ഇന്ന് ഇരുപത്തിയേഴാം രാവ്

 


റമദാനിലെ ഇരുപത്തിയേഴാം രാവാണിന്ന്. ആയിരം മാസങ്ങളേക്കാള്‍ പുണ്യമുണ്ടെന്ന് വിശ്വസിക്കുന്ന രാവാണിത്. മനുഷ്യന്റെ വിധി നിര്‍ണ്ണയ രാവ് എന്ന അര്‍ത്ഥത്തിലുള്ള ലൈലത്തുള്‍ ഖദ് ര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. 


പുണ്യ മാസത്തിലെ എല്ലാ ദിനരാത്രങ്ങളും ഭക്തിസാന്ദ്രമാണെങ്കിലും പതിനേഴാം രാവും ഇരുപത്തിയേഴാം രാവും പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നു. ഇസ്ലാമിക ചരിത്രത്തിലെ നാഴികക്കല്ലായ ബദര്‍ യുദ്ധത്തില്‍ വിജയം കൈവരിച്ചത് പതിനേഴാം രാവിനാണ്. 

ആയിരം മാസങ്ങളെക്കാള്‍ ശ്രേഷ്ഠതമായ രാത്രിയെന്ന് ഖുര്‍ ആന്‍ വിശേഷിപ്പിക്കുന്ന 'ലൈലത്തുല്‍ ഖദ് ര്‍' റമദാനിലെ അവസാന പത്ത് രാത്രികളില്‍ ഒന്നാണെന്നും അതിന് ഏറ്റവും സാധ്യത ഇരുപത്തിയേഴാം രാവിനാണെന്നുമുള്ള മതപണ്ഡിതരുടെ അനുമാനമാണ് ആ രാവിന്റെ സവിശേഷത

ആയിരം മാസങ്ങളേക്കാള്‍ പുണ്യമുണ്ടെന്ന് വിശ്വാസിക്കുന്ന ഈ ദിനത്തിത്തില്‍ പ്രഭാതം മുതല്‍ പ്രാര്‍ത്ഥനകളില്‍ മുഴുകും. ഇന്നു രാത്രിയില്‍ ചെയ്യുന്ന പുണ്യപ്രവര്‍ത്തികള്‍ക്ക് ആയിരം ദിനത്തില്‍ ചെയ്യുന്നതിനേക്കാള്‍ പുണ്യമുണ്ടെന്നാണ് വിശ്വാസം. 


ഇന്നത്തെ മനുഷ്യര്‍ക്ക് ആയുസ്സ് കുറവായതിനാല്‍ ആരാധനയ്ക്കുള്ള പ്രതിഫലം കൂടുതല്‍ നല്‍കുന്നതിനായി അള്ളാഹു അവതരിപ്പിച്ച വിശേഷപ്പെട്ട രാത്രിയായി ഇതു ഗണിക്കപ്പെടുന്നു. ആ ഒറ്റ രാത്രിയിലെ പ്രാര്‍ത്ഥനകള്‍ക്ക് ആയിരം മാസങ്ങളിലെ പ്രാര്‍ത്ഥനയുടെ ഫലം ചെയ്യും. പാപങ്ങള്‍ പൊറുക്കപ്പെടാനുള്ള ഏറ്റവും ഉത്തമമായ അവസരം കൂടിയാണിത്.


മനുഷ്യരുടെ അടുത്ത ഒരു വര്‍ഷം എങ്ങനെ വേണമെന്ന നിര്‍ണ്ണയ രാവായ ബറാഅത്ത് രാവില്‍ കണക്കാക്കി വച്ചിരിക്കുന്ന തീരുമാനങ്ങള്‍ മലക്കുകളെഏല്‍പ്പിക്കുന്നതും ലൈലത്തുള്‍ ഖദ്റിനാണ്. ഒരു വര്‍ഷത്തേയ്ക്കുള്ള ഭക്ഷണവും ആയുസ്സും ഭാഗ്യങ്ങളും ദുരന്തങ്ങളും അനുഗ്രഹങ്ങളും ആ രാത്രിയിലെ പ്രാര്‍ത്ഥനയെ ആശ്രയിച്ചാണെന്നതാണ് വിശ്വാസം.


പ്രായപൂര്‍ത്തിയായതും ബുദ്ധിസ്ഥിരതയും ആരോഗ്യം അനുവദിക്കുന്നതുമായ എല്ലാവര്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. കാര്യകാരണങ്ങളില്ലാതെ മുടക്കിയ നോമ്പ് പിടിച്ചു വീട്ടേണ്ടതുണ്ട്. വിശപ്പിന്റെ കാഠിന്യം അറിയുകയും തനിക്ക് ലഭിച്ച അനുഗ്രങ്ങളെക്കുറിച്ച് ചിന്തിക്കുകയും പാവങ്ങളെ സഹായിക്കാന്‍ മനസ്സ് സജ്ജമാക്കുകയുമാണ് നോമ്പിന്റെ യഥാര്‍ത്ഥ ലക്ഷ്യം.

 

Tags

Below Post Ad