കൂടല്ലൂർ കൂട്ടക്കടവ് റെഗുലേറ്റർ: മെക്കാനിക്കൽ ജോലിക്ക് അനുമതിയായില്ല

 


കൂടല്ലൂർ: സിവിൽ ജോലികൾ അവസാനഘട്ടത്തിലായിട്ടും മെക്കാനിക്കൽ വിഭാഗം ജോലികൾ ആരംഭിക്കാൻ കഴിയാതെ കൂടല്ലൂർ കൂട്ടക്കടവ് റെഗുലേറ്റർ. പദ്ധതിയുടെ മെക്കാനിക്കൽ ജോലികളുടെ റിവേഴ്സ് എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടും സർക്കാർ അംഗീകാരം ലഭിക്കാത്തതാണ് തടസ്സം. ആറുമാസം മുൻപാണ് അനുമതി തേടി റിവേഴ്സ് എസ്റ്റിമേറ്റ് സമർപ്പിച്ചത്.

ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിക്കാണ് മെക്കാനിക്കൽ ജോലികളുടെ ചുമതല. മെക്കാനിക്കൽ വിഭാഗം ജോലികൾ തുടങ്ങിയാൽ മാത്രമേ റെഗുലറ്ററിന്റെ അവശേഷിക്കുന്ന സിവിൽ ജോലികളടക്കം തുടങ്ങാൻ കഴിയൂ. ഷട്ടർ, മോട്ടർ, നടപ്പാത, വാച്ച് റൂം ഉൾപ്പടെയുള്ള ജോലികളാണ് മെക്കാനിക്കൽ വിഭാഗത്തിൽ ഉൾപെടുക. തൂണുകളുടെ നിർമാണം, എപ്രണുകൾ, സംരക്ഷണഭിത്തി ഉൾപ്പടെയുള്ള ജോലികളാണ് സിവിൽ വിഭാഗത്തിൽ ഉൾപ്പെടുന്നത്. 19 തൂണുകളുള്ള റെഗുലേറ്ററിന്റെറെ ഒരു തൂണിൻ്റെ ഉയരം വർധിപ്പിക്കുന്ന ജോലികൂടി കഴിഞ്ഞാൽ സിവിൽ ജോലികൾ പൂർത്തിയാകും.

35 കോടി രൂപ ചെലവിൽ 'റീബിൽഡ് കേരള' പദ്ധതിയിലുൾപ്പെടുത്തിയാണ് പദ്ധതിയുടെ നിർമാണം പുനരാരംഭിച്ചത്. ആനക്കര, പട്ടിത്തറ, പരുതൂർ, ഇരിമ്പിളിയം ഉൾപ്പെടെ നാല് പഞ്ചായത്തുകൾക്ക് ഗുണകരമാകുന്നതാണ് പദ്ധതി.

പദ്ധതിയെ ആശ്രയിച്ച് വിവിധ പഞ്ചായത്തുകളിൽ ജലസേചന-ശുദ്ധജല പദ്ധതികളുടെ നിർമാണവും പുരോഗമിക്കുന്നുണ്ട്. ഇരിമ്പിളിയം, കാരമ്പത്തൂർ ശുദ്ധജല പദ്ധതികളുടെ ജലസ്രോതസു കൂടിയാണ് കൂട്ടക്കടവ് പദ്ധതി പ്രദേശം.

Below Post Ad