പൊന്നാനി ബിയ്യം കായൽ വള്ളം കളി 30ന്


പൊന്നാനി: മലബാറിന്റെ ജലോത്സവമായ ബിയ്യം കായൽ വള്ളംകളി മത്സരത്തിന് ഇനി നാലു ദിവസം മാത്രം. 30ന് ഉച്ചക്ക് രണ്ടിന് നടക്കുന്ന വള്ളംകളി മത്സരം കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. ഓണാഘോഷത്തിന്റെ ഭാഗമായി അവിട്ടം നാളിലാണ് ബിയ്യം കായൽ വള്ളംകളി നടക്കുന്നത്. 

കായലോളങ്ങളെ തുഴഞ്ഞ് മാറ്റി കായൽ രാജാവാകാനുള്ള തീവ്ര പരിശീലനത്തിലാണ് വള്ളം കളി ടീമുകൾ. 12 മേജർ വള്ളങ്ങളും 17 മൈനർ വള്ളങ്ങളുമാണ് ഇത്തവണ മത്സരിക്കുന്നത്. മത്സരത്തിന് മന്നോടിയായി തുഴച്ചിൽ വിദഗ്ധരുടെ നേതൃത്വത്തിൽ ഒട്ടേറെ യുവാക്കളാണ് ഇവിടെ പരിശീലനം നടത്തുന്നത്. രാവിലെ ആറ് മണി മുതൽ എട്ട് വരെയും, വൈകിട്ട് അഞ്ചു മണിക്ക് ശേഷവുമാണ് പരിശീലനം നടക്കുന്നത്.

ഓണം ടൂറിസം വാരാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പൊന്നാനി താലൂക്കിൽ ഓണാഘോഷ പരിപാടികൾക്ക് ഞായറാഴ്ച തുടക്കമാക്കും. വാരാഘോഷത്തിന്റെ ഭാഗമായി താലൂക്കിലെ വിവിധ കേന്ദ്രങ്ങളിൽ വൈവിധ്യമാർന്ന പരിപാടികൾ നടക്കും. ജില്ലാ ഭരണകൂടം,ഡി.ടി.പി.സി, പൊന്നാനി താലൂക്കിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ,പ്രതിനിധികൾ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സംഘടനകൾ എന്നിവയുടെ ആഭിമുഖ്യത്തിലാണ്.പരിപാടികൾ നടക്കുന്നത്.

27ന് യാസ്‌പോ ക്ലബ്ബ് പൊറൂക്കരയുടെ നേതൃത്വത്തിൽ എടപ്പാൾ ചുങ്കം കുണ്ടു കടവ് എന്നിവിടങ്ങളിൽ ക്രോസ് കൺട്രി മത്സരം നടക്കും. പുഴമ്പ്രം കൃഷ്ണ പിള്ള സ്മാരക വായനശാലയുടെ നേതൃത്വത്തിൽ 27, 28 തിയതികളിലായി ചെറുവായ്ക്കര ജി.യു.പി സ്‌കൂളിൽ പൂക്കള മത്സരം, ഉറിയടി, വടംവലി തുടങ്ങി വിവിധ മത്സരങ്ങൾ നടക്കും. 27, 28 തിയതികളിലായി പോത്തനൂർ പ്രിയദർശിനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ക്വിസ് മത്സരം, പൂക്കള മത്സരം എന്നിവയും നടക്കും. 28ന് ലയൺസ് ക്ലബ്ബ്, ബ്ലൂ ബേർഡ്സ് ക്ലബ്ബ്, കർമ്മ പൊന്നാനി, ചാർക്കോൾ ക്ലബ്ബ് എന്നിവരുടെ സംഘാടനത്തിൽ പൊന്നാനി എ.വി ഹൈസ്‌കൂളിൽ പൂക്കള മത്സരം, ചിത്രരചനാ മത്സരം (ജലച്ചായം) തിരുവാതിരകളി, ഓണപ്പാട്ട്, കവിതാ പാരായണം തുടങ്ങി നിരവധി മത്സരങ്ങൾ നടക്കും. 29ന് ബിയ്യം കായയിലെ പ്രദർശന നീന്തൽ പരിപാടി, ആലങ്കോട് പഞ്ചായത്തിൽ ചിയ്യാനൂർ മോഡൺ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നീന്തൽ മത്സരം, എടപ്പാൾ വിക്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ നീന്തൽമത്സരം എന്നിവയും നടക്കും. ഇത്തവണ വള്ളംകളി ആവേശം ബിയ്യം കായലിനൊപ്പം പൂകൈത കടവിലും അലയടിക്കും. പൊന്നാനി നഗരസഭയുടെ സഹകരണത്തോടെ നടക്കുന്ന വള്ളംകളി സെപ്തംബർ രണ്ടിന് പൂകൈത കടവിൽ നടക്കും.

Below Post Ad