ആ യാത്രയിൽ മുഴുവൻ ജിനൻ ഓർത്തത് അഷിയെ കുറിച്ചാണ്... മയ്യഴിയിലെ മീൻ മണമുള്ള മണലിൽ നിന്ന് അവസാന കാഴ്ച്ചയിൽ വെള്ളിയാകല്ല് കണ്ടത് വരെയുള്ള ഒരുപാട് കുറെ ഓർമ്മകൾ....അറ്റമില്ലാത്ത ഓർമ്മകൾക്ക് ഈ യാത്ര വളരെ ദൈർഘ്യം കുറഞ്ഞതാണെന്ന് അയാൾക്ക് തോന്നി..
ഇതാ... വീണ്ടും തന്റെ സ്നേഹമരത്തിന്റെ ഇലകൾ ആകാശം കാണാൻ പോകുന്നു... അടിമുടി ഒരു വസന്തത്തെ വരവേൽക്കാൻ പോകുന്നു....
മയ്യഴിയുടെ മണ്ണിന് ഒരുപാട് കഥകൾ പറയാനുണ്ടാകും.. പക്ഷേ അയാൾക്ക് അവിടെ പറയാൻ ഒരേയൊരു കഥ മാത്രം.... അഷി....
കയ്യിൽ കരുതിയിരുന്ന പുസ്തകത്തിന്റെ അവസാന പേജിൽ ജിനൻ ഇങ്ങനെ എഴുതി..
" അഷീ....നിന്നോളം ഇന്നേവരെ ആരുമെന്നെ കോരി കുടിച്ചിട്ടില്ല .... "
ഇണക്കം കൊണ്ടും പിണക്കം കൊണ്ടും സ്നേഹം കൊണ്ടും എന്നെ വിസ്മയിപ്പിച്ച എന്റെ സ്വന്തമല്ലാത്ത എന്നാൽ എന്റേത് മാത്രമായ എന്റെ പ്രിയ്യപ്പെട്ടവൾ. .....
അന്നത്തെ വെയിലിന് നല്ല ചൂട് ഉണ്ടായിരുന്നു... പക്ഷേ ഒന്നും ജിനൻ അറിഞ്ഞതേയില്ല... ഈ വഴി ഇത് എത്രാമത്തെ യാത്രയാണെന്ന്... കൃത്യമായി പറയാൻ കഴിയില്ല... കാലം ഒരുപാട് കടന്നുപോയിരിക്കുന്നു... എല്ലാ ഋതുക്കളിലും ഞാൻ ഇതിലെ കടന്നുപോയി....
അല്ല...
എല്ലാ ഋതുക്കളും ഞങ്ങളിലൂടെ കടന്നുപോയി..
മയ്യഴിയുടെ മണ്ണിൽ കാലുകുത്തുമ്പോൾ തന്നെ.. മനസ്സിൽ നിന്ന് ആഹ്ലാദത്തിന്റെ വർണ്ണപ്പട്ടങ്ങൾ മയ്യഴിയുടെ ആകാശങ്ങളെ മുത്തമിടും
അഷി... ന്റെ.. അഷി.......
നിറങ്ങളെ പോലും ജിനൻ അടയാളപ്പെടുത്തുക അഷി യിലൂടെയാണ്.. ആദ്യ കാഴ്ച മുതൽ പിന്നെ ഇങ്ങോട്ടുള്ള ഓരോ കാഴ്ചയിലും ഓരോ നിറങ്ങൾ.... പക്ഷേ ഓർമ്മകൾക്ക് ഇന്നും ഒരൊറ്റ നിറം... കടലിന്റെ നിറം... നീല.. അല്ല പച്ച..... ഇന്നും വേർതിരിച്ചെടുക്കാൻ അറിയാത്ത.. ഒറ്റ നിറം.
ബിസ്മില്ലാഹിലെ നൂറ്റി മൂന്നാം മുറിയുടെ ജനലിലൂടെ കടൽ നോക്കി ഇരുന്നപ്പോൾ വിരലുകൾ കോർത്തു വെച്ച് ആഷി ജിനനോട് ചോദിച്ചു
നോക്കു.. ജിനൻ ... പ്രണയത്തിന്റെ നിറം ഏതാണ്?
നീണ്ട ആലോചനക്ക് ശേഷം ജിനൻ പറഞ്ഞു...
നീല... കടും നീല ....
നീലയോ?
അതെ അതാ നോക്കു ആ കടൽ പോലെ നീല....
ആ കടലിലേക്ക് നോക്കി.. അവൾ മെല്ലെ ചിരിച്ചു.....
അപ്പോൾ സന്ധ്യക്കാണ് ഞാൻ ഇത് ചോദിച്ചിരുന്നെങ്കിൽ നീ എന്ത് പറയുമാരുന്നു...?
അകലെ നിന്ന് ഓടിയടുത്ത ഒരു തിരയിൽ അവരുടെ കാൽ പാദങ്ങൾ നനഞ്ഞു...
അതെ.. . പ്രണയത്തിന് പല നിറങ്ങളാണ് പല ഭാവങ്ങൾ ആണ് പല ഗന്ധങ്ങളാണ്..
അവൾ വീണ്ടും ചോദിച്ചു
പറയൂ പ്രണയത്തിന്റെ നിറം എന്താണ്
കടലിന്റെ നിറം!
അതെ ആ കടൽ ഇരുമ്പുകയാണ് അയാളുടെ ജീവനിലാകെ.
അനഘയുടെ കാൾ വന്നപ്പോളാണ് അയാൾ പയ്യെ കണ്ണുകൾ തുറന്നത്...
അടുത്ത ട്രാക്കിലൂടെ മറ്റൊരു തീവണ്ടി കൂടി കടന്നു പോയി
ഹലോ.
പറയ്.....
എന്തായി എത്തിയോ?
ഹേയ് ഇല്ല കോഴിക്കോട് കഴിഞ്ഞതേ ഉള്ളു.
ഒന്നും കഴിച്ചിട്ട് ഉണ്ടാകില്ലലോ അല്ലേ?
ഹേയ് ഞാൻ കഴിച്ചോളാം
ശരി എന്നാൽ എത്തിയിട്ട് വിളിക്കാം...
അതെ കിച്ചു എന്തോ പൈസയുടെ കാര്യം വല്ലതും പറഞ്ഞിരുന്നോ?
ഒഹ് ഞാൻ അത് മറന്നു നീ അവനു ഒരു ആയിരം കൊടുത്തേക്ക്.
സ്കൂളിൽ എന്തോ ടൂർ ന്റെ കാര്യം പറഞ്ഞിരുന്നു.
മ്മ്....
എന്തോ പതിവിലും വിപരീതമായി അനഘ ഒന്നും മറുത്ത് പറഞ്ഞില്ല..
പലപ്പോഴും ചോദ്യങ്ങൾക്ക് ഉത്തരം മറു ചോദ്യം ആയിരിക്കും.
അങ്ങനെ നീണ്ട ചോദ്യം ചെയ്യലുകൾക്ക് പതിനേഴ് വർഷത്തെ പഴക്കമായെന്ന്
ജിനൻ ഓർത്തെടുത്തു.
വലതു കയ്യിലെ മോതിര വിരലിലെ മോതിരത്തിൽ കടഞ്ഞിരുന്ന അക്ഷരങ്ങൾ
ജിനൻ ഒന്ന് കൂടി വായിച്ചു
" അനഘ "
വണ്ടി മുന്നോട്ട് പായുന്നു എങ്കിലും ഓർമ്മകൾ റിവേഴ്‌സ് ഗിയറിൽ ആയിരുന്നു...
വാട്സ്ആപ്പ് തുറന്ന് അഷിക്ക് ഒരു മെസ്സേജ് അയച്ചു
കണ്ണൂർ എത്തുന്നു..
പതിവ് പോലെ തന്നെ റിപ്ലേ വന്നു
കണ്ണൂരിലേക്ക്... സുസ്വാഗതം..
ജിനന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..... ഓർമ്മയുടെ അലമാരയിൽ നിന്നും ആ ദിവസത്തെ വീണ്ടും നിവർത്തി വായിച്ചു..
നന്നേ മഴയുള്ള ഒരു രാത്രിയിലാണ്.. ആദ്യമായി ജിനൻ കണ്ണൂർ വണ്ടിയിറങ്ങിയത്...
അന്ന് അഷിയെ വിളിച്ചപ്പോൾ അവൾ പറഞ്ഞ അതേ വാക്കുകൾ.
കണ്ണൂരിലേക്ക്..സുസ്വാഗതം..
വിപ്ലവവും, പ്രണയവും, നൂറ്റാണ്ടുകളുടെ ചരിത്രവും, തിറയും,തറിയും , എല്ലാം ഒന്നിലേക്ക് മാത്രം വന്നുചേരുന്നു... അഷി.....
അന്നത്തേതിൽ പിന്നെ മയ്യഴിയെ ജിനൻ രാത്രിയിൽ കണ്ടിട്ടില്ല...
" ജിനൻ ഇയ്യ് അമ്മ ത്രേസ്യയുടെ പെരുന്നാൾ കാണാൻ വരണം.അന്ന് രാത്രി ആ തിരക്കിനിടയിൽ മ്മക്ക് കൈ കോർത്തു നടക്കണം.
എന്നിട്ട്.
രാത്രിയിൽ വെള്ളിയാംകല്ല് കാണണം.
പിന്നെ?
കടൽ കാണണം. കടല മിട്ടായി തിന്നണം.
മതിയോ?
പോര...
പിന്നെ?
ഒരു കവിത കൂടി പാടി തരണം.
പിന്നേ.?
പിന്നേ നമുക്ക് ഒരുമിച്ചു മുത്തപ്പനെ കാണാൻ പോണം
ഓഹോ
മുത്തപ്പനെ കുറിച്ച് പറയുമ്പോൾ അവളുടെ ഉണ്ടക്കണ്ണുകൾ ഒന്നുകൂടെ വിടരും.
ജാതി മത വർണ്ണ വർഗ്ഗ മന്യേ എല്ലാവരെയും ഒരുപോലെ കാണുന്ന കണ്ണൂർക്കാരുടെ ദൈവം ആണ് മുത്തപ്പൻ എന്ന് അവൾ അഭിമാനത്തോടെ എന്നും പറയുമായിരുന്നു.
ഇനി ആ ഒരു ദിവസം മാത്രമാണ് ഇനി ഞങ്ങൾക്കിടയിൽ സംഭവിക്കാൻ ബാക്കിയുള്ളത്.പിന്നീട് ജിനൻ ചിന്തിച്ചത് തലേന്ന് രാത്രി അഷി ഫേസ്ബുക്കിൽ ഷെയർ ചെയ്ത പോസ്റ്റിനെ കുറിച്ചാണ്...
മുഖ് താരൻ മയിയെ കുറിച്ച് മുൻപ് എവിടെയോ വായിച്ചത് ഓർക്കുന്നു...
വലിയ വിപ്ലവങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കണമെങ്കിൽ
ഇടക്ക് എപ്പോഴേലെങ്കിലും ഒറ്റക്ക് ആകണം....
ഇല്ല ജീവിതത്തിൽ ഞാൻ ഒരു വിപ്ലവവും ഉണ്ടാക്കിയിട്ടില്ല
ഞാൻ ഒറ്റയല്ലാതായിട്ട് വർഷം ഇരുപത് ആകുന്നു.
സ്റ്റേഷനിൽ ഇറങ്ങി ഒരു ചൂട് കാപ്പി ചുണ്ടോട് ചേർക്കാൻ തുടങ്ങവേ അഷിയുടെ കാൾ വന്നു
ഇറങ്ങിയോ?
മ്മ് ഞാൻ ദേ ഇപ്പോ ഇറങ്ങി
ഞാൻ ഇപ്പോ വരാം. പത്തു മിനിറ്റ്
ശരി... കാൾ കട്ട് ചെയ്തു അയാൾ പുറത്തേക്ക് നടന്നു. സ്റ്റേഷന് പുറത്ത് വന്ന് ഒരു സിഗരറ്റ് എടുത്ത് ചുണ്ടോട് ചേർത്ത്... ഒഹ് വലിക്കാൻ പറ്റുല്ല... ഓള് വന്നാൽ സ്മെൽ പിടിക്കും.
കണ്ണാടി ഊരി ഷർട്ടിന്റെ തുമ്പ് കൊണ്ട് തുടച്ചു.. ജിനൻ ചുറ്റുപാടും ഒന്ന് നോക്കി. ഒരുപാടൊന്നും മാറിയിട്ടില്ല. എങ്ങനെ മാറാനാണ്... ചിലതൊക്കെ മാറ്റത്തിന് വിട്ടുകൊടുക്കാൻ മനസ്സ് അനുവദിക്കാറില്ലല്ലോ.
I reached here...
അഷിയുടെ മെസ്സേജ്.
പിങ്ക് നിറത്തിലുള്ള സാരിയിൽ അഷി നടന്നുവരുന്നത് ജിനൻ ദൂരെ നിന്നേ കണ്ടു..
പക്ഷെ കണ്ട ഭാവം നടിച്ചില്ല..
ഹലോ.... ഒരുപാട് നേരമായില്ലേ വന്നിട്ട്.?
ഹും..എറണാകുളത്തു നിന്ന് ഇങ്ങോട്ട് ഉള്ളതിനേക്കാൾ ദൂരമാണോ നിനക്ക് ഇങ്ങോട്ട്? ജിനന്റെ വാക്കുകൾക്ക് നല്ല കട്ടിയായിരുന്നു....
അഹ് ഞാൻ ഇത് പ്രതീക്ഷിച്ചു... നോക്ക് എന്തെല്ലാം തീർത്തിട്ട് വേണം ഒന്ന് വീട്ടിൽ നിന്ന് ഇറങ്ങാൻ...
ഒഹ് എനിക്ക് പിന്നെ വീടും കൂടും ഒന്നുമില്ലലോ... പരിഹാസ രൂപേണ ജിനൻ പറഞ്ഞു...
അഷി ചെറുതായി ചിരിച്ചു...
മതി.. മതി... വാ പോകാം ബാക്കി പിന്നെ...
റോഡ് മുറിച്ചു കടക്കവേ ജിനൻ ചോദിച്ചു
ഓൻ ഇന്ന് കോളേജിൽ പോയില്ലേ..?
ഇല്ല... ഇന്ന് വീട്ടിൽ തന്നെയുണ്ട്... ഓന് ഇഷ്ടപ്പെട്ടതൊക്കെ ഉണ്ടാക്കാൻ നിന്ന് നേരം വൈകി... ഒരു വിധത്തിലാ ഇറങ്ങിയത്
ഉള്ളിൽ കുമിഞ്ഞു കൂടിയ ദേഷ്യത്തിന്റെ കനൽ മെല്ലെ കെട്ടു തുടങ്ങിയിരുന്നു.... ബിസ്മില്ലാഹിന്റെ ഇടവഴിയിലുള്ള പെട്ടി കടക്ക് മുന്നിൽ എത്തിയപ്പോൾ ആ കടക്കാരൻ മൊയിനുക്ക കുശലം ചോദിച്ചു...
അഹ് സാർ വന്നോ...
ഇന്നലേം കൂടി ഓർത്തതെ ഉള്ളു വരുന്ന സമയം ആയല്ലോ എന്താ കാണാതെ എന്ന്..
ഹേയ് നാട്ടിൽ കുറച്ചു കാര്യങ്ങൾ ഉണ്ടായിരുന്നു...നമ്മുടെ പതിവ് എടുത്തോളി...
അതെപ്പോഴേ റെഡി...
ഒരു പാക്കറ്റ് ക്ലാസ്സിക് സിഗരറ്റും ഒരു ലൈറ്റ്ററും സ്ട്രോബെറി ഫ്ലാവരുള്ള ഒരു ച്യുയിങ്ങ്ഗം...
ഒരു നൂറിന്റെ നോട്ട് എടുത്തു ജിനൻ അയാൾക്ക് നേരെ നീട്ടി....
ഏയ് ഇതൊന്നും വേണ്ട സാറേ...
ഹാ ഇത് പിടിക്ക് മനുഷ്യാ പതിവ് പടിയല്ലേ...
ഇന്ന് തിരിക്കോ?
ഒന്നും തീരുമാനിച്ചില്ല...
കുറച്ചു നേരത്തെ മൗനത്തിനു ശേഷം അഷി ചോദിച്ചു...
ജിനൻ നീ ഇപ്പോഴും വലിക്കാറുണ്ടോ?
ഹേയ് അങ്ങനെ ഇല്ല വല്ലപ്പോഴും ഒന്ന്... ഇത് പിന്നെ പതിവ് ശീലമല്ലേ മൂപ്പരുടെ ഒരു സന്തോഷം..
ബിസ്മിലാഹിന്റെ റീസെപ്ഷനിൽ ചുവരിൽ തൂക്കിയിരുന്ന കലണ്ടറിലെ ഡേറ്റിലേക്ക് ജിനൻ നോക്കി..
ഒക്ടോബർ 13..
സാർ... ജിനൻ അല്ലേ...
അതെ... സാർ ക്ഷമിക്കണം ആ റൂം വേക്കന്റ് അല്ല ..
ഹേയ് വാട്ട് റബ്ബിഷ് ആർ യൂ ടോക്കിങ്?
ഞാൻ നേരത്തെ ബൂക്ക് ചെയ്തല്ലേ?
സാർ പകരം ഒരു പ്രീമിയം റൂം തരാം...
നോ ഐ ഒൺലി നീഡ് റൂം നമ്പർ 103...
കുറച്ച് നേരം കൂടി കാത്തിരിക്കു സാർ...
ജിനൻ ഇഞ്ഞി എന്തിനാ വെറുതെ ഇങ്ങനെ ഒച്ചവെക്കുന്നെ ?
വെറുതെയോ?
ഒച്ചവെക്കല്ലേ എന്തിനാ ഈടെ ഒരു സീൻ പ്ലീസ്.
ഒഹ് ഇത് നിന്റെ നാട് ആയോണ്ട് നിനക്ക് പേടി കാണും എനിക്ക് ആരെയും പേടിക്കേണ്ട കാര്യമില്ല
കൂൾ ഡൌൺ . വാ ഈടെ ഇരിക്ക്...
അവൾ അയാളുടെ കയ്യിൽ പിടിച്ചു.
പയ്യെ അയാൾ ശാന്തനായി അവൾ അയാളുടെ കയ്യിൽ തന്റെ കൈകൾ ചേർത്ത് പിടിച്ചു..
വളരെ കുറച്ചുനേരത്തെ കാത്തിരിപ്പിനൊടുവിൽ... 103 ആം മുറിയുടെ താക്കോൽ കിട്ടി...
മുറിയിലെ ഡ്രസിങ് ടേബിളിന്റെ വലിപ്പിലേക്ക് സിഗരറ്റ് കവറും.. ലൈറ്റ്റും ജിനൻ ഇട്ടു... മുറിയുടെ ജനലിന്റെ കർട്ടൻ മാറ്റി ദൂരെ കടൽ ഇങ്ങനെ നുരഞ്ഞു പതയുന്ന പോലെ....
ആ കടൽ കാറ്റ് ജനലിലൂടെ മുറിയിലേക്ക് വന്നു.... ആ കാറ്റിലേക്ക് അഷി തന്റെ ചുരുണ്ട എണ്ണമയമില്ലാത്ത മുടി അഴിച്ചിട്ടു....
ജിനൻ ആ മുടിക്ക് ഉള്ളിലേക്ക് തന്റെ മുഖം അമർത്തി....
ദേ മനുഷ്യാ.. വിയർപ്പ് മണക്കുട്ടോ..... ഓടി പിടിച്ചാ വന്നത്....
ആ വിയർപ്പിന്റെ ഗന്ധം ജിനന് പരിചിതമായിരുന്നു...
അഷി വീണ്ടും ജിനന്റെ വിരലുകൾ കോർത്തു പിടിച്ചു... അവളുടെ ശരീരം ആകെ വിറക്കുന്നുണ്ടായിരുന്നു....
ഹാ.. കൊല്ലം ഇത്രേം ആയിട്ടും നിന്റെ പേടി മാറിയില്ലേ...??
അഷി മെല്ലെ ചിരിച്ചു ജിനന്റെ കണ്ണുകളിലൂടെ തന്റെ ചിരിക്കുന്ന മുഖം അവൾ കണ്ടു നാളുകൾക്ക് ശേഷം വീണ്ടും....
കടലിന്റെ കൈകൾ കരയെ ഇങ്ങനെ തലോടി കൊണ്ടിരുന്നു....
" പ്രണയിക്കപ്പെടുകയെന്നത് ലോകത്തിലെ ഏറ്റവും സുഖമുള്ള അനുഭൂതിയാണെന്ന് അവർ പണ്ടേ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു..."
ജിനന്റെ നര വീണ രോമങ്ങളോട് കൂടിയ നെഞ്ചിൽ കിടന്നപ്പോൾ അഷി വീണ്ടും ഒന്ന് കൂടി പറഞ്ഞു " എന്റെ മഞ്ഞ് മനുഷ്യൻ "...
ബാഗിൽ കരുതിയിരുന്ന പുസ്തകം ജിനൻ അഷിക്ക് നേരെ നീട്ടി....
" I too had a love story ( എനിക്കും ഒരു പ്രണയ കഥയുണ്ട് )
അഷിയുടെ കണ്ണുകൾ വിടർന്നു.... അവൾ പുസ്തകം മുഖത്തോട് ചേർത്തു...
രവീന്ദർ സിങ് ന്റെ ഈ പുസ്തകത്തെ കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്....
സമർപ്പണം..
" ഞാൻ എന്റെ ജീവനേക്കാൾ എറെ സ്നേഹിക്കുകയും എന്നാൽ എനിക്ക് ഇത് വരെ വിവാഹം ചെയ്യാൻ കഴിയാതെയും പോയ ഒരുവൾക്ക്... അവൾ ഇല്ലായിരുന്നു എങ്കിൽ എന്നിലെ എഴുത്തുകാരനെ ഞാൻ ഒരിക്കലും തിരിച്ചറിയില്ലാരുന്നു.... "..
എത്ര ഭാവങ്ങളിലാണ് പ്രണയം ഇങ്ങനെ ഈ ലോകത്തിൽ കെട്ട് പിണഞ്ഞു കിടക്കുന്നത് എന്ന് അഷി ഓർത്തു.....
ജിനൻ ഭിത്തിയോട് ചാരി ഇരുന്നു കണ്ണാടി എടുത്ത് വെച്ചു..
കഴിഞ്ഞ ദിവസം ഞാൻ കോളേജ് വരെ ഒന്ന് പോയിരുന്നു
ന്തേ വിശേഷിച്ച്??
ഹേയ് ഒന്നുമില്ല... വെറുതെ ഒന്ന് പോകണമെന്ന് തോന്നി..
നീ വരുന്നില്ലെ നിനക്ക് എല്ലാം നേരിട്ട് കാണണ്ടേ??
ഉം.... വരും....
കുറച്ചു നേരത്തെ നിശബ്ദതക്ക് ഇടയിലേക്ക് ഒരു മണിയുടെ സൈറൻ മുഴങ്ങി....
ഉച്ച ഭക്ഷണ ത്തിന് ശേഷം അഷിയുടെ മടിയിൽ കിടക്കുമ്പോൾ ജിനൻ ഓർത്തത് കഴിഞ്ഞ കുറെ ദിവസങ്ങളിലെ ആശുപത്രി വാസത്തെ കുറിച്ചാണ്
എല്ലാം അഷിയോട് പറയണമെന്നുണ്ട് പക്ഷെ
വേണ്ട എന്റെ ഉള്ളിൽ ഒരു മുറിഞ്ഞ ഹൃദയമുണ്ടെന്ന്
അവൾ അറിയണ്ട....
പിണക്കത്തിന്റെ മുഖം മൂടി ആണിഞ്ഞു ഇടക്ക് ഇടെ അവളിൽ നിന്നും ഓടി ഒളിച്ച കുറെ ദിവസങ്ങൾ...
ഇണക്കത്തോടെയുള്ള സുന്ദരമായ കണ്ടുമുട്ടലുകൾ
തമ്മിൽ ഒരാൾ ഇല്ലാതെ ആകുക എന്നത് വേദന തന്നെയാണ്... അതും നമ്മുക്ക് മാത്രം അറിയുന്ന നമ്മുടേത് മാത്രമായ മനുഷ്യൻ ആണെങ്കിൽ... ഹൊ ഓർക്കാൻ കൂടി വയ്യ...
പലപ്പോഴും അകന്ന് മാറാൻ ശ്രമിച്ചതാണ്... ഇനി ആരെയും കരയിപ്പിക്കാൻ വയ്യ....
ജിനൻ.......
ആഹ്ഹ്........
നീ ഇവിടെ ഉണ്ടോ???
ഉം......
എന്താ ആലോചിക്കുന്നത്..
അല്ല എന്നാണ് അമ്മ ത്രേസ്യയുടെ പെരുന്നാൾ?
അത് ഇന്നല്ലേ...
ആഹാ നീ മറന്നോ?
അത്... അത്... ജിനൻ ഇയ്യ് അപ്പോൾ വന്നത്???
പുറത്തേക്ക് നോക്കി ജിനൻ ചിരിച്ചു
മയ്യഴിയുടെ മണ്ണിലൂടെ... പെരുന്നാളിന്റെ തിരക്കിനിടയിലൂടെ... കൈ കോർത്തു നടന്നു പോകുന്ന രണ്ട് പേർ......
ആഹാ...അഷിയുടെ കണ്ണുകൾ തിളങ്ങി....
വളരെ വേഗം ആ തിളക്കം മാഞ്ഞുപോയി....
ഇതിപ്പോ ഇത്രേം പെട്ടന്ന് നമ്മൾ എങ്ങനെ???
എന്നേക്കാൾ അത് ഒരുപാട് ആഗ്രഹിച്ചത് നീയാണ്... നമ്മൾ ഈ തവണ പോകുക തന്നെ ചെയ്യും....
അഷിയുടെ മുഖത്തു മേഘം ഇരുണ്ടു കൂടി....
അഷി..... നീ പേടിക്കണ്ട പെരുന്നാൾ ഇനിയും ഉണ്ട്... ഇതിലും നന്നായി നമ്മുക്ക് ഒന്നുടെ കൂടാം പക്ഷെ ഇത്തവണ പോണം എന്നൊരു തോന്നൽ..... നേരം കളയണ്ട നീ വീട്ടിലേക്ക് ചെല്ല് എല്ലാരേം കൂട്ടി അവിടെ എത്തുമ്പോൾ പറയ്.... ഞാൻ അവിടെ നമ്മുടെ സ്ഥിരം സ്ഥലത്ത് കാണും...
നിർവികാരതയോട് കൂടി അഷി ചിരിച്ചു... വീട്ടിലേക്ക് നടക്കുമ്പോൾ ഉള്ളിൽ ഒരു ചോദ്യം തികട്ടി വന്നു
ജിനന് ഇതെന്ത് പറ്റി??
ഇങ്ങനെ ഒരു പെരുന്നാൾ കൂടൽ അല്ലലോ ഞങ്ങൾ ആഗ്രഹിച്ചത്....
അന്ന് ഒരിക്കൽ കൂടി ബിസ്മില്ലാഹിലെ... ജാലകത്തിലൂടെ ജിനൻ കടലിലേക്ക് നോക്കി കുറെ നേരം ഇരുന്നു.....
ഈ ലോകത്ത് പ്രണയിക്കപ്പെട്ട എല്ലാ മനുഷ്യർക്കും ഒരേ കടൽ നിറം....
മുറി പൂട്ടി പുറത്തേക്ക് ഇറങ്ങുമ്പോൾ മനസ്സിൽ എന്തൊക്കെയോ വെന്തു നീറി.....
റൂം നമ്പർ 103.. ബിസ്മില്ലാഹ്
നെഞ്ചിൽ കൈ ചേർത്ത് വെച്ച് സ്വന്തം ഹൃദയമിടിപ്പ് ജിനൻ തൊട്ടറിഞ്ഞു....
അടുത്ത പെരുന്നാൾ വരെ.... ഇല്ല... ചിലപ്പോൾ നിനക്ക് അതിന് ശേഷി ഉണ്ടായെന്നു വരില്ല...
വർണ്ണവിളക്കുകൾ തെളിഞ്ഞു നിൽക്കുന്ന... മയ്യഴിയെ കണ്ടപ്പോൾ... ജിനന് അതൊരു പുതു മണവാട്ടി ആണെന്ന് തോന്നി... വർണ്ണവിളക്കുകളുടെ പ്രഭയിൽ മയ്യഴി പുഴയിൽ ഓളങ്ങൾ... ഓരോന്നും.. പല വർണ്ണങ്ങളിൽ കാണപ്പെട്ടു..
താൻ വായിച്ചറിഞ്ഞ.. ഏതോ മായാലോകത്താണ്... താൻ എത്തി നിൽക്കുന്നത് എന്ന് ജിനന് തോന്നി..... സാമാന്യം നല്ല തിരക്കുണ്ട്..... തിരക്കുകൾക്ക് ഇടയിൽ മയ്യഴിയെ തലതൊട്ട് അനുഗ്രഹിച്ചു അമ്മ ത്രേസ്യ അങ്ങനെ വിളങ്ങി നിൽക്കുന്നു.....
ഇനി ഒരിക്കൽ കൂടി ഇങ്ങോട്ട് ഒരു മടങ്ങി വരവ് ഉണ്ടാകുമോ???
ആർക്ക് അറിയാം... അല്ലെങ്കിലും ഇതൊന്നും അങ്ങനെ മുൻകൂട്ടി നിച്ഛയിക്കുവാൻ കഴിയില്ലലോ
മെട്ടിൽഡ വൈൻ ഷോപ്പിന് മുന്നിലുള്ള ചെറിയ മരത്തിനു അഭിമുഖമായി ജിനൻ നിന്നു
അഷിയെ ഒന്ന് വിളിച്ചു നോക്കിയാലോ?
അല്ലെങ്കിൽ വേണ്ട... വരട്ടെ കാത്തിരിക്കാം....
തന്റെ ചില നേരത്തെ ഭ്രാന്തൻ സ്വഭാവത്തെ പറ്റി ജിനന് നല്ല ബോധ്യം ഉണ്ടായിരുന്നു.....
എന്നും തിരയാറുള്ളത് പോലെ... ജിനൻ മയ്യഴിയിലേക്ക്... തന്റെ കണ്ണുകളെ അഴിച്ചുവിട്ടു.... ബലൂണുകളുമായി നടന്നു പോകുന്ന... വലിയ താടിയുള്ള കച്ചവടക്കാരനെ കണ്ടപ്പോൾ... പണ്ടെങ്ങോ വായിച്ചറിഞ്ഞ മയ്യഴിയിലെ മായാജാലക്കാരനായ... അപ്പൂപ്പനെ കുറിച്ച് ഓർത്തു... ഇനിയും കണ്ടിട്ടില്ലാത്ത... വെള്ളിയാങ്കല്ലിലെ... തുമ്പികളെ കുറിച്ചും... കേട്ടുമാത്രം പരിചിതമായ... കുറെ കുറെ മനുഷ്യരെക്കുറിച്ചും.... അങ്ങനെ ഓരോന്ന് ഓർത്ത് കൊണ്ടേ ഇരുന്നു....
വെളുപ്പിൽ സ്വർണ്ണനിറമുള്ള മുത്തുകൾ പിടിപ്പിച്ച കുപ്പായം അണിഞ്ഞു കൊണ്ട്... അഷി വരുന്നു...
സ്വർഗ്ഗ കവാടങ്ങളിലെ മാലാഖയെപ്പോലെ.... മകന്റെ കൈകളിൽ... അഷി സുരക്ഷിതയാണെന്നതോർ ത്തപ്പോൾ.. എന്തെന്നില്ലാത്ത സന്തോഷം തോന്നി....
ആരും കാണാതെ എന്നെ നോക്കി ഒന്ന് ചിരിക്കാൻ അഷി നന്നേ പാടു പെടുന്നുണ്ടായിരുന്നു....
ഒരേ സമയം സന്തോഷവും വേവലാതിയും അവളുടെ മുഖത്തു മിന്നിമാഞ്ഞു....
ആൾക്കൂട്ടത്തിനിടയിലൂടെ.. അഷി മുന്നിലും ഞാൻ പിന്നിലുമായി നടന്നു...
ഒരു സ്വപ്നത്തിലേക്ക് എന്ന പോലെ വളരെ അടുത്ത് കൊച്ചുത്രേസ്യ അമ്മയെ കാണാം...." വിശുദ്ധ അമ്മ ത്രേസ്യ.." ജിനൻ കൈകൾ കൂട്ടി തൊഴുതു...
അടുക്കും തോറും തിരക്ക് കൂടി വന്നു ആ തിരക്കിൽ ആരും കാണാതെ അഷി ജിനന്റെ വിരലുകളിൽ പിടിച്ചു... അഷി..ഇതാ .. നമ്മൾ ഒരുമിച്ച് ആ സ്വപ്നവും കടന്ന് പോയിരിക്കുന്നു.... അഷിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി... മെല്ലെ വിരലുകൾ വിട്ട് അഷി അല്പം മുന്നിലായി നടന്നു....
അവളുടെ വിരലുകളിൽ എല്ലാം... ഒരു ചങ്ങല പോലെ മറ്റു വിരലുകളിൽ കൊളുത്തപ്പെട്ടിരുന്നു....
നീട്ടാൻ വിരലുകൾ ഇല്ലാതെ നിസ്സഹായതോട് കൂടി അഷി ജിനനെ നോക്കി...
ജിനന് വേദന തോന്നിയിട്ട് ഉണ്ടാവും.....
പക്ഷേ ജിനൻ അതൊന്നും കാര്യമാക്കിയില്ല....
കൈകൾ മെല്ലെ വീശികാണിച്ചു..പോകുവാ എന്ന അർത്ഥത്തിൽ....
തിരിച്ചെന്തു പറയണം എന്നറിയാതെ.... ഇടയ്ക്കിടെ തിരിഞ്ഞുനോക്കിക്കൊണ്ട്.. അഷി നടന്നുപോയി....
തൂണുകൾക്കിടയിൽ മറഞ്ഞു നിന്ന്.. അഷി പോകുന്നത്... ജിനൻ നോക്കി നിന്നു....
മനസ്സ് കൊണ്ട് അഷിയോട് ജിനൻ പറഞ്ഞു...
" അഷി എനിക്ക് തീരെ വയ്യ ഇനി ഒരിക്കൽ നീ വാ "
നെഞ്ചിലെ മിടിപ്പിൽ ജിനൻ വീണ്ടും കൈ അമർത്തി....
അകലെ ഒരു വെളുത്ത വൃത്തം പോലെ അഷി.....
തിരിച്ചു നടക്കുമ്പോൾ... പണ്ട് വായിച്ച.... വരികൾ മനസ്സിലേക്ക് തികട്ടി വന്നു
" മയ്യഴി നിന്റെ കഥ തുടരുക തന്നെ ചെയ്യും.. ജീവൻ ഉണ്ടെങ്കിൽ... ആ കഥ കേൾക്കാൻ ഞാൻ ഇനിയും വരും... "
നാട്ടിലേക്കുള്ള തീവണ്ടിയിരുന്നപ്പോൾ ജീവന്റെ വെളിച്ചം എല്ലാം.. പെട്ടെന്ന് കെട്ടുപോയ പോലെ
ജിനന് തോന്നി... തീവണ്ടി മെല്ലെ നീങ്ങി....
കാഴ്ചകൾ മുഴുവൻ ഇരുട്ടിലേക്ക് പോയപ്പോഴും മയ്യഴിക്ക് മുകളിൽ... ഒരു വെളിച്ചം അങ്ങനെ കെടാതെ നിന്നു... തീവണ്ടിയുടെ.. ജനലിൽ മുറുക്കെ പിടിച്ച്... ജിനൻ ഒരിക്കൽ കൂടി തന്റെ കൈകൾ നെഞ്ചോട് ചേർത്തു.... കാറ്റിനു അതേ മീൻ ചൂര്.....
"ന്റെ മയ്യഴി".....
✍️ ജിതിൻ പട്ടാമ്പി
