തദ്ദേശ തിരഞ്ഞെടുപ്പില്‍ ഓരോ സമ്മതിദായകനും ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ തലങ്ങളിലേയ്ക്ക് ഓരോ വോട്ട് വീതം ആകെ മൂന്ന് വോട്ടുകളാണ് രേഖപ്പെടുത്തേണ്ടത്. നഗരസഭാ തലത്തില്‍ ഒരു വോട്ടാണ് രേഖപ്പെടുത്തേണ്ടത്. വോട്ടിങ് കംപാര്‍ട്ട്മെന്റില്‍ വച്ചിട്ടുള്ള മൂന്ന് ബാലറ്റ് യൂണിറ്റുകള്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ആദ്യത്തെ ബാലറ്റ് യൂണിറ്റില്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പേരും അവരുടെ ചിഹ്നവും അടങ്ങുന്ന വെള്ളനിറത്തിലുള്ള ലേബല്‍ ആയിരിക്കും പതിച്ചിരിക്കുന്നത്. ബ്ലോക്ക് തലത്തിലേക്കുള്ള ബാലറ്റ് യൂണിറ്റില്‍ പിങ്ക് നിറത്തിലുള്ള ലേബലും ജില്ലാ തലത്തിലേക്കുള്ള ബാലറ്റ് യൂണിറ്റില്‍ ഇളം നീല നിറത്തിലുള്ള ലേബലും ആയിരിക്കും പതിച്ചിരിക്കുന്നത്.
വോട്ടര്‍ പോളിംഗ് ബൂത്തില്‍ പ്രവേശിക്കുമ്പോള്‍ അവരുടെ തിരിച്ചറിയല്‍ രേഖയും വോട്ടര്‍പട്ടികയിലെ പേര് വിവരങ്ങളും ഒന്നാം പോളിംഗ് ഉദ്യോഗസ്ഥന്‍ പരിശോധിക്കും. തുടര്‍ന്ന് രണ്ടാം പോളിംഗ് ഉദ്യോഗസ്ഥന്‍ വോട്ടറുടെ കൈവിരലില്‍ മഷി പുരട്ടി വോട്ട് രജിസ്റ്ററില്‍ ഒപ്പോ വിരലടയാളമോ രേഖപ്പെടുത്തി വോട്ടിങ് സ്ലിപ്പ് നല്‍കും. സ്ലിപ്പ് വോട്ടിംഗ് യന്ത്രത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കണം. ഉദ്യോഗസ്ഥന്‍ കണ്‍ട്രോള്‍ യൂണിറ്റിലെ ബട്ടണ്‍ അമര്‍ത്തി ബാലറ്റ് യൂണിറ്റുകള്‍ വോട്ടിംഗിന് സജ്ജമാക്കും. തുടര്‍ന്ന് സമ്മതിദായകന്‍ വോട്ടിങ് കമ്പാര്‍ട്ട്‌മെന്റിലേക്ക് നീങ്ങണം. ബാലറ്റ് യൂണിറ്റുകള്‍ വോട്ടു രേഖപ്പെടുത്താന്‍ തയാറാണെന്നതിന്റെ സൂചനയായി യൂണിറ്റില്‍ ഏറ്റവും മുകളില്‍ ഇടതുഭാഗത്തായി നിര നിരയായി പച്ചലൈറ്റ് തെളിഞ്ഞിട്ടുണ്ടാകും. സ്ഥാനാര്‍ത്ഥിയുടെ ചിഹ്നത്തിനു നേരെയുള്ള ബട്ടണില്‍ വിരല്‍ അമര്‍ത്തിയാല്‍ ദീര്‍ഘമായ ബീപ് ശബ്ദം കേള്‍ക്കുകയും വോട്ട് രേഖപ്പെടുത്തല്‍ പൂര്‍ണ്ണമാവുകയും ചെയ്യും. ശേഷം വോട്ടര്‍ക്ക് മടങ്ങാവുന്നതാണ്. എന്നാല്‍, ബട്ടണ്‍ അമര്‍ത്തിയിട്ടും ബീപ്പ് ശബ്ദം കേള്‍ക്കാതിരുന്നാല്‍ വോട്ടര്‍മാര്‍ ഉടനെ പ്രിസൈഡിങ് ഓഫീസറെ വിവരം അറിയിക്കേണ്ടതുണ്ട്.
ബാലറ്റ് യൂണിറ്റില്‍ ഏതെങ്കിലും തലത്തിലെ വോട്ട് രേഖപ്പെടുത്താന്‍ താത്പര്യമില്ലെങ്കില്‍ താല്‍പര്യമുള്ള തലത്തിലെ വോട്ട് രേഖപ്പെടുത്തിയശേഷം അവസാനത്തെ ബാലറ്റ് യൂണിറ്റിലെ അവസാന ബട്ടണ്‍ (END ബട്ടണ്‍) അമര്‍ത്തി വോട്ടിങ് പൂര്‍ത്തിയാക്കേണ്ടതാണ്. ഈ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ വോട്ടിങ് പൂര്‍ത്തിയായി എന്ന് വ്യക്തമാക്കുന്ന നീണ്ട ഒരു ബീപ്പ് ശബ്ദം കേള്‍ക്കും.
ഒരേ സമയം ഒന്നില്‍ കൂടുതല്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുകയുള്ളൂ. അത് പോലെ ഒന്നില്‍ കൂടുതല്‍ തവണ ഒരേ ബട്ടണില്‍ അമര്‍ത്തിയാലും ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുകയുള്ളൂ. മൂന്ന് തലത്തിലേയും വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ടെങ്കില്‍ END ബട്ടണ്‍ അമര്‍ത്തേണ്ടതില്ല.
