പടിഞ്ഞാറങ്ങാടി: പണം ഇരട്ടിപ്പിക്കാൻ വിദേശ ഓൺലൈൻ കമ്പനിയിൽ നിക്ഷേപിച്ചവർക്ക് പണം നഷ്ടമായി. പടിഞ്ഞാറങ്ങാടിയിൽ വിവിധ പ്രദേശങ്ങളിലുള്ള നിരവധിപ്പേർക്ക് പണം നഷ്ടമായതായാണറിവ്.
കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി എന്ന് തെറ്റിധരിപ്പിച്ച എം.ടി.എഫ്.ഇ. എന്ന പേരിലുള്ള ഓൺലൈൻ കമ്പനിയിൽ പണം നിക്ഷേപിച്ചവർക്കാണ് പണം നഷ്ടമായത്. കമ്പനിയുടെ സൈറ്റ് നിലവിൽ ലഭ്യമാകുന്നില്ല.
പടിഞ്ഞാറങ്ങാടിയിലെ വ്യാപാരികൾ ഉൾപ്പെടെ ഉള്ളവർക്ക് പണം നഷ്ടമായി. ഓൺലൈൻ ട്രേഡിങ് കമ്പനിയിൽ പണം നിക്ഷേപിക്കുമ്പോൾ തുടക്കത്തിൽ ലാഭവിഹിതമായി ഇരട്ടിത്തുക ഡോളറായി അക്കൗണ്ടിൽ ലഭിക്കുന്നതാണ് പദ്ധതി. ഇങ്ങനെ ലഭിക്കുന്ന തുകയുടെ 60 ശതമാനം കമ്പനിക്കും 40 ശതമാനം ഉപഭോക്താവിനും ലഭിക്കുമെന്ന് പറഞ്ഞാണ് ആളുകളെ ചേർത്തത്.
തുടക്കത്തിൽ ചേർന്നവർക്കെല്ലാം കുറച്ച് പണം ലാഭവിഹിതമായി നല്കിയിരുന്നു. ഇതു കാണിച്ച് മറ്റുള്ളവരെ കെണിയിലാക്കുകയായിരുന്നു. പോലീസിൽ പരാതിപ്പെടാൻ പോലും പറ്റാത്ത സാഹചര്യത്തിലാണ് പണം നഷ്ടപ്പെട്ടവർ. തട്ടിപ്പിനിരയായ പടിഞ്ഞാറങ്ങാടി നിവാസികൾക്ക് കോടികൾ നഷ്ടമായി എന്നാണ് അറിയാൻ കഴിഞ്ഞത്.