കൂറ്റനാട്:നാഗലശ്ശേരി പഞ്ചായത്തിലെ 11-ാം വാർഡിലെ മൂളിപ്പറമ്പ് വി.എസ്.എസിനു സമീപത്ത് നിന്ന് തുടങ്ങി ചാഴിയാറ്റിരിയിലേക്ക് പോകുന്ന അകിലാണം തെക്കേകര റോഡിൽ തെക്കേകര അങ്കണവാടിക്ക് സമീപമുള്ള പ്രധാന പാലം പൂർണ്ണമായും തകർന്നു. ഇതോടെ തെക്കേകര , അകിലാണം മാണിക്യാം കുന്ന് പ്രദേശത്തേക്കുള്ള വാഹനഗതാഗതം പൂർണ്ണമായും നിലക്കുമെന്ന അവസ്ഥയിലാണുള്ളത്.
55 വർഷത്തിലധികം പഴക്കമുള്ള 8 മീറ്റർ വീതിയുള്ള ഈ പാത നാലു വർഷത്തിലധികമായി തകർന്നു കിടക്കാൻ തുടങ്ങിയിട്ട്. ഇതിന് സമാന്തരമായിട്ടുള്ള മറ്റു പാതകൾ വലിയ ഫണ്ടുകൾ ചിലവഴിച്ച് പല കുറി നവീകരണ പ്രവൃത്തികൾ നടത്തിയപ്പോഴും ഈ പാത നവീകരിക്കാനുള്ള യാതൊരു ശ്രമവും പഞ്ചായത്തധികൃതരുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
2018 മുതൽ റോഡിന് ഓട്ടയടക്കൽ പ്രവൃത്തി മാത്രമാണ് നടത്തിയിട്ടുള്ളതെന്നും നിരവധി തവണ പത്രവാർത്തകളിലും നവമാധ്യമങ്ങളിലും റോഡിൻ്റെ ദുരവസ്ഥയെക്കുറിച്ച് വലിയ ചർച്ചകൾ നടക്കാറുണ്ടെങ്കിലും ഈ പാതയോട് ബ്ലോക്ക്, ജില്ലാ , പഞ്ചായത്തുകൾ വലിയ അവഗണന കാണിക്കുകയാണെന്ന് പ്രദേശവാസികളായ മുൻകാല പൊതു പ്രവർത്തകൻ കെ.പി.നാരായണൻ, പ്രവാസി എം.കെ.ഹൈദർ , പാലത്തിന് സമീപം താമസിക്കുന്ന കെ.പി. ഭാസ്കരൻ എന്നിവർ പറഞ്ഞു.
പഞ്ചായത്തിലെ ഏറ്റവും പിന്നോക്കം കിടക്കുന്ന ആശ്രയ കോളനി ഉൾപ്പെടെ 3 ലധികം പട്ടികജാതി കോളനികൾ ഈ പാതയുടെ ഉപഭോക്താക്കളായിട്ടും എസ്.സി.പി. ഫണ്ട് പോലും ഈ റോഡിന് വേണ്ടി ഉപയോഗിക്കാൻ പഞ്ചായത്തധികൃതർ തയ്യാറാകുന്നില്ലെന്നും തെക്കേകര , അകിലാണം ഭാഗത്തെ ജനങ്ങൾ പറയുന്നു. അധികൃതർ കാലങ്ങളായി കടുത്ത അവഗണനയാണ് അകിലാണം, തെക്കേക്കര ഗ്രാമത്തിനോട് പ്രകടിപ്പിക്കുന്നതെന്നും നാട്ടുകാർ ആക്ഷേപിക്കുന്നു.
അമിതഭാരവുമായി പോകുന്ന ടോറസ് ലോറികൾ ഈ റോഡിൻ്റെ ശാപം
ചാഴിയാറ്റിരി, അകിലാണം, ഇട്ടോണം പ്രദേശത്ത് നിന്ന്നിത്യേന കല്ലും മണ്ണും, കരിങ്കൽ പൊടികളുമായി കണക്കില്ലാതെ പോകുന്ന നൂറ് കണക്കിന് വലിയ ടോറസ് ലോറികളാണ് ഈ പാതയിലൂടെ നിത്യവും സഞ്ചരിക്കുന്നത്.
അമിതഭാരം നിയന്ത്രിക്കുന്നതിനോ, അമിതവേഗത കുറക്കുന്നതിനോ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു ശ്രമവും ഉണ്ടാവാറില്ലെന്നും നാട്ടുകാർ പറയുന്നു.
റോഡിൻ്റെ തെക്ക് ഭാഗത്ത് വനമേഖലയാണുള്ളത്. മഴക്കാലമായാൽ വനമേഖലയിൽ നിന്ന് കുത്തി ഒഴുകി വരുന്ന മഴവെള്ളം റോഡിൻ്റെ സൈഡ് കെട്ടി ഉയർത്താത്തതിനാൽ നേരെ റോഡിലൂടെയാണ് ഒഴുകി വരാറുള്ളത്. 8 മീറ്റർ വീതിയുള്ള വലിയ റോഡായതിനാൽ, ബ്ലോക്ക്, ജില്ലാപഞ്ചായത്ത് തുടങ്ങിയ സ്ഥാപനങ്ങളുടെ ഫണ്ടും ഈ പാതയിൽ ഉപയോഗിക്കാനാവുന്നതാണ്. ജില്ലാ പഞ്ചായത്ത് മുൻ വർഷം ഫണ്ട് അനുവദിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അവസാനത്തിൽ ഫണ്ട് മറ്റൊരു റോഡിന്റെ മരാമത്തിന് മാറ്റുകയാണുണ്ടായത്.
ഈ റോഡിൻ്റെ സൈഡ് കെട്ടി ഉയർത്തുകയും, കാട്ടിൽ നിന്നൊഴുകി വരുന്ന ജലത്തെ സുരക്ഷിതമാക്കി മാണിക്യാംകുന്ന് ഭാഗത്തെ തോട്ടിലൂടെ പാടത്തേക്കെത്തിക്കുകയും ചെയ്താൽ മാത്രമേ റോഡിന് സുരക്ഷ ഉറപ്പ് വരുത്താനാകൂ. 3 ദിവസത്തിലധികമായി തകർന്ന് കിടക്കുന്ന പാലം കല്ലുകളും ,തെങ്ങിൻ്റെ തണ്ടും, ഒരു ചുവന്ന തുണിയും ഉപയോഗിച്ച് മറച്ചുവെക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. പഞ്ചായത്ത് എഞ്ചിനീയർമാരോ, ജനപ്രതിനിധികളോ സ്ഥലം സന്ദർശിക്കാൻ പോലും ഇവിടേക്ക് എത്തിയില്ലെന്നും നാട്ടുകാർ പറയുന്നു. മഴ പെയ്താൽ പാലം പൂർണ്ണമായും തകരാനിടയാക്കുമെന്നും,
സ്ക്കൂൾ തുറക്കുന്നതോടെ പ്രദേശത്തെ കുട്ടികളാകും ഏറെ പ്രയാസപ്പെടുകയെന്നും വീട്ടമ്മമാർ പറയുന്നു. മൂന്നര കിലോമീറ്റർ അപ്പുറത്തുള്ള പെരിങ്ങോട് ഹൈസ്‌കൂളിലാണ് പ്രദേശത്തെ വിദ്യാർഥികൾ പഠനം നടത്തുന്നത്. കാറ് ,
ഓട്ടോറിക്ഷ തുടങ്ങിയ വാഹനങ്ങൾ പോലും ഈ വഴിയിലൂടെ വരാൻ പ്രയാസപ്പെടുകയാണെന്നും മഴ പെയ്യുന്നതോടെ ഒരു ഗ്രാമം ഒറ്റപ്പെടാനിടയാകുമെന്നും നാട്ടുകാർ പറയുന്നു.
തകർന്ന പാലത്തിനോട് ചേർന്നാണ് തെക്കേകര അങ്കണവാടി നിൽക്കുന്നത്. പാലം തകർന്നതോടെ അങ്കണവാടിയുടെ പ്രവർത്തനത്തിനും ഭീഷണിയാണെന്നും പ്രദേശവാസികൾ പറയുന്നു. ഈ റോഡിലെ 58 വർഷത്തോളം പഴക്കമുള്ള പാലങ്ങളെല്ലാം തകർച്ച നേരിടുകയാണെന്നും മന്ത്രി രാജേഷ് വിഷയത്തിൽ ഇടപെട്ട് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
ഈ റോഡിനോട് ചേർന്നുള്ള മതുപ്പുള്ളി തെക്കേകര റോഡിൻ്റെ വലിയ വരമ്പ് ഭാഗം മുൻ വർഷത്തെ മഴയിൽ പൂർണ്ണമായും തകർന്നിരുന്നു. റോഡ് ഗതാഗതം തടസ്സപ്പെടുന്നതോടെ അകിലാണം ശിവക്ഷേത്രം, കുട്ടാേ റക്കാവ് ക്ഷേത്രം, സബ് സെൻ്റർ, തുടങ്ങിയ സ്ഥലങ്ങളിലേക്കെത്താനുള്ള ഏക മാർഗ്ഗവും ഇല്ലാതാവുമെന്നും നാട്ടുകാർ പറയുന്നു.
മഴ പെയ്യുന്നതിന് മുന്നെ അടിയന്തിര പ്രാധാന്യത്തോടെ പരിഹാരം കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.