പത്താം തരം വിദ്യാർത്ഥിനി മലീഹയുടെ വേർപാടിൽ വിതുമ്പി വിദ്യാലയം

 




മണ്ണാർക്കാട് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി മലീഹയുടെ അപ്രതീക്ഷിത വേർപാടിൽ സ്കൂൾ ഒന്നടങ്കം വിതുമ്പുകയാണ്. മിനിഞ്ഞാന്ന് തികച്ചും അവിചാരിതമായി ഒരു ഹൃദയസ്തംഭനത്തിന്റെ രൂപത്തിൽ മരണം അവളെ നമ്മിൽ നിന്നും തട്ടിയെടുത്തപ്പോൾ, മാഞ്ഞുപോയത് ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായിരുന്നു.

വലിയ പ്രതീക്ഷകളുമായി എട്ടാം തരത്തിൽ ഈ വിദ്യാലയത്തിലേക്ക് ഒരു പൂമ്പാറ്റയെപ്പോലെ പറന്നുവന്ന മലീഹ, ചുരുങ്ങിയ കാലം കൊണ്ട് അധ്യാപകരുടെയും സഹപാഠികളുടെയും ഹൃദയത്തിൽ ഇടംനേടി. അവളുടെ മുഖത്ത് വിടർന്നിരുന്ന ആ പുഞ്ചിരിയായിരുന്നു മലീഹയുടെ മുഖമുദ്ര. കൃത്യനിഷ്ഠത, പക്വത, അടക്കം, ഒതുക്കം തുടങ്ങിയ എല്ലാ സവിശേഷ ഗുണങ്ങളും അവളിൽ ഒത്തുചേർന്നിരുന്നു. ഒരു വിദ്യാർത്ഥിനി എങ്ങനെയായിരിക്കണം എന്നതിന് ഉത്തമ ഉദാഹരണമായിരുന്നു നമ്മുടെ മലീഹ.


പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഒരുപോലെ അവൾ തിളങ്ങി. മദ്രസയിൽ നിന്നും സ്കൂളിൽ നിന്നും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. സബ്ജില്ലാ കലോത്സവത്തിൽ കന്നഡ കവിതാരചനയിൽ ഒന്നാം സ്ഥാനം നേടിയത് അവളുടെ പ്രതിഭയുടെ ഒരു തിളക്കം മാത്രം. SSLC പരീക്ഷയിൽ മികച്ച വിജയം നേടണമെന്ന അടങ്ങാത്ത ആഗ്രഹത്തോടെ കഠിനാധ്വാനം ചെയ്തു തുടങ്ങിയ ആ മിടുക്കിയുടെ സ്വപ്നങ്ങൾ പാതിവഴിയിൽ നിലച്ചുപോയി.


ഉപ്പയുടെയും ഉമ്മയുടെയും പ്രിയപ്പെട്ട മോളും, കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും 'ചിന്നു മോളും' ആയിരുന്നു അവൾ. അവളെ പഠിപ്പിച്ച ഓരോ അധ്യാപകർക്കും അവളെക്കുറിച്ച് പറയാൻ നല്ല ഓർമ്മകൾ മാത്രം. അവളുടെ ബാഗും, പുസ്തകങ്ങളും, വസ്ത്രധാരണവും ആ ജീവിതം പോലെത്തന്നെ വളരെ ചിട്ടയുള്ളതും വൃത്തിയുള്ളതുമായിരുന്നു.


മലീഹ ഇന്ന് നമ്മോടൊപ്പമില്ല, പക്ഷേ ആ പുഞ്ചിരിക്കുന്ന ഓർമ്മകൾക്ക് മരണമില്ല. നമ്മുടെ പ്രാർത്ഥനകളിൽ ആ പ്രിയ മോളെ ഓർക്കാം. മലീഹയുടെ വേർപാടിൽ വേദനിക്കുന്ന പ്രിയപ്പെട്ട ഉപ്പയെയും ഉമ്മയെയും അനുജനെയും ഈ സ്ഥാപനം സ്നേഹത്തോടെ ചേർത്തുപിടിക്കുന്നു. അവരുടെ ദുഃഖത്തിൽ ഞങ്ങൾ ഓരോരുത്തരും പങ്കുചേരുന്നു.

പ്രിയ മോളേ, വിട... 

നിന്റെ ഓർമ്മകൾ എന്നും ഞങ്ങളുടെ ഹൃദയത്തിൽ ജീവിക്കും.

പ്രാർത്ഥനകളിൽ നീ എപ്പോഴും ഞങ്ങളോടൊപ്പം

ആദരാഞ്ജലികളോടെ,

MES HSS Mannarkkd



Below Post Ad