തിരുമിറ്റക്കോട് :ജില്ലയിൽ ആദ്യത്തെ മാതൃകാ കളി സ്ഥലവും ഓപ്പൺ ഓഡിറ്റോറിയവും സമ്പൂർണ്ണ ഡിജിറ്റൽ ക്ലാസ്സ് മുറികളുമൊരുക്കിയ തൃത്താല ഉപജില്ലയിലെ ചാത്തനൂർ ജി.എൽ.പി.സ്കൂളിൽ
ഇനിമുതൽ പ്രീപ്രൈമറി കുട്ടികൾക്ക് ശീതീകരിച്ച ക്ലാസ് മുറിയിൽ ഇരുന്ന് പഠനം തുടരാം. എയർകണ്ടീഷൻ പ്രവൃത്തികൾ പൂർത്തിയാക്കിയ മുഴുവൻ പ്രീപ്രൈമറി ക്ലാസ്മുറികളുടേയും ഉദ്ഘാടനം തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി. സുഹ്റ നിർവ്വഹിച്ചു. വിദ്യാലയത്തിന് ആധുനിക രീതിയിലുള്ള ശീതീകരണ ജോലികൾ തയ്യാറാക്കി നൽകിയത് വിദ്യാലയത്തിലെ ആദ്യകാല വിദ്യാർത്ഥികളാണ്. എണ്ണായിരത്തിലധികം വരുന്ന പൂർവ്വ വിദ്യാർഥികൾ കഴിഞ്ഞ നവംബറിൽ സ്മൃതിപഥം എന്ന പേരിൽ സ്കൂളിൽ മഹാസംഗമം നടത്തിയിരുന്നു. നാട്ടിലുള്ളവരും വിദേശ രാജ്യങ്ങളിലുള്ളവരുമായി നിരവധി പൂർവ്വ വിദ്യാർഥികൾ ചടങ്ങിൽ പങ്കെടുക്കാനായി നാട്ടിലെത്തിയിരുന്നു. ചാത്തനൂർ ഗ്രാമം ഉത്സവാന്തരീക്ഷത്തിൽ സംഘടിപ്പിച്ച
ഈ സംഗമത്തിൽ പ്രധാനാധ്യാപിക സ്കൂളിൻ്റെ ആവശ്യങ്ങളിൽ ശീതീകരണ ക്ലാസ്സ്മുറികളുടെ ആവശ്യം അവതരിപ്പിച്ചതോടെയാണ് സ്മൃതി പഥത്തിലെ പൂർവ്വവിദ്യാർത്ഥികൾ വിദ്യാലയത്തിന് ക്ലാസ്സ്മുറികളിൽ ശീതീകരണ സൗകര്യം ഒരുക്കി കൊടുത്തത്.
അതോടൊപ്പം, പുനർനിർമ്മിച്ച സ്‌ലൈഡറിൻ്റെ ഉദ്ഘാടനം വാർഡ് മെമ്പർ ടി.പ്രേമ നിർവ്വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ കെ.വി. മൊയ്തുണ്ണി , പി.ശ്യാമള , കെ. ഷംസുദ്ദീൻ , തൃത്താല എ .ഇ .ഒ , കെ. പ്രസാദ് , പി.ആർ. വിജയരാഘവൻ, എസ്.പി. രഘുനാഥ്, എൻ.എസ്. സനൂപ് , കാവുങ്കിൽ ഉണ്ണികൃഷ്ണൻ , പി .ടി . എ പ്രസിഡൻ്റ് ഇ.പി. ദിലീപ് , പി.വി. ഫിറോസ് ഖാൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് മെമ്പർ കെ.വി. മൊയ്തുണ്ണി തൻ്റെ ഒരു മാസത്തെ ഹോണറേറിയം സ്കൂളിൻ്റെ പ്രവർത്തനങ്ങൾക്കായി സംഭാവനയും നൽകി. പഠന പാഠ്യേതര കാര്യങ്ങളിലും ഭൗതിക നേട്ടങ്ങളിലും
ജനകീയ ഇടപെടലുകൾക്ക് മാതൃകയായിട്ടുള്ള ചാത്തനൂർ ജി.എൽ .പി.സ്കൂൾ ജില്ലാ , ഉപജില്ലാ തലങ്ങളിൽ നിരവധി തവണ പി.ടി.എ. അവാർഡ് നേടിയിട്ടുണ്ടെന്ന് പി.ടി.എ പ്രസിഡൻ്റ് ഇ.പി.ദിലീപ്, പ്രധാനാധ്യാപിക എം.സി.സുമയ്യ , എസ്.എം.സി ചെയർമാൻ ടി.വി. ഷാജിമോൻ എന്നിവർ പറഞ്ഞു.