പട്ടാമ്പി : പ്രസിദ്ധമായ പട്ടാമ്പി 110-ാം നേർച്ചക്ക് ഒരുക്കം തകൃതിയായി. മാർച്ച് 2, 3 തീയതികളിലാണ് വള്ളുവനാടിന്റെ ദേശീയോത്സവമായി നേർച്ച കൊണ്ടാടുന്നത്. കേന്ദ്ര ആഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഫെബ്രുവരി നാലിന് ഞായറാഴ്ച പകൽ 11 മണിക്ക് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പട്ടാമ്പി ടൗണിൽ ജാറത്തിനു സമീപത്താണ് ഓഫീസ് തുറക്കുന്നത്.വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഓഫീസ് ഉദ്ഘാടനം നിർവഹിക്കും. പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിൻ മുഖ്യപ്രഭാഷണം നടത്തും. കേരള വഖഫ് ബോർഡ് ചെയർമാൻ അഡ്വ.എം.കെ സക്കീർ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
നഗരസഭാ സാരഥികളും ത്രിതല തദ്ദേശ ജനപ്രതിനിധികളും, വ്യാപാരി സംഘടനാ ഭാരവാഹികളും വിവിധ സംഘടനാ പ്രതിനിധികളും പൗര പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും. പട്ടാമ്പി നേർച്ചയുടെ ഭാരവാഹികളും 62 ഓളം വരുന്ന ഉപാഘോഷ കമ്മിറ്റികളുടെ ഭാരവാഹികളും സന്നിഹിതരാവും.
ചരിത്രപ്രസിദ്ധമായ പട്ടാമ്പി നേർച്ചയുടെ പ്രധാന ചടങ്ങുകൾ മാർച്ച് 3നാണ്. കേരളത്തിലെ തലയെടുപ്പുള്ള നൂറോളം ഗജവീരന്മാർ നഗര പ്രദക്ഷിണ ഘോഷയാത്രയിൽ പങ്കെടുക്കും. വിവിധ ജില്ലകളിൽ നിന്നും കേരളത്തിന് പുറത്തുനിന്നും വന്നെത്തുന്ന പതിനായിരക്കണക്കിന് ഉത്സവ പ്രേമികൾ നഗരത്തെ വർണ്ണാഭമാക്കും. മാർച്ച് 2ന് വൈകുന്നേരം നിളാ തീര ഗ്രാമങ്ങളിൽ വിവിധ ഉപ ആഘോഷ കമ്മിറ്റികൾ ഒരുക്കുന്ന ഗാനമേള, ഒപ്പന, ഡി.ജെ, ദഫ് മുട്ട്, ബാന്റ് വാദ്യം എന്നിവ അരങ്ങുണർത്തും.
കേന്ദ്ര ആഘോഷ കമ്മിറ്റി പ്രസിഡണ്ട് കെ.ആർ നാരായണ സ്വാമി, ജനറൽ സെക്രട്ടരി അലി പൂവത്തിങ്കൽ,
ട്രഷറർ സി ഹനീഫ മാനു, പബ്ലിസിറ്റി ചെയർമാൻ കെ.വി റഫീഖ്, പ്രോഗ്രാം കൺവീനർ പി.ഉസ്മാൻ, കോ-ഓഡിനേഷൻ ചെയർമാൻ കെ.കെ സിദീഖ് തുടങ്ങിയവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.
സ്വലേ - swale