പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലെ കളിക്കമ്പക്കാരുടെ പറുദീസയായി മാറുകയാണ് മൂന്ന് ജില്ലകളേയും തൊട്ടുരുമ്മി നിൽക്കുന്ന ചാലിശ്ശേരിയിലെ ഫ്ലഡ് ലൈറ്റ് ഗാലറി.ഇവിടെ നടന്നു വരുന്ന അഖിലേന്ത്യാ ഫുട്ബോൾ ടൂർണ്ണമെൻ്റ് കാണാൻ വൻ ജനക്കൂട്ടമാണ് ദിനേന എത്തുന്നത്.
തിങ്കളാഴ്ച രാത്രി നടന്ന കളി ആവേശപ്പോരിലാണ് കലാശിച്ചത്. കളി തുടങ്ങി മിനിറ്റുകൾക്കകം രണ്ട് ഗോളടിച്ച് മുന്നിട്ട് നിന്നിരുന്ന കോട്ടക്കൽ സബാൻ്റെ ഗോൾ മുഖത്തക്ക് മിന്നുന്ന ഷോട്ടുകൾ ഉതിർത്ത് രണ്ടാം പകുതിയിൽ കോഴിക്കോട് അതിശക്തമായി തിരിച്ചെത്തി. കോഴിക്കോട് 2 ഗോൾ മടക്കിയതോടെ മൈതാനത്ത് കായിക പ്രേമികളുടെ ആർപ്പു വിളികൾ ഉയർന്നു.
സബാൻ കോട്ടക്കൽ വീണ്ടും ഒരു ഗോൾ അടിച്ച് ലീഡ് ഉയർത്തിയെങ്കിലും ഗോളടിച്ചതിൻ്റെ സന്തോഷംഅണയുമ്പോഴക്കും കോഴിക്കോട് തിരിച്ചടിച്ച് സ്കോർ -3-3 ആയി സമനിലയിലെത്തി. കളി തീരുവാൻ മിനിറ്റുകൾ ബാക്കി നിൽക്കെ അതിജീവനത്തിനായി പോരാടിയ കോഴിക്കോട് നാലാം ഗോളടിച്ച് ലീഡ് ഉയർത്തി. 4-3ന് സബാൻ കോട്ടക്കലിനെ കീഴടക്കി, ആദ്യപാദത്തിൽ കോഴിക്കോട് തിളങ്ങുന്ന വിജയം കൈവരിച്ചു. ആവേശകരമായ മൽസരം അവസാനം വരെ സസ്പെൻസ് നിലനിർത്തി.
ടീമിന്റെ ഐക്യവും തന്ത്രങ്ങളും കാണികളുടെ പിൻതുണയും വിജയത്തിന് വഴിയൊരുക്കി.ആദ്യ സെമിയുടെ രണ്ടാം പാദ മൽസരത്തിൽ ബുധനാഴ്ച ഇരുടീമുകളും വീണ്ടും ഏറ്റുമുട്ടും.
CSA ചെയർമാൻ വി.വി ബാലകൃഷ്ണൻ, കൺവീനർ എം.എം അഹമ്മദുണ്ണി, ട്രഷറർ ജ്യോതിദേവ്, കോ-ഓർഡിനേറ്റർമാരായ ടി.കെ സുനിൽകുമാർ, ടി.എ രണദിവെ എന്നിവർ നേതൃത്വം നൽകി.