കേരള ഫെസ്റ്റിവൽ കോ ഓർഡിനേഷൻ തൃത്താല മേഖല സമ്മേളനം ഒക്ടോബർ 11 ന്

 


കൂറ്റനാട് :കേരള ഫെസ്റ്റിവൽ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ (കെ.എഫ്.സി.സി.) തൃത്താല മേഖല കമ്മിറ്റിയുടെ രണ്ടാം മേഖലാ സമ്മേളനം ഒക്ടോബർ 11ന് ഞായറാഴ്ച രാവിലെ 9.30ന് കൂറ്റനാട് വ്യാപാരഭവൻ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ കൂറ്റനാട് നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു

തൃത്താല എം.എൽ.എ. വി.ടി. ബൽറാം സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.എഫ്.സി.സി. സംസ്ഥാന ജനറൽ സെക്രട്ടറി വത്സൻ ചമ്പക്കര മുഖ്യപ്രഭാഷണം നടത്തും.

കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിലുടനീളം, പ്രത്യേകിച്ച് തൃത്താല മേഖലയിലായി 150ഓളം ഉത്സവങ്ങൾ കുറ്റമറ്റ രീതിയിൽ നടത്താൻ സംഘടനയ്ക്ക് സാധിച്ചതായും , പരിചയസമ്പന്നരായ എലിഫന്റ് റെസ്‌ക്യൂ ടീം അംഗങ്ങളുടെ സാന്നിധ്യം ഉത്സവങ്ങളുടെ സുരക്ഷിത നടത്തിപ്പിന് വലിയ പിന്തുണയായെന്നും ഭാരവാഹികൾ പറഞ്ഞു.

കഴിഞ്ഞ ഉത്സവ സീസണിൽ നടന്ന ആദ്യ മേഖലാ സമ്മേളനത്തിൽ 15 അംഗ എലിഫന്റ് റെസ്‌ക്യൂ ഫോഴ്‌സിന് രൂപം നൽകിയിരുന്നു. ഉത്സവ സീസണിന്റെ തുടക്കത്തിൽ തന്നെ എല്ലാ ബാധ്യതകളും തീർത്ത് സംഘടനയുടെ നേതൃത്വത്തിൽ ആംബുലൻസും സ്വന്തമാക്കി.

തൃത്താല മേഖലയിലെ ഉത്സവങ്ങൾ ആചാരാനുഷ്ഠാനങ്ങൾക്കും നിയമവ്യവസ്ഥകൾക്കും അനുസൃതമായി സുരക്ഷിതമായി നടത്തുന്നതിനും ഉത്സവപ്പറമ്പുകളിലെ കച്ചവടക്കാർ, ആനത്തൊഴിലാളികൾ, കലാകാരന്മാർ തുടങ്ങിയവരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിനും സംഘടന തുടർന്നും പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പ്രമുഖ മദ്ദള കലാകാരൻ കവുക്കോട് സുന്ദരൻ നായർ , മാതൃകാ ആന പാപ്പാൻ തൃത്താല രാമചന്ദ്രൻ നായർ എന്നിവരെ സമ്മേളനത്തിൽ ആദരിക്കും.ചടങ്ങിൽ മേഖല പ്രസിഡൻ്റ് ടി.വി. മുകുന്ദൻ മാസ്റ്റർ അധ്യക്ഷത വഹിക്കും.

തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ആർ. കുഞ്ഞുണ്ണി , ബ്ലോക്ക് പഞ്ചായത്ത് അംഗം ബാവ മാളിയേക്കൽ , പൂമുള്ളി മന പി.എം. നാരായണൻ നമ്പൂതിരി, കെ.എഫ്.സി.സി. സംസ്ഥാന വർക്കിങ് പ്രസിഡന്റ് അഡ്വ രാജേഷ് പല്ലാട്ട് , ആന ചികിത്സാ വിദഗ്ധൻ ഡോ പി . രാജീവ് , പാലക്കാട് ജില്ലാ സെക്രട്ടറി ബാലഗോപലൻ , ആനപ്രേമി സംഘം പാലക്കാട് ജില്ലാ പ്രസിഡന്റ് ഹരിദാസൻ മച്ചിങ്ങൽ എന്നിവർ പങ്കെടുക്കും

മേഖലയിലെ മുഴുവൻ ആരാധനാലയങ്ങളുടെയും ഭാരവാഹികൾ, ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികൾ, കലാകാരന്മാർ, ഉത്സവപ്രേമികൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു

വാർത്താസമ്മേളനത്തിൽ മേഖല ഭാരവാഹികളായ ഉണ്ണിക്കുട്ടൻ കരിക്കാട് , ടി.വി. മുകുന്ദൻ മാസ്റ്റർ , അഡ്വ എ . എ വിദ്യാധരൻ, കെ എസ് കെ തങ്ങൾ , എം എ ശ്രീനിവാസൻ , ജയൻ കൂറ്റനാട് എന്നിവർ പങ്കെടുത്തു



Below Post Ad