തൃത്താല: അയ്യൂബി ഗേൾസ് വില്ലേജ് "വിത്ത്" ആർട്സ് ഫെസ്റ്റിന് ഇന്ന് തുടക്കം. കലയുടെ താളം എന്ന പേരിൽ സംഘടിപ്പിക്കുന്ന മൂന്നാമത് എഡിഷൻ ആർട്സ് ഫെസ്റ്റ് ഈ വർഷം വിത്ത് എന്ന ആശയത്തെ പ്രമേയപ്പെടുത്തിയാണ് സംഘടിപ്പിക്കുന്നത്. നാലു ദിവസങ്ങളിലായി നടക്കുന്ന ആർട്സ് ഫെസ്റ്റ് രണ്ട് വേദികളിലാണ് സംവിധാനിച്ചിരിക്കുന്നത്. വേദി ഒന്ന് എൻമകജെ, രണ്ട് അതിരാണിപ്പാടം.
മനുഷ്യകാരുണ്യത്തിന്റെ മൂല്യവും, പ്രകൃതിയോടുള്ള ഉത്തരവാദിത്വത്തിന്റെ ആവശ്യകതയും ഉയർത്തിക്കാട്ടുകയാണ് വേദി ഒന്ന് 'എൻമകജെ'. കാസർഗോഡ് ജില്ലയിലെ എൻമകജെ ഗ്രാമത്തിൽ എൻഡോസൾഫാൻ വിഷത്തിനിരയായ മനുഷ്യ ജീവിതങ്ങളുടെ കഥ പറയുകയാണ് പുസ്തകത്തിലൂടെ എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട്. ഒരു കൂട്ടം മനുഷ്യരുടെ വിനാശകരമായ ഇടപെടലുകൾക്ക് മുമ്പിൽ മനുഷ്യൻ തന്നെ അപാരമായ ചെറുത്തുനിൽപ്പിന്റെ വിപ്ലവങ്ങളാകുന്നു. വിത്താർട്സ് ഫെസ്റ്റിൽ പ്രതിസന്ധികൾക്കു മേൽ അതിജീവനത്തിന്റെ നേർസാക്ഷ്യമാവുകയാണ് 'എൻമകജെ'.
വേദി രണ്ട് അതിരാണിപ്പാടം. കലയുടെ താളം 3.0 യിലെ രണ്ടാമത് വിത്ത് മുളപൊട്ടുന്നത് 'അതിരാണിപ്പാടത്താണ്'. ഒരു ഗ്രാമത്തിന്റെയും, അവിടുത്തെ മനുഷ്യരുടെയും 55 വർഷക്കാലത്തെ ജീവിതത്തെ വരച്ചുകാട്ടിയ എസ്. കെ പൊറ്റെക്കാട്ടിന്റെ "ഒരു ദേശത്തിന്റെ കഥ" എന്ന കൃതിയിലെ അതിരാണിപ്പാടത്ത്. ഇവിടം ദേശവും കാലവും മനുഷ്യനും അഭേദ്യമായ ബന്ധം പുലർത്തുന്നുണ്ട്. കാലത്തിന്റെ കുത്തൊഴുക്കിൽ വെയിലും മഴയുമേറ്റ് വിത്ത്, പടർന്നു പന്തലിക്കുന്നു. മനുഷ്യന്റെ ജീവിത സമരങ്ങൾക്കും ദാരിദ്ര്യത്തിനും അതിജീവനത്തിനും ഈ മരച്ചുവട്ടിൽ തണൽ വിരിക്കുന്നു. ഒടുവിൽ വിത്ത് അതിന്റെ വേരുകളിലേക്ക് മടങ്ങിയെത്തുന്നു.
രണ്ട് വേദികളിലായി നടക്കുന്ന കലാ മത്സര പരിപാടികൾ സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളിലുള്ള പ്രശ്ങ്ങളെയാണ് ചർച്ചക്കെടുക്കുന്നത്. കൊഴിഞ്ഞു പോയ ഇതളുകൾക്കപ്പുറം ഭൂമിയിൽ വിതക്കാനിരിക്കുന്ന സർവ്വ വിത്തുകളെയും അതി സൂക്ഷ്മമായി വിലയിരുത്തുന്നതിൽ മനുഷ്യൻ ജാഗ്രതരായിരിക്കണം. ഓൺ സ്റ്റേജ് ഓഫ് സ്റ്റേജ് പ്രോഗ്രാമുകളിൽ നൂറ്റി അമ്പത് വിദ്യാർത്ഥികൾ അമ്പത് പരിപാടികളിൽ ഇന്ന് മത്സരിക്കും. ഹൈ സോൺ, മിഡ് സോൺ എന്നീ രണ്ട് സോണുകളിലായി മൂന്ന് ഗ്രൂപ്പുകളിലാണ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്. ഗ്രൂപ്പുകൾക്ക് ഭ, ഥ, ഖ എന്നീ അക്ഷരങ്ങളാണ് സൂചനാടയാളമായി നൽകിയിരിക്കുന്നത്. മൂന്ന് ഭൃഹത്തായ ആശയങ്ങളാണ് ഈ ലെറ്ററുകളും സൂചിപ്പിക്കുന്നത്.
വർത്തമാന സാഹചര്യത്തോട് ചേർന്നു നിൽക്കുന്ന രചനകളും ചിത്രങ്ങളും അവതരണങ്ങളും ചുമരെഴുത്തുകളും ആർട്സ് ഫെസ്റ്റിന്റെ ഭാഗമായി ഉണ്ടാകും. ഭൂമിയിലേക്ക് ആഴ്ത്തി ഇറക്കിവെക്കുന്ന വിത്ത് വ്യത്യസ്ത പൂവും കായയും വിവിധ ഫലങ്ങളും നൽകുന്നത് പോലെ മനുഷ്യന്റെ ഉള്ളിൽ പതിഞ്ഞു കിടക്കുന്ന ആശയങ്ങളെയും ചിന്തകളെയും കാഴ്ചപ്പാടുകളെയും വെളിച്ചം കാണിച്ചു കൊടുക്കാൻ സഹായിക്കുകയാണ് ആർട്സ് ഫെസ്റ്റ്.
