കൂടല്ലൂർ ഗവ.ഹൈസ്കൂൾ ഇനി എം.ടി വാസുദേവൻ നായർ മെമ്മോറിയൽ ജി.എച്ച്.എസ് കൂടല്ലൂർ എന്നറിയപ്പെടും.
സ്കൂൾ രേഖകളിലും മറ്റ് ബന്ധപ്പെട്ട ഓഫീസ് രേഖകളിലും സ്‌കൂളിന്റെ പേര് എം ടി വാസുദേവൻ നായർ മെമ്മോറിയൽ ജി.എച്ച്.എസ് കൂടല്ലൂർ എന്നറിയപ്പെടുമെന്ന് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടർ ടി.എം. സലിനാ ബീവി അറിയിച്ചു.
സ്കൂൾ പ്രധാനാധ്യാപികയുടെ അപക്ഷയുടെ അടിസ്ഥാനത്തിലാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്
കൂടല്ലൂരിൻ്റെ കഥാകാരൻ എം.ടി യോടുള്ള ആദര സൂചകമായി കൂടല്ലൂർ സ്കൂളിന് എം.ടി യുടെ പേര് നൽകണമെന്ന് സംസ്ഥാന ഗവൺമെൻ്റിനോട് കൂടല്ലൂർ സ്കൂൾ പി.ടി.എ, എം.പി.ടി.എ, എസ്.എം.സി സംയുക്ത യോഗം ആവശ്യപ്പെട്ടിരുന്നു
എം.ടി യുടെ നിര്യാണത്തെ തുടർന്ന് അരുണോദയം വായനശാല നടത്തിയ അനുസ്മരണ യോഗത്തിൽ മന്ത്രി എം.ബി രാജേഷിന് നിവേദനം നൽകിയിരുന്നു. ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി അന്ന് ഉറപ്പ് നൽകിയിരുന്നു.
തൃത്താല എം എൽ എ യും മന്ത്രിയുമായ എം.ബി രാജേഷിൻ്റെ ഇടപെടലാണ് തൃത്താല നിയോജക മണ്ഡലത്തിലെ 4 സ്കൂളുകൾക്ക് മഹാന്മാരുടെ പേരുകൾ പുനർ നാമകരണം ചെയ്ത് സർക്കാർ ഉത്തരവിറക്കിയത്
കൂടല്ലൂർ ഹൈസ്കൂളിന് എംടിയുടെ പേര് നൽകി ആദ്ദേഹത്തോടുള്ള ആദരവും സ്നേഹവും നിലനിർത്താൻ നടപടി സ്വീകരിക്കണമെന്ന് ആനക്കര ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടും ഡിസിസി സെക്രട്ടറിയുമായ പി എം അസീസും ആവശ്യപ്പെട്ടിരുന്നു.
ആനക്കര ഗ്രാമപഞ്ചായത്ത് ഭരണ സമിതിയും പേര് മാറ്റം സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ലോക സാഹിത്യ ഭൂപടത്തിൽ കൂടല്ലൂരിനെ അടയാളപ്പെടുത്തിയ എം.ടി യുടെ പേര് കൂടല്ലൂർ ഹൈസ്കൂളിന് നൽകിയതിൽ എം.ടി രവീന്ദ്രൻ സന്തോഷം രേഖപ്പെടുത്തി.
കൂടല്ലൂർ സ്കൂളിന് എം.ടി യുടെ പേര് നൽകിയത് കൂടല്ലൂർ ജന്മം നൽകിയ വിശ്വസാഹിത്യകാരൻ എം.ടിയെ വരും തലമുറകൾ എന്നെന്നും ഓർക്കാൻ സഹായിക്കുമെന്ന് കൂടല്ലൂർക്കൂട്ടം അഡ്മിൻ എസ് എം അൻവർ പറഞ്ഞു.
