മലപ്പുറം: തിരൂരിൽ യുവാവിനെ ചോര വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പുറത്തൂർ സ്വദേശി സ്വാലിഹിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇയാളുടെ കാലുകളിൽ ആഴത്തിൽ മുറിവുകളുണ്ടായിരുന്നു. ഇന്ന് പുലർച്ചെയാണ് കാട്ടിലപള്ളിയിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തെത്തി പരിശോധന നടത്തിയ പൊലീസ് സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു.
മരിച്ച സ്വാലിഹിനും സുഹൃത്തുക്കൾക്കും നേരെ ഇന്നലെ രാത്രി ആക്രമണം ഉണ്ടായിരുന്നു. ഈ ആക്രമണത്തിലാണ് സ്വാലിഹിന് ഗുരുതരമായി പരിക്കേറ്റതെന്ന് പൊലീസ് പറയുന്നു. കൂടെ ഉണ്ടായിരുന്ന മറ്റൊരാൾക്കും പരിക്ക് ഏറ്റതായി പോലീസ് വ്യക്തമാക്കി. ഇവരുടെ കാറും തകർത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്.