കൊച്ചി: എറണാകുളം ചിറ്റൂര്‍ റോഡില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ലോഫ്‌ളോര്‍ ബസിന് തീപ്പിടിച്ചു. തൊടുപുഴയിലേക്ക് പോവുകയായിരുന്ന ബസില്‍ 21 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ആളപായമില്ല, എല്ലാവരും സുരക്ഷിതരാണ്.
തിങ്കളാഴ്ച മൂന്നു മണിയോടെയായിരുന്നു അപകടം. ബസിന്റെ പിന്‍ഭാഗത്തുനിന്ന് കത്തിത്തുടങ്ങി പിന്നീട് തീഗോളമായി മാറുകയായിരുന്നു. പുറകില്‍ വന്നിരുന്ന
ഇരുചക്രവാഹന യാത്രക്കാരനാണ് വിവരം ഡ്രൈവറെ അറിയിച്ചത്.
നാട്ടുകാരടക്കം ചേര്‍ന്ന് തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് കടവന്ത്രയില്‍ നിന്ന് രണ്ടുയൂണിറ്റ് അഗ്നിരക്ഷാസേന എത്തിയാണ് തീ പൂര്‍ണമായും അണച്ചത്.
അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലായിരുന്നു തീ നിയന്ത്രണ വിധേയമാക്കിയത്. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.