്യത്തിന് വേണ്ടത്ര ലഹരി കിട്ടും. പിന്നെ വട്ടച്ചെലവിനുള്ള വകയും പോക്കറ്റിലാകും.
ഇരുവരുടെയും ദൗർബല്യം മനസിലാക്കി പട്ടാമ്പിയിലെ ലഹരി ഇടപാട് സംഘം യുവാക്കളെ കരിയർമാരാക്കി. ഒറ്റ യാത്രയിൽ പതിനഞ്ചായിരം രൂപ പാരിതോഷികം. യാത്രാബത്ത വേറെ.
എംഡിഎംഎ വിൽപ്പനക്കാരുമായി ഇടപാടുറപ്പിച്ച് സാധനം ശേഖരിക്കുന്നത് പട്ടാമ്പിയിലെ കടത്ത് സംഘമാണ്. മൊത്തക്കച്ചവടക്കാർ ബെംഗലൂരു റെയിൽവേ സ്റ്റേഷനിൽ രഹസ്യമായി ലഹരിപ്പൊതി ഒളിപ്പിക്കും. ട്രെയിനിറങ്ങി സാധനം ബാഗിലാക്കി അടുത്ത വണ്ടിയിൽ മടങ്ങുകയായിരുന്നു ഷൗക്കത്തലിയും പ്രണവും പതിവാക്കിയിരുന്നത്.
ഒലവക്കോടിറങ്ങി പട്ടാമ്പിയിലേക്ക് ബസ് കയറാൻ ഒരുങ്ങുമ്പോഴാണ് ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും എക്സൈസും ചേർന്ന് പിടികൂടിയത്. ഇവർ ലഹരി പതിവായി നൽകിയിരുന്ന മൊത്ത വിതരണക്കാരെയും കണ്ടെത്താൻ ശ്രമം തുടങ്ങി.
ബെംഗലൂർ എറണാകുളം ഇന്റർസിറ്റിയിലെ ജനറൽ കംപാർട്ട്മെന്റിലാണ് 54 ഗ്രാം എംഡിഎംഎ ബാഗിലാക്കി ഒളിപ്പിച്ചിരുന്നത്. ഇതിന്റെ ഉടമയ്ക്ക് വേണ്ടിയുള്ള തിരച്ചിലും തുടരുന്നുണ്ട്