ലഹരിക്കെതിരെ ജാഗ്രത പുലർത്തണം: മന്ത്രി എം ബി രാജേഷ്

 



ആനക്കര :സാമൂഹ്യ വിപത്തായ ലഹരിയെ ഉരുക്ക് മുഷ്ഠി ഉപയോഗിച്ച് അടിച്ചമർത്തുമെന്നും സമൂഹത്തിൻ്റെ മുഴുവൻ ജാഗ്രത ലഹരിക്കെതിരെ വേണമെന്നും തദ്ദേശസ്വയംഭരണ-എക്സൈസ്- പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അഭിപ്രായപ്പെട്ടു.ആനക്കര ഗവ. ഹയർസെക്കൻ്ററി സ്കൂളിലെ  പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 

യാഥാർത്ഥ്യത്തെ ഉൾക്കൊണ്ട് ഗൗരവത്തോടെ ഈ വിപത്തിനെ ചെറുക്കാൻ രക്ഷിതാക്കളും തയ്യാറാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻ്റെ ഭാഗമായി വിദ്യാദ്യാസ രംഗത്ത് സർക്കാർ 3500 കോടി രൂപയാണ് വിനിയോഗിച്ചത്. തൃത്താല മണ്ഡലത്തിൽ മാത്രം 49. 67 കോടി രൂപ വിദ്യാഭ്യാസ മേഖലയിൽ ചെലവഴിച്ചു.സർക്കാർ പൊതു വിദ്യാഭ്യാസത്തിന് നൽകുന്ന പ്രാധാന്യത്തിന്റെ തെളിവാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 



കേരളത്തിൻറെ വികസന പ്രവർത്തനങ്ങൾക്ക് കിഫ്ബി ഫണ്ടുകളുടെ സാധ്യത ഉപയോഗപ്പെടുത്താൻ സർക്കാരിന് കഴിഞ്ഞു .വൻ വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കാൻ കിഫ്ബി ഫണ്ട് സഹായകമായി.അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളിലും വൻ കുതിച്ചുചാട്ടമാണ് കിഫ്ബി ഫണ്ടിലൂടെ നടത്തിയതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ആനക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് അധ്യക്ഷനായി. കപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ, ജില്ലാ പഞ്ചായത്ത് അംഗം വി പി ഷാനിബ , ആനക്കര ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി കെ ബാലചന്ദ്രൻ, പിസി രാജു, സി പി സവിത ടീച്ചർ, പഞ്ചായത്ത് അംഗങ്ങൾ, പിടിഎ ഭാരവാഹികൾ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. 

സ്കൂൾ പ്രിൻസിപ്പാൾ എ കെ അനിൽ കുമാർ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ സുരേന്ദ്രൻ നന്ദിയും പറഞ്ഞു. പഞ്ചായത്ത് അസി. എഞ്ചിനീയർ രശ്മി കെ നായർ റിപ്പോർട്ട് അവതരിപ്പിച്ചു.



സംസ്ഥാന സർക്കാരിന്റെ നവകേരളം കർമ്മപദ്ധതി-വിദ്യാകിരണം മിഷന്റെ ഭാഗമായി കിഫ്ബി ഫണ്ടിൽനിന്നും 3.90 കോടി  രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച തൃത്താല നിയോജകമണ്ഡലത്തിലെ ആദ്യ കെട്ടിടം ആനക്കര ഗവ. ഹയർസെക്കൻ്ററി സ്കൂളിലേതാണ്.മന്ത്രി എം ബി രാജേഷിൻ്റെ ശ്രമഫലമായാണ് ഫണ്ട് ലഭ്യമായത്.തൃത്താല മണ്ഡലത്തിൽ 9 വിദ്യാലങ്ങളിലാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നത്. അതിൽ ആനക്കര ഗവ. ഹയർസെക്കൻ്ററി വിദ്യാലയമുൾപ്പെടെ ആറ് വിദ്യാലയങ്ങൾക്കാണ് 3.90 കോടി  രൂപ അനുവദിച്ചിട്ടുള്ളത് .

13928.39 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിൽ മൂന്ന് നിലകളിലായി ആധുനിക സൗകര്യങ്ങളോടെയാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. ഓരോ നിലയിലും ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 6 ക്ലാസ് റൂം , 4 ലാബ് മുറികൾ, പെൺകുട്ടികൾക്ക് ആർത്തവ ദിനങ്ങളിൽ വിശ്രമിക്കുന്നതിനായി പ്രത്യേകം ഒരു മുറി കൂടി സജ്ജീകരിച്ചിട്ടുണ്ട്. ഭാവിയിൽ ലിഫ്റ്റ് സംവിധാനം ഒരുക്കാൻ വേണ്ട സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

Below Post Ad