നിലമ്പൂർ: മമ്പാട് എംഇഎസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി ഫാത്തിമ ഫിദയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങളിൽ ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
ആരോപണ വിധേയരായ അധ്യാപകർക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തണം. മരണം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ച സംഭവ വികാസങ്ങളുടെ ദൃസാക്ഷികളായ സഹപാഠികളുടെ മൊഴിയെടുക്കാൻ പോലും ലോക്കൽ പോലീസ് ഇതുവരെ തയ്യാറായിട്ടില്ലെന്ന് കുടുംബം ആരോപിച്ചു
ആരോപണ വിധേയരായ അധ്യാപകരെ മാറ്റിനിർത്തിയുള്ള ഒരു അന്വേഷണം നടത്താൻ ഹയർസെക്കൻഡറി ഡയറക്ടറേറ്റും ഇതുവരെ തയ്യാറായിട്ടില്ല. ആരോപണ വിധേയരായ അധ്യാപകരെ പൂർണമായി സംരക്ഷിക്കുന്ന നിലപാടാണ് സ്കൂൾ മാനേജ്‌മെൻറ് ഇതുവരെ സ്വീകരിച്ചത്.
കോപ്പിയടിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവ വികാസങ്ങൾക്കുശേഷം സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടി ധരിച്ചിരുന്ന യൂണിഫോം പോലും മാറാതെ നേരെ കതകടച്ച് ആത്മഹത്യ ചെയ്യുകയാണ് ഉണ്ടായത് എന്നത് വസ്തുതയായിരിക്കെ, വിഷയം കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് അധ്യാപകരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച ഉണ്ടായി എന്ന യാഥാർത്ഥ്യം ആർക്കും നിഷേധിക്കാൻ കഴിയില്ലെന്ന് ഫിദയുടെ പിതാവ് കെ ഷാജഹാൻ പറഞ്ഞു.
കുട്ടിക്ക് കടുത്ത മാനസിക സംഘർഷം ഉണ്ടാക്കുന്ന വിധം ക്രൂരമായിയാണ് അധ്യാപകർ പെരുമാറിയത് എന്ന് സഹപാഠികൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. സ്കൂളിൽ വിളിച്ചുചേർത്ത പിടിഎ യോഗത്തിൽ കുട്ടിയുടെ മരണത്തെ കുറച്ചു പരാമർശിക്കാനോ, ഒരു അനുശോചനം പ്രകടിപ്പിക്കാൻ പോലുമോ അധ്യാപകരോ മാനേജ്മെന്റോ തയ്യാറായില്ല.
വിഷയത്തിൽ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും ഡിജിപിക്കും കലക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും ഹയർസെക്കൻഡറി ഡയറക്ടർക്കും പരാതി നൽകി കഴിഞ്ഞതായും കെ. ഷാജഹാൻ പറഞ്ഞു.