ഷൊർണൂർ ത്രാങ്ങാലിയിൽ ഇന്നലെ പകൽ വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റു മരിച്ച സഹോദരിമാരുടെ മരണം ഇരട്ടകൊലപാതകമെന്ന് പോലീസ്.
കവളപ്പാറ നീലാമലക്കുന്ന് അമ്പലത്തൊടി വീട്ടിൽ പത്മിനി (72), തങ്കം (70) എന്നിവരെയാണ് വീട്ടിനുള്ളിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു പറമ്പിൽ രണ്ടു വീടുകളിലായി തനിച്ച് താമസിച്ചു വരികയായിരുന്ന സഹോദരിമാരാണ് ഒരു വീടിനുള്ളിൽ കത്തിക്കരിഞ്ഞത്.
പാചകവാതകം തുറന്നു വിട്ടതാണ് തീപിടുത്തത്തിന് കാരണമായതെങ്കിലും സിലിണ്ടർ പൊട്ടിത്തെറിച്ചിട്ടില്ല.സംഭവ സമയത്ത് ഇവരുടെ വീട്ടിൽ നിന്ന് പരിക്കുകളോടെ ചോരയൊലിപ്പിച്ച് ഇറങ്ങി ഓടിയ തൃത്താല മാട്ടായ സ്വദേശി മണികണ്ഠനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു.
പെയിൻ്റിങ്ങ് തൊഴിലാളിയായ ഇയാളെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ശരീരത്തിൽ ഒളിപ്പിച്ചു വെച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. സഹോദരിമാരുടെ ശരീരത്തിലേറ്റ പരിക്കുകളും തീപൊള്ളലുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്. അയൽവാസികളുമായി അധികം ബന്ധപ്പെടാത്തവരായിരുന്നു മരിച്ച സഹോദരിമാർ ഇരുവരും.
പാലക്കാട് എസ്.പി ആർ.ആനന്ദ്, ഒറ്റപ്പാലം എ.എസ്.പി യോഗേഷ് മാന്തയ്യ, ഷൊർണൂർ ഡി.വൈ.എസ്.പി പി.സി.ഹരിദാസൻ, പാലക്കാട് സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി പ്രവീൺ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.
പൊലീസിലെ ശാസ്ത്രീയ അന്വേഷണ സംഘവും ഷൊർണൂർ ഡോഗ് സ്ക്വാഡിലെ ലിൻഡ എന്ന നായയെയും പരിശോധനയ്ക്ക് എത്തിച്ചു. പട്ടാമ്പി, തൃത്താല സ്റ്റേഷനുകളിൽ കേസുള്ള പ്രതിയെ കൂടുതൽ ചോദ്യം ചെയ്ത് തെളിവ് ശേഖരിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.