പട്ടാമ്പി പാലത്തിന്റെയും ഫയര്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെയും നിര്‍മ്മാണോദ്ഘാടനം നടന്നു. ഉദ്ഘാടനം മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, എം.ബി രാജേഷ് എന്നിവര്‍ നിര്‍വഹിച്ചു
പശ്ചാത്തല വികസന മേഖലയുടെ ഹബ്ബായി കേരളം മാറുകയാണെന്ന് പെതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പട്ടാമ്പി പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
അടിസ്ഥാന സൗകര്യ വികസനമേഖലയില്‍ വന്‍ കുതിപ്പാണ് കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടയില്‍ കേരളത്തില്‍ സാധ്യമായത്. മികച്ച റോഡുകളും പാലങ്ങളും മേല്‍പ്പാലങ്ങളും കെട്ടിടങ്ങളും ഈ നാട് നേരിട്ട് അനുഭവിച്ച വികസനമാണ്. പെരുമ്പിലാവ് - നിലമ്പൂര്‍ സംസ്ഥാന പാതയിലെ പ്രധാന പാലമാണ് പട്ടാമ്പി പാലം. നിലവിലുള്ള പാലം ഇപ്പോഴത്തെ വാഹന സാന്ദ്രതയെ ഉള്‍ക്കൊളളാന്‍ പര്യാപ്തമല്ലാത്തതിനാലാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. നാടിന്റെ പൊതുവികസനത്തിന് ഗതിവേഗം പകര്‍ന്ന് പൊതുമരാമത്ത് വകുപ്പ് കുതിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പട്ടാമ്പി ഫയര്‍ സ്റ്റേഷന്റെ നിര്‍മ്മാണോദ്ഘാടനം തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിച്ചു. പ്രദേശത്തിന്റെ സ്വപ്നമാണ് പദ്ധതിയിലൂടെ സാക്ഷാത്ക്കരിക്കപ്പെടുന്നതെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. പുതിയ പാലം നാടിന്റെ മുഖഛായ മാറ്റുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
പട്ടാമ്പി ഇ.എം.എസ് പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ അധ്യക്ഷനായി. പട്ടാമ്പി നഗരസഭ ചെയര്‍പേഴ്സന്‍ ഒ. ലക്ഷ്മിക്കുട്ടി, വൈസ് ചെയര്‍പേഴ്സണ്‍ ടി.പി ഷാജി, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാര്‍, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
