ചങ്ങരംകുളത്ത് സ്വകാര്യ ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം ; ചാലിശേരി സ്വദേശി പിടിയിൽ


ചങ്ങരംകുളം : മദ്യപിച്ച്  സ്വകാര്യ ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പോക്സോ കേസിൽ അറസ്റ്റിൽ. ചാലിശ്ശേരി മണ്ണാറപ്പറമ്പ് സ്വദേശി തെക്കത്ത് വളപ്പിൽ അലി (43)യെയാണ് ചങ്ങരംകുളം  പോലീസ് അറസ്റ്റ് ചെയ്തത്.

 പത്താം ക്ലാസ് വിദ്യാർത്ഥിയായ 15 വയസുകാരിക്ക് നേരെയാണ് ഇയാൾ ലൈംഗിക അതിക്രമത്തിന് മുതിർന്നത്. തിങ്കളാഴ്ച വൈകിയിട്ട് നാല് മണിയോടെ ചങ്ങരംകുളം നരണിപ്പുഴ റോഡിലാണ് സംഭവം. 

ചങ്ങരംകുളത്ത് നിന്ന് എരമംഗലം പോകുകയായിരുന്ന സ്വകാര്യ ബസ്സിൽ യാത്ര ചെയ്തിരുന്ന പെൺകുട്ടിക്ക് നേരെ പ്രതി ലൈഗികാവയവം കാണിച്ചെന്നാണ് പരാതി. ചങ്ങരംകുളത്ത് എരമംഗലം റോഡിൽ വച്ച് ബസ് ഒരു കാറിൽ തട്ടി അപകടം സംഭവിച്ചിരുന്നു. ഈ സമയത്ത് ബസ് നിർത്തി ജീവനക്കാർ പുറത്തിറങ്ങിയപ്പോഴാണ് ഇയാൾ അക്രമം കാണിച്ചത്.

സംഭവം ശ്രദ്ധയിൽ പെട്ട പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന മാതാവ് ബഹളം വച്ചതോടെ ഇയാൾ ബസിൽ നിന്ന് ഇറങ്ങിയോടി. പുറകെ ഓടിയ നാട്ടുകാർ ഇയാളെ പിടികൂടി തടഞ്ഞ് വച്ച് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു. 

തുടർന്ന് വൈദ്യ പരിശോധന നടത്തി സ്റ്റേഷനിൽ എത്തിച്ച ഇയാൾക്കെതിരെ  പെൺകുട്ടിയുടെ മൊഴി പ്രകാരം പോക്സോ ചുമത്തി കേസെടുത്തു. സംഭവസമയത്ത് പ്രതി മദ്യലഹരിയിൽ ആയിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന് പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കും.

Below Post Ad