കൂലി ചോദിച്ചപ്പോള്‍ മോഷണക്കുറ്റമാരോപിച്ചു; സരിനെതിരെ  ഹെയര്‍ സ്റ്റൈലിസ്റ്റ് ബാവ പട്ടാമ്പി

 



പട്ടാമ്പി: ചെയ്ത ജോലിക്ക് കൂലി ചോദിച്ചപ്പോൾ പാലക്കാട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന പി. സരിന്റെ സഹായി മോഷണക്കുറ്റം ആരോപിച്ചുവെന്ന ആരോപണവുമായി ഹെയർ സ്റ്റൈലിസ്റ്റ് ബാവ പട്ടാമ്പി. സരിന്റെ വീട്ടിൽ നിന്ന് 35000 രൂപ മോഷ്ടിച്ചതായാണ് ആരോപിച്ചതെന്ന് ബാവ പറയുന്നു. സരിന്റെ കൂടെയുള്ള ബോസ് എന്നയാളാണ് മോഷണം ആരോപിച്ചതെന്നും ബാവ പറഞ്ഞു.

പത്തിരുപത് വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്നയാളാണ് താനെന്നും സ്ഥാനാർഥി ആവുന്നതിന് മുമ്പ് നടന്ന ഫോട്ടോഷൂട്ട് മുതൽ വോട്ടെണ്ണുന്നതിന് തലേദിവസം വരെ സരിനെ ഒരുക്കിയത് താനാണെന്നും ബാവ പറഞ്ഞു.




വോട്ടെണ്ണുന്നതിന് തലേ ദിവസം അദ്ദേഹത്തിന്റെ തിരുവില്വാമലയിലെ വീട്ടിൽ വെച്ചാണ് ഒരുക്കങ്ങൾ നടന്നത്. അതുവരെയുള്ള പ്രതിഫലമെല്ലാം സരിൻ കൃത്യമായി ചെയ്തിരുന്നു. എന്നാൽ വോട്ടെണ്ണലിന്റെ തലേ ദിവസം ചെയ്ത ജോലിയുടെ പ്രതിഫലം ചോദിച്ചപ്പോഴാണ് മോഷണക്കുറ്റം ആരോപിച്ചതെന്ന് ബാവ പറയുന്നു.

'പി സരിന്റെ കൂടെ നടക്കുന്ന ബോസ് എന്നയാളോടാണ് പ്രതിഫലം ചോദിച്ചത്. എന്നാൽ തലേദിവസം ഞാൻ സരിന്റെ വീട്ടിൽ നിന്ന് പോയതിന് ശേഷം അവിടെ നിന്ന് 35000 രൂപയോളം നഷ്ടമായെന്ന് ബോസ് പറഞ്ഞു. അത് ഞാനെടുത്തു എന്ന രീതിയിലാണ് ബോസ് സംസാരിച്ചത്.' ബാവ പറഞ്ഞു.

വളരെ ആത്മാർത്ഥതയോടെയാണ് അദ്ദേഹത്തിന് വേണ്ടി ജോലി ചെയ്തത്. സരിൻ ഇത് അറിഞ്ഞിരുന്നുവെങ്കിൽ തന്നോട് വിളിച്ചുപറയണമായിരുന്നുവെന്നും സംഭവത്തിൽ കേസുമായി മുന്നോട്ട് പോവാനാണ് താൽപര്യമെന്നും ബാവ പറഞ്ഞു.


Tags

Below Post Ad