തൃത്താല : തൃത്താല മണ്ഡലത്തിലെ പ്രധാന ഗ്രാമീണ റോഡുകളെല്ലാം തകർച്ചയിൽ. കൂനംമൂച്ചി-പടിഞ്ഞാറങ്ങാടി, കൂനംമൂച്ചി-അമേറ്റിക്കര, എൻജിനിയർ റോഡ്-ആനക്കര, പടിഞ്ഞാറങ്ങാടി-പറക്കുളം, കൂനംമൂച്ചി-മൂക്കൂട്ട പാതകളിൽ കുഴികൾ രൂപപ്പെട്ട് യാത്ര ദുഷ്കരമായി.
വെള്ളിയാഴ്ചയാണ്, കൂനംമൂച്ചിയിൽ റോഡിലെ വലിയകുഴിയിൽപ്പെട്ട ബൈക്കിൽനിന്ന് തെറിച്ചുവീണ് കരിമ്പനക്കുന്ന് വാക്കേലവളപ്പിൽ സാബിർ (27) മരിച്ചത്. ഇതോടെ, നാട്ടുകാരും രാഷ്ട്രീയ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി.
കൂനംമൂച്ചിയിലെ അപകട മരണത്തിൽ തൃത്താല എം.എൽ.എ മറുപടി പറയണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി.
കൂനംമൂച്ചിയിലെ അപകട മരണം നടന്ന റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യവുമായി യൂത്ത് ലീഗ് പടിഞ്ഞാറങ്ങാടി ടൗണിൽ പ്രതിഷേധ വലയം തീർത്തു
കാഞ്ഞിരത്താണിയിൽ ഒരുവർഷത്തോളമായി തകർന്നുകിടക്കുന്ന റോഡിനു സമീപം ബി.ജെ.പി.യുടെ നേതൃത്വത്തിലും പ്രതിഷേധപരിപാടികൾ നടന്നിരുന്നു.
സാബിറിന്റെ മരണത്തെത്തുടർന്ന് അപകടം നടന്ന സ്ഥലത്ത് ശനിയാഴ്ച പോലീസ് സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചിട്ടുണ്ട്. റോഡിൽ കുഴികൾ താത്കാലികമായി അടയ്ക്കുന്ന പ്രവൃത്തിയും തുടങ്ങി. ഇതുകൊണ്ടൊന്നും പ്രശ്നത്തിന് പരിഹാരമാകുന്നില്ലെന്നാണു ജനങ്ങൾ പറയുന്നത്.