![]() |
പട്ടാമ്പി : ഏറെക്കാലം നീണ്ടുനിന്ന ദുരിതകാലം പൂർണമായി മാറി, കല്പക ജങ്ഷൻ പാത മുഖംമിനുക്കി. ഷൊർണൂർ ഐപിടി-പട്ടാമ്പി നിളാ ആശുപത്രി പാത റബ്ബറൈസ് ചെയ്യുന്നതിൻ്റെ ഭാഗമായാണ് ഒന്നാംഘട്ട ടാറിങ് നടന്നത്. കൂടാതെ, ഇരുഭാഗത്തും കൂടുതൽ വീതിയിലും ആഴത്തിലും ആഴുക്കുചാലുകൾ നിർമിക്കുന്നുണ്ട്. പാത ഉയർത്തിയിട്ടുമുണ്ട്. വെള്ളം കാനകളിലേക്ക് ഒഴിഞ്ഞുപോകാൻ പാർശ്വഭിത്തികളിൽ ദ്വാരങ്ങളുമുണ്ട്.
കുളപ്പുള്ളി, ചെർപ്പുളശ്ശേരി എന്നിവിടങ്ങളിൽനിന്നുള്ള, ഏറെ ഉയരമുള്ള പാത മേലേപട്ടാമ്പി പള്ളി ജങ്ഷൻ വഴി, താഴ്ന്നുകിടക്കുന്ന കല്പക ജങ്ഷനിലാണ് ചേരുന്നത്. അതുകൊണ്ടുതന്നെ മഴപെയ്‌താൽ കുത്തിയൊലിച്ചെത്തുന്ന ചെളിവെള്ളം ഇവിടെ ഏറെക്കാലം കെട്ടിനിൽക്കുക പതിവാണ്. കാനകൾ പാതയോരങ്ങളിൽ എല്ലാ സ്ഥലത്തുമില്ലാത്തതും അവയ്ക്ക് വീതിയും ആഴവും കുറവായതും ചപ്പുചവറുകൾ അടിഞ്ഞ് വെള്ളം ഒഴുകിപ്പോകാത്തതും വലിയപ്രശ്നങ്ങൾ സൃഷ്‌ടിച്ചിരുന്നു.
മുൻപ്, പാത നന്നാക്കിയാലും വെള്ളം കെട്ടിനിന്ന് ടാറിങ് വേഗം തകർന്ന് പാതയിൽ വൻ കുഴികൾ നിറയുന്നതും പതിവായിരുന്നു. കോളേജ് വഴി വരുന്ന ഒരു പാതയും കിഴായൂരിൽനിന്നുള്ള മറ്റൊരു പാതയും കല്പക ജങ്ഷനിൽ വന്നുചേരുന്നുണ്ട്. ഇതിൽ കിഴായൂർ പാതയിൽനിന്നുള്ള മഴവെള്ളവും ജങ്ഷനിലാണ് എത്തുക. ഇതിനെല്ലാം പരിഹാരമായാണ് പാതനവീകരണം.
അവസാനഘട്ട റബ്ബറൈസിങ് നടക്കുമ്പോൾ ആറുസെന്റീമീറ്റർകൂടി പാതയ്ക്ക് ഉയരമുണ്ടാകും. നവീകരണം നടന്ന പാതയ്ക്ക് 15 മീറ്റർമുതൽ 22 മീറ്റർവരെ വീതിയുണ്ട്. വലിയ കച്ചവടകേന്ദ്രമായി മാറിവരുന്ന മേലേപട്ടാമ്പി കല്പക ജങ്ഷനിൽ പാതനവീകരണം ഏറെ ഗുണം ചെയ്യും. ഏറെക്കാലമായി ഒരുകിലോമീറ്റർ നീളമുള്ള ഈ ദുർഘടപാത താണ്ടാൻ വാഹനങ്ങൾക്ക് 10 മിനിറ്റോളം അധികസമയം വേണ്ടിയിരുന്നു. ബസുകൾക്ക് സമയനിഷ്ഠ
പാലിക്കാനായിരുന്നില്ല. അതുമാറിയത് വലിയ ആശ്വാസമാവുകയാണ്.