തൃശൂർ: എരുമപ്പെട്ടി ഗവ ഹയർ സെക്കന്ററി സ്‌കൂളിലെ കാണാതായ രണ്ട് വിദ്യാർത്ഥികളെ കണ്ടെത്തി. കുട്ടികളിലൊരാളെ കണ്ടയാൾ ആദ്യം വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. കുട്ടികൾ ഇറങ്ങിപോയത് എന്തിനാണെന്ന് വ്യക്തമായിട്ടില്ല.
ഇന്നലെ നോർത്ത് റെയിൽവേ സ്റ്റേഷന് സമീപം കുട്ടികളെ ഇറക്കിയതായി ബസ് കണ്ടക്ടർ മൊഴി നൽകിയിരുന്നു. വിദ്യാർഥികളുടെ കുടുംബവും തെരച്ചിൽ നടത്തുന്നതിനിടെയാണ് കുട്ടികളെ കണ്ടെത്തിയെന്ന വിവരം ലഭിച്ചത്.
എരുമപ്പെട്ടി ഗവ.ഹയർ സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ വരവൂർ നീർക്കോലിമുക്ക് വെട്ടുക്കാട് കോളനിയിൽ സുരേഷിന്റെ മകൻ അർജുൻ (14), പന്നിത്തടം നീണ്ടൂർ പൂതോട് ദിനേശന്റെ മകൻ ദിൽജിത്ത് (14) എന്നിവരെയാണ് വ്യാഴാഴ്ച ഉച്ചമുതൽ കാണാതായത്.
വ്യാഴാഴ്ച വൈകിട്ടോടെയാണ് കുട്ടികളെ കാണാതായ വിവരം മാതാപിതാക്കൾ പൊലീസിൽ അറിയിക്കുന്നത്. പൊലീസും നാട്ടുകാരും ബന്ധുക്കളും വ്യാപകമായ തെരച്ചിലാണ് കുട്ടികൾക്ക് വേണ്ടി നടത്തിയത്.
അതിനിടെ ഇന്നലെ രാവിലെ കുട്ടികൾ വൈറ്റില ഹബ്ബിൽ നിന്ന് ബസിൽ കയറിയതും നിർണായക വിവരമായി.