എടപ്പാൾ: തൃശ്ശൂർ പൂരം കലക്കിയതിനെതിരെ ബിജെപി ഒരക്ഷരം പോലും ഉരിയാടാത്തത് സിപിഎം - ആർ എസ് എസ് ബാന്ധവത്തിന്റെ തെളിവാണെന്ന് കെപിസിസി ഉപാധ്യക്ഷൻ അഡ്വ. വി ടി ബൽറാം . പിണറായിയും ആർഎസ്എസും തമ്മിലുള്ള അവിഹിതബന്ധം ഓരോ ദിവസം കഴിയുന്തോറും കൂടുതൽ തെളിവുകളോടെ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്.
ഇന്ത്യാരാജ്യത്തിന്റെ അടിത്തറ കോൺഗ്രസ് ഭരണകാലങ്ങളിലൂടെ ഭദ്രമാക്കിയത് കൊണ്ടാണ് ബിജെപിയുടെ ദുഭരണം ഉണ്ടായിട്ടും രാജ്യം തകരാതെ നിലനിൽക്കുന്നതെന്ന് ബൽറാം വ്യക്തമാക്കി.
വട്ടംകുളം മണ്ഡലം കോൺഗ്രസ് (ഐ ) നേതൃത്വ പരിശീലന ക്യാമ്പ് -മിഷൻ 2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃശൂർ ഡിസിസി ജനറൽ സെക്രട്ടറി ടി എം ചന്ദ്രൻ കാസടുത്തു. മണ്ഡലം പ്രസിഡണ്ട് എൻ വി അഷറഫ് അധ്യക്ഷത വഹിച്ചു. വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം എ നജീബ് മുഖ്യ പ്രഭാഷണം നടത്തി.
ഡിസിസി ജനറൽ സെക്രട്ടറി ടി പി മുഹമ്മദ്, യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡണ്ട് ഹാരിസ് മൂതൂർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ചുള്ളിയിൽ രവീന്ദ്രൻ, പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ കെ ഭാസ്കരൻ വട്ടംകുളം, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി എം മാലതി, പന്നിക്കോട്ട് രവികുമാർ, ക്യാമ്പ് ഡയറക്ടർ ഫിറോസ്ഖാൻ അണ്ണക്കമ്പാട്, ക്യാമ്പ് കോ-ഓർഡിനേറ്റർ പാക്കത്ത് മോഹനൻ എന്നിവർ പ്രസംഗിച്ചു.