നവകേരള സദസ്സ് :ഒഴുകിയെത്തുന്ന ജനസഞ്ചയം നാടിൻ്റെ ഭാവി ഭദ്രമെന്നതിന് തെളിവ്: മുഖ്യമന്ത്രി

 



ചാലിശ്ശേരി: ഓരോ മണ്ഡലത്തിൽ നവകേരള സദസെത്തുമ്പോഴും ഒഴുകിയെത്തുന്ന ജനസഞ്ചയം നാടിൻ്റെ ഭാവി ഭദ്രമാണെന്നതിന് തെളിവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിൻ്റെ പാലക്കാട് ജില്ലയിലെ ആദ്യ പൊതുപരിപാടി തൃത്താല മണ്ഡലത്തിലെ ചാലിശ്ശേരി അന്‍സാരി ഓഡിറ്റോറിയം പരിസരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനേകം പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ മറികടന്ന് ലോകത്തെ അദ്ഭുതപ്പെടുത്തിയ സംസ്ഥാനമാണ് നമ്മുടേത്. പ്രതിസന്ധികളിൽ നിൽക്കുമ്പോഴും ദേശീയപാത വികസനം നല്ല രീതിയിൽ നടത്താനായി. മലയോര ഹൈവേ, തീരദേശ ഹൈവേ നിർമാണ നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ഗെയിൽ പൈപ്പ് ലൈൻ യാഥാർഥ്യമായി. ഇത്തരത്തിൽ ജനങ്ങളെ തൊടുന്ന വിഷയങ്ങളിലെല്ലാം തന്നെ ഇടപെടുന്നതിനും വികസന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിനും സർക്കാരിന് സാധിക്കുന്നുണ്ട്. എന്നാൽ നിരവധി പ്രശ്നങ്ങളെ നേരിടുന്ന ഈ സമയത്ത് പിന്തുണച്ചില്ലെങ്കിൽ പിന്നെപ്പോൾ എന്ന ചോദ്യം ബാക്കിയാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്തിന് പിന്തുണ ഏറ്റവുമധികം ആവശ്യമായ സമയമാണിത്. നിരവധി പ്രശ്നങ്ങളെ നേരിടുമ്പൊഴും നിഷേധാത്മക നിലപാട് സ്വീകരിക്കുന്നവരുണ്ട്. എന്നാൽ ഒരോ മണ്ഡലത്തിൽ നവകേരള സദസെത്തുമ്പോഴും ഒഴുകിയെത്തുന്ന ജനസഞ്ചയം നാടിൻ്റെ ഭാവി ഭദ്രമാണെന്നതിന് തെളിവാണ്. എല്ലാ വേദികളിലും ജനസഹസ്രങ്ങൾ ഒഴുകിയെത്തുകയാണെന്നും ഇത് ശുഭസൂചകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശ സ്വയംഭരണ - എക്സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ് അധ്യക്ഷനായി. തുറമുഖം - മ്യൂസിയം മന്ത്രി അഹമ്മദ് ദേവർകോവിൽ, വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ എന്നിവർ സംസാരിച്ചു. മറ്റു മന്ത്രിമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ചടങ്ങിൽ സംസ്ഥാനത്ത് ഹസാർഡ് ലൈസൻസ് ലഭിച്ച രണ്ടാമത്തെ വനിതയായ തൃത്താല സ്വദേശി ബർക്കത്ത് നിഷയെ മന്ത്രി പി. രാജീവ് ആദരിച്ചു. കർഷകത്തൊഴിലാളിയായ കൂടല്ലൂർ ഉണ്ണി മുഖ്യമന്ത്രിക്ക് നെൽകതിർ സമ്മാനിച്ചു. അലോക് സ്കറിയ, ശിവരഞ്ജിനി എന്നിവർ വരച്ച  മുഖ്യമന്ത്രിയുടെ ചിത്രം അദ്ദേഹത്തിന് കൈമാറി.'

Below Post Ad