എൻലൈറ്റ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജനു.16,17 തീയതികളിൽ ദിശ ഹയർ സ്റ്റഡീസ് എക്സ്പോ സംഘടിപ്പിക്കുമെന്ന് മന്ത്രി എം.ബി രാജേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പടിഞ്ഞാറങ്ങാടി മാക്സ് പ്ലസ് റീജൻസി ഓഡിറ്റോറിയത്തിൽ നടക്കുന്ന എക്സ്പോ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഹയർ സെക്കൻഡറി ഡയറക്ടറേറ്റിലെ കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സെല്ലിന്റെയും കില, കുടുംബശ്രീമിഷൻ എന്നിവരുടെ കൂടി പങ്കാളിത്തത്തോടെയാണ് സംഘടിപ്പിക്കുന്നത്.
17ന് കുടുംബശ്രീയുടെയും നോളജ് ഇക്കോണമി മിഷന്റെയും സഹകരണത്തോടു കൂടി ജോബ് ഫെസ്റ്റും സംഘടിപ്പിക്കും.
16ന് രാവിലെ 10ന് മീറ്റ് ദ മിനിസ്റ്ററിൽ മന്ത്രി എം.ബി രാജേഷുമായി വിദ്യാർഥികൾ സംവദിക്കും. പകൽ 11.30 ന് ഡിജിറ്റൽ സർവകലാശാല വി.സി സജി ഗോപിനാഥ് പങ്കെടുക്കുന്ന സംരംഭകത്വ സെമിനാർ നടക്കും.
2ന് കേരള സിജി എ.സി സ്റ്റേറ്റ് ഫാക്കൽട്ടി, ഹയർ സെക്കൻഡറി ഡിപ്പാർട്ട്മെന്റ് കബീർ പറപ്പോയിൽ വിവിധ സ്കോളർഷിപ്പുകളെ കുറിച്ച് സംസാരിക്കും. പകൽ 3ന് വിദേശ പഠനം എന്ന വിഷയത്തിൽ കെ.എ അനുപ് (എം.ഡി ഒഡെപെക്) ക്ലാസെടുക്കും. വൈകിട്ട് 4.30ന് 'ഭരണഘടനയുടെ വർത്തമാനം, ഇന്ത്യയുടെ ഭാവി' എന്ന വിഷയത്തിൽ സെമിനാർ നടക്കും.
വൈകിട്ട് 6ന് സംസ്ഥാന സ്കൂൾ കലോത്സവത്തിലും കായിക മേളയിലും ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേളയിലും മികവ് തെളിയിച്ച തൃത്താല മണ്ഡലത്തിലെ വിദ്യാർഥികളെ അനുമോദിക്കും.
17ന് രാവിലെ 10ന് പുതിയ കാലം പുതിയ തൊഴിൽ എന്ന വിഷയം ലൈഫോളജി സി.ഇ.ഒ പ്രവീൺ പരമേശ്വർ അവതരിപ്പിക്കും. പകൽ രണ്ടിന് ടാലന്റ് മീറ്റ് നടക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.പി റജീന, എ.ഇ.ഒ പി.വി സിദ്ദീഖ്, ബി.പി.സി കെ പ്രസാദ്, എൻലൈറ്റ് തൃത്താല കോ-ഓർഡിനേറ്റർ ഡോ.കെ രാമചന്ദ്രൻ, മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ദിനേഷ് ബാബു എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.