മുംബൈ: ഒടുവില്‍ ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡ് കടമ്പ മറികടന്ന് ഇന്ത്യ ഫൈനലില്‍. കഴിഞ്ഞ ലോകകപ്പ് സെമിയിലേറ്റ തോല്‍വിക്ക് അതേ കെയ്ന്‍ വില്യംസണോടും സംഘത്തോടും കണക്ക് തീര്‍ത്താണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം.
70 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയുടെ നാലാം ഫൈനല്‍. ഇന്ത്യ ഉയര്‍ത്തിയ 398 റണ്‍സ് വിജലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കിവീസ് 48.5 ഓവറില്‍ 327 റണ്‍സിന് ഓള്‍ഔട്ടായി.
വ്യാഴാഴ്ച നടക്കുന്ന ഓസ്‌ട്രേലിയ - ദക്ഷിണാഫ്രിക്ക രണ്ടാം സെമി ഫൈനല്‍ വിജയികളെ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ നേരിടും.
ഏഴ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് സെമിയിലും ഇന്ത്യന്‍ പേസാക്രമണം നയിച്ചത്. ഈ ലോകകപ്പില്‍ ഇത് മൂന്നാം തവണയാണ് ഷമി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്.
ഇതോടൊപ്പം ലോകകപ്പില്‍ 50 വിക്കറ്റുകളെന്ന നേട്ടവും ഷമി സ്വന്തം പേരിലാക്കി. ഏറ്റവും കുറഞ്ഞ ഇന്നിങ്‌സുകളില്‍നിന്ന് ഈ നേട്ടത്തിലെത്തുന്ന താരമാണ് ഷമി.