തൃത്താലയിലെ എയ്ഡഡ് ഹൈസ്‌കൂള്‍ ആയ ഡോക്ടര്‍ കെ.ബി മേനോന്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണാന്‍ ഈ വിദ്യാലയം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥികളുടെ കൂട്ടായ്മായായ തൃത്താല ഹൈസ്കൂൾ സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പൊതു വിദ്യാലയങ്ങള്‍ അനുദിനം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഭൗതിക സാഹചര്യങ്ങളുടെ പോരായ്മയാല്‍ ശോഷിച്ചു കൊണ്ടിരിക്കുന്ന ഒരു വിദ്യാലയമാണ് തൃത്താല ഹൈസ്‌ക്കൂള്‍.കാലപ്പഴക്കം ചെന്നതും സുരക്ഷിതമല്ലാത്തതുമായ കെട്ടിടങ്ങളും ഉപയോഗ യോഗ്യമല്ലാതായ ബസുകളുമാണ് വിദ്യാലയത്തില്‍ ഉള്ളത്.വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ ശുചിമുറികളോ അനുബന്ധ സൗകര്യങ്ങളോ ഇല്ല.ക്ലാസ് മുറികളില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ഫര്‍ണിച്ചറുകളാണുള്ളത്.
ഓരോ വര്‍ഷവും ഫിറ്റ്‌നസ് ലഭിക്കുന്നതിന് സ്‌കൂളിലെ അദ്ധ്യാപകരും മറ്റ് ജീവനക്കാരും ചേര്‍ന്ന് പിരിവെടുത്താണ് വര്‍ഷാന്ത്യ അറ്റകുറ്റ പണികള്‍ നടത്തുന്നത്. ശമ്പളം ലഭിക്കാതെ വര്‍ഷങ്ങളോളമായി ജോലി ചെയ്യുന്ന പത്തോളം അദ്ധ്യാപകരും ഇവിടെയുണ്ട്.
മാനേജ്മെന്റ് തര്‍ക്കം മൂലം വര്‍ഷങ്ങളായി വിദ്യാലയത്തിന്റെ വളര്‍ച്ച മുരടിച്ചു നില്‍ക്കുകയാണ്. നേരത്തെയുണ്ടായിരുന്ന മാനേജ്‌മെന്റ് കമ്മിറ്റി ഇരു വിഭാഗങ്ങളായി പിരിഞ്ഞ് 2008 മുതല്‍ കോടതി വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.
1953ല്‍ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ഡോക്ടര്‍.കെ.ബി.മേനോനാണ് തൃത്താല ഹൈസ്‌കൂള്‍ സ്ഥാപിച്ചത്.നാട്ടുകാര്‍ സൗജന്യമായി നല്‍കിയ സ്ഥലത്ത് നാട്ടുകാര്‍ കെട്ടിപ്പൊക്കിയ വിദ്യാലയത്തിന്റെ നടത്തിപ്പ് അന്ന് നിലവിലുണ്ടായിരുന്ന തൃത്താല എജുക്കേഷണല്‍ സൊസൈറ്റിക്ക് കീഴിലുള്ള മാനേജ്‌മെന്റ് കമ്മിറ്റിക്കായിരുന്നു. എന്നാല്‍ പിന്നീട് ഈ കമ്മിറ്റിയില്‍ നാട്ടുകാര്‍ പോലുമല്ലാത്ത അനര്‍ഹര്‍ കൃത്രിമ മാര്‍ഗങ്ങളിലൂടെ കയറിപ്പറ്റുകയും വിദ്യാഭ്യാസ കച്ചവടത്തിലേര്‍പ്പെടാനും തുടങ്ങി.പിന്നീട് അവര്‍ക്കിടയില്‍ അധികാരത്തര്‍ക്കം ഉടലെടുക്കുകയും ചെയ്തു.
വര്‍ഷങ്ങള്‍ നീണ്ട കോടതി വ്യവഹാരങ്ങള്‍ക്ക് ശേഷം,മാനേജ്‌മെന്റ് തര്‍ക്കത്തിന് തീര്‍പ്പ് കല്‍പ്പിക്കാന്‍ പാലക്കാട് വിദ്യഭ്യാസ ഡെപ്യുട്ടി ഡയരക്ടറോട് കോടതി നിര്‍ദേശിക്കുകയായിരുന്നു.വിദ്യാഭ്യാസ ഉപ ഡയരക്ടര്‍ ബന്ധപ്പെട്ടവരോട് രേഖകള്‍ ആവശ്യപ്പെടുകയും വിചാരണ നടത്തുകയും ഒടുവില്‍ റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിക്കുകയും ചെയ്തു.
റിപ്പോര്‍ട്ട് പ്രകാരം നിലവിലെ മാനേജ്‌മെന്റ് കമ്മിറ്റിക്ക് നിയമ സാധുതയില്ലെന്നും കൃത്രിമ രേഖകള്‍ സമര്‍പ്പിച്ചാണ് സൊസൈറ്റിയില്‍ നിലവിലുള്ളവര്‍ കയറിപ്പറ്റിയതെന്നും അറിയിക്കുന്നുണ്ട്.ഈ റിപ്പോര്‍ട്ട് വിദ്യഭ്യാസ വകുപ്പും ഹൈക്കോടതിയും അംഗീകരിച്ചിട്ടുമുണ്ട്. തൃത്താല എജുക്കേഷന്‍ സൊസൈറ്റി നില നില്‍ക്കില്ല എന്ന ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് കഴിഞ്ഞ 2023 നവംബര്‍ 11 നാണ് പുറത്തു വന്നത്.ഇതിന് ശേഷം ഡി.ഇ.ഒയുടെ താല്‍കാലിക ചുമതലിയാണ് ഈ വിദ്യാാലയം പ്രവര്‍ത്തിക്കുന്നത്.
മാനേജ്‌മെന്റ് തര്‍ക്കം മൂലം പതിറ്റാണ്ടുകളുടെ വികസനമാണ് ഈ വിദ്യാലയത്തിന് നഷ്ടമായത്.കട്ടപ്പുറത്ത് കയറിയ ബസ്സുകളും അറ്റകുറ്റപ്പണികള്‍ മുടങ്ങിപ്പോയതിനാല്‍ തകര്‍ന്നു തുടങ്ങിയതും, പാതി വഴിയില്‍ നിര്‍മ്മാണം ഉപേക്ഷിച്ച നിലയിലും ഉള്ള കെട്ടിടങ്ങളും, നശിച്ച കളിസ്ഥലങ്ങളുമൊക്കെയാണ് ആണ് ഇന്ന് തൃത്താല ഹൈസ്‌കൂളിന്റെ അടയാളങ്ങള്‍.
മുവ്വായിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് രക്ഷിതാക്കളെ ആശങ്കപ്പെടുത്തുന്നതാണ്.ജില്ലയില്‍ തന്നെ മികച്ച ജില്ലയില്‍ പ്രകടനം കാഴ്ച വെക്കുന്ന വിദ്യാലയം മുമ്പ് ജില്ലാ കായിക മേളക്കും റവന്യൂ ജില്ലാ കലോത്സവത്തിനം വേദിയായിട്ടുണ്ട്.
പൈതൃകങ്ങളും ഐതിഹ്യങ്ങളും നിറഞ്ഞ തൃത്താലയുടെ മണ്ണില്‍ വലിയൊരു പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക് പ്രതീക്ഷയാകേണ്ട ഈ വിദ്യാലയം മാനേജ്‌മെന്റിന്റെ അനിശ്ചിതത്വം മൂലം നാശത്തിന്റെ വക്കിലാണുള്ളത്. സ്‌കൂളിനെ പഴയ കാല പ്രൗഢിയിലേക്കും പ്രതാപങ്ങളിലേക്കും തിരിച്ചു കൊണ്ടുവരുന്നതിന് ഈ വിദ്യാലയം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് സ്ഥലം എം.എല്‍.എ യും തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രിയുമായ എം.ബി രാജേഷിനും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിക്കും തൃത്താല ഹൈസ്കൂൾ സംരക്ഷണ സമിതി നേതൃത്വത്തില്‍ നിവേദനം നല്‍കിയിട്ടുണ്ട്.വിദ്യഭ്യാസ സംരക്ഷണ യത്‌നം ഏറ്റെടുത്ത സര്‍ക്കാര്‍ ഇതിനകം സ്വകാര്യ മാനേജ്‌മെന്റ് വിദ്യാലയങ്ങള്‍ പലതും ഏറ്റെടുത്തിട്ടുണ്ട്.
തൃത്താല എംഎൽഎയും തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രിയുമായ എം ബി രാജേഷിൽ നിന്ന് ഹൈസ്കൂൾ സർക്കാർ ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട് എന്ന വിവരം ലഭിച്ചിട്ടുണ്ട്. ഇവിടെ മാനേജ്‌മെന്റ് നിലവിലില്ലാത്തതിനാലും,സ്‌കൂളിന്റെ സ്ഥാവര ജംഗമ വസ്തുക്കള്‍ സര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കുമെന്ന് എജ്യുക്കേഷനല്‍ സൊസൈറ്റിയുടെ ഭരണഘടന വിഭാവനം ചെയ്യുന്നത് കൊണ്ടും സര്‍ക്കാരിനു പ്രത്യേക ബാധ്യതകള്‍ വരുന്നുമില്ല.
ഈ വിദ്യാലയം എത്രയും വേഗത്തില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് രക്ഷിതാക്കളുടെ ആശങ്ക അകറ്റണമെന്ന് സേവ് ടി.എച്ച്.എസ് എന്ന മുദ്രാവാക്യം മുന്നോട്ട് വെച്ച പ്രവർത്തിക്കുന്ന തൃത്താല ഹൈസ്കൂൾ സംരക്ഷണ സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.