വിഹ്വലതകൾ | രേഖ മാടപ്പള്ളിൽ
പെയ്തിറങ്ങാത്ത കണ്ണുനീരെല്ലാം
ഒരു നേരിപ്പോടായ് നീറിനിന്നു
സ്വാർത്ഥ മോഹത്തിനുഷ്ണ ഭൂവിൽ
നീതിബോധങ്ങൾ വെന്തുരുകി
വ്യർത്ഥ നിനവുകൾ ചിതയിലിട്ട്
കത്തിയെരിഞ്ഞത് ചാരമായി
ജീർണ്ണിച്ച ജീവിതപാതകളിൽ
പാഥേയം ഉണ്ണുവാൻ യാത്രയാവാം
നഗ്ന സത്യങ്ങൾ തിളയ്ക്കുന്നൊരാ
സങ്കൽപ്പലോകങ്ങൾ വെട്ടിമാറ്റാം
നേരുകൾ മൊത്തമായറ്റിടുന്ന
പുത്തനാം ലോകത്തിൽ എത്തിനോക്കാം
ഒപ്പത്തിനൊപ്പമായി മത്സരിക്കാം
ഞാനെന്ന തോന്നലിൽ ഊറ്റമാകാം
വെട്ടിപിടിക്കുക ജാഗ്രതയാൽ
ജന്മങ്ങൾ കുഴിവെട്ടിമൂടുവനായി
ബന്ധങ്ങൾ ചിതലരിച്ചുഴലുകയായി
പുറ്റുകൾ പെരുകുന്നുള്ളിലെല്ലാം
ജീവിനാടകശാലകളിൽ പുതിയമുഖമൂടി എടുത്തണിഞ്ഞു
ഉള്ളിൽ പകയുടെ കനലെരിച്ചു
പുഞ്ചിരി കൊണ്ടു മറച്ചു വച്ചു
ഊഷരമായൊരുൾതടത്തിൽ നിഷ്ഠൂര ചിന്തകൾ കൂടുകൂട്ടും
ആർദ്ര ഹൃദയങ്ങൾ എന്നേക്കുമായി
ഏതോ വിദൂര സ്വപ്നമാകും
നേരും നെറിയുമണഞ്ഞു പോകും
ഗീർവാണ ഗർവുകൾ ഉണർന്നു പാടും
തന്ത്രങ്ങൾ കെട്ടിപ്പടുത്തിടുന്നു
അന്യോന്യം പോരിനായി കോർത്തിടുന്നു അപ്രിയ സത്യങ്ങൾ പല്ലിളിക്കും പൊങ്ങച്ചസഞ്ചികൾ തോളിലേറ്റി
അഭിനവ രാവണർ ഏറ്റുപാടും
ധാടിയും ധാർഷ്ട്യവും ഒത്തുചേർന്ന്
ധൂമ പടലത്തിലാണ്ടു നമ്മൾ
മോചിതരാവാതെയീ മറയിൽ
കാലങ്ങൾ പിന്നിട്ടു പോക്കിടുന്നു
വിഹ്വലമായൊരാ ശൈത്യഭൂമി
പൊഴിയുന്നിലകൾ പോലെ നമ്മൾ
വേറിട്ടു പാറിപ്പറക്കുവാനായി ഓരോ തളിരും പൂവിടുന്നു
പൂത്തുലഞ്ഞോരാ പൂങ്കാവനം
കാണാ കിനാവുകളായി മാറിടുന്നു
ഊർജ്ജം ഉണർത്തുന്ന വാഗ് ശരങ്ങൾ
വെല്ലുവിളികളായി മാറിടട്ടെ
ഉഗ്രഫണങ്ങൾ ചീറ്റിടുന്ന
കൊടിയ വിഷങ്ങൾ തീണ്ടിടാതെ
നേരിന്റെ നേരായ പാതകളിൽ സഞ്ചാരം ചെയ്യുവാൻ ആർത്തു പാടാൻ
നിത്യ സത്യങ്ങൾ തെളിയുവാനായി
കാത്തിരിക്കാം നമുക്കൊന്നു ചേർന്ന്
വിസ്മയിപ്പിക്കുന്നാ നല്ല കാലം
എത്തിടുന്നു മാറ്റിമറിക്കുവാനായി
വിഹ്വലതകൾ പാടെ മാറ്റിടാനായി
