ചാലിശ്ശേരി : സൂര്യപ്രഭയിൽ സ്വർണശോഭയുള്ള നെറ്റിപ്പട്ടം കെട്ടി, കോലമേറ്റിയ 46 ആനകൾ. പഞ്ചവാദ്യവും പാണ്ടിയും മേളപ്പെരുക്കം തീർത്തപ്പോൾ ആർത്തുല്ലസിച്ച് ജനസാഗരം. ആവേശത്തിൽ ചാലിശ്ശേരി മുലയം പറമ്പത്തുകാവിൽ പൂരം പൂത്തുലഞ്ഞു.
ചൊവ്വാഴ്‌ച പുലർച്ചെ 2.30-ന് ക്ഷേത്രനട തുറന്നതോടെ പൂരം ചടങ്ങുകൾക്ക് ആരംഭമായി. ഉച്ചയ്ക്ക് ഒന്നിന് ക്ഷേത്രനടയിൽ ദേവസ്വംപൂരം എഴുന്നള്ളിപ്പാരംഭിച്ചു. അഞ്ചാനപ്പുറത്തായിരുന്നു ദേവിയുടെ എഴുന്നള്ളിപ്പ്. പരിമണം വിഷ്‌ണുവാണ് തിടമ്പേറ്റിയത്.
പറ്റാനകളായി ചിറ്റിയപ്പുറം ശ്രീക്കുട്ടനും തൊട്ടേക്കാട് രാജശേഖരനും തൊട്ടേക്കാട് കണ്ണനും ഉണ്ണിമങ്ങാട് ഗണപതിയും. അകമ്പടിയായി അയിലൂർ അനന്തനാരായണൻ്റെയും കോട്ടയ്ക്കൽ രവിയുടെയും പ്രാമാണ്യത്തിലുള്ള പഞ്ചവാദ്യം.
പഞ്ചവാദ്യത്തോടെയുള്ള പ്രദക്ഷിണം പൂർത്തിയായതോടെ വെള്ളിത്തിരുത്തി ഉണ്ണിനായരുടെ പ്രാമാണ്യത്തിലുള്ള പാണ്ടിമേളം. മേളത്തോടെയുള്ള പ്രദക്ഷിണം പൂർത്തിയാക്കിയതോടെ ദേവസ്വം പകൽപ്പൂരത്തിന് സമാപനമായി.
വൈകീട്ട് നാലോടെ വിവിധ ദേശങ്ങളിൽനിന്നുള്ള പൂരം എഴുന്നള്ളിപ്പുകൾ ഊഴമനുസരിച്ച് ക്ഷേത്രത്തിലെത്തി. മുപ്പത്തിമൂന്ന് ദേശക്കമ്മിറ്റികളാണ് എത്തിയത്.
5.30-ന് കൂട്ടിയെഴുന്നള്ളിപ്പ് തുടങ്ങി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, ചെർപ്പുളശ്ശേരി രാജശേഖരൻ, പുതുപ്പള്ളി കേശവൻ, ഊട്ടോളി അനന്തൻ, തരുവമ്പാടി ചന്ദ്രശേഖരൻ, കിരൺ നാരായണൻകുട്ടി, പുതുപ്പള്ളി സാധു, ഊക്കൻസ് കുഞ്ചു, നന്തിലത്ത് ഗോപാലകൃഷ്ണ, മംഗലാംകുന്ന് ശരൺഅയ്യപ്പൻ തുടങ്ങി 41 ആനകളാണ് അണിനിരന്നത്.
താലത്തിന്റെകൂടി അകമ്പടിയോടെയായിരുന്നു ദേവസ്വം രാത്രിപൂരം എഴുന്നള്ളിപ്പ്. 12 ദിവസമായി കൂത്തുമാടത്തിൽ നടന്ന കൂത്ത്, ശ്രീരാമ പട്ടാഭിഷേകത്തിനുശേഷം ശനിയാഴ്ച പുലർച്ചെ കൂറവലിച്ചതോടെ പൂരം ചടങ്ങുകൾക്ക് സമാപനമായി.