തൃത്താലയിൽ മഴയുടെ ശക്തി കുറഞതോടെ ഭാരതപ്പുഴയിൽ ജലനിരപ്പ് താഴ്ന്നു.തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിൽ ഇന്നലെ 2.80 മീറ്റർ ആയിരുന്നു ജലനിരപ്പ്. ഇന്ന് 2.40 മീറ്ററായി കുറഞ്ഞിട്ടുണ്ട്
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് റെഗുലേറ്ററിന്റെ 23 ഷട്ടറുകൾ ഉയർത്തിയിരുന്നു. ഇതിനെ തുടർന്ന് വെള്ളം കാണാൻ റെഗുലേറ്ററിന്റെ പാലത്തിൽ സന്ദർശകരുടെ നിലക്കാത്ത പ്രവാഹമായിരുന്നു.
വൈകുന്നേരങ്ങളിൽ തൃത്താല വെള്ളിയാങ്കല്ല് പൈതൃക പാർക്ക് പരിസരത്തും പാലത്തിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ട നിരയാണ് കാണപ്പെടുന്നത്
അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചെങ്കിലും വെള്ളിയാങ്കല്ലിൽ എത്തുന്ന സന്ദർശകരുടെ തിരക്കിന് യാതൊരു കുറവുമില്ല. വൈകുന്നേരങ്ങളിൽ കടുത്ത ജനത്തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.
റോഡരികിലെ അശ്രദ്ധമായ വാഹന പാർക്കിംഗും വഴിയോരക്കച്ചവടങ്ങൾക്ക് മുന്നിലെ ആൾത്തിരക്കുമാണ് ഈ സമയങ്ങളിൽ ഇവിടെ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നത്.
പാലത്തിലൂടെയുള്ള സുഗമമായ വാഹനസഞ്ചാരത്തെ ഇത് ഗുരുതരമായി ബാധിക്കുന്നുണ്ടെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
അടിയന്തരമായി അധികൃതർ ഇടപെട്ട് പാർക്കിംഗ് നിയന്ത്രിക്കാനും വഴിയോരക്കച്ചവടങ്ങൾ ക്രമീകരിക്കാനും നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
